അജൈവമാലിന്യ മാനേജ്‌മെന്റില്‍ മാതൃക കാട്ടി നടവയലിലെ വ്യാപാരികളും സന്നദ്ധപ്രവര്‍ത്തകരും
കല്‍പ്പറ്റ: പ്ലാസ്റ്റിക് മാലിന്യ വിമുക്തമാണ് നടവയല്‍ ഗ്രാമം. അലക്ഷ്യമായി ഉപേക്ഷിച്ച നിലയില്‍ ഒരു പ്ലാസ്റ്റിക് കുപ്പിയോ കൂടോ ഉടഞ്ഞ ബക്കറ്റിന്റേതടക്കം കഷണങ്ങളോ നടവയല്‍ അങ്ങാടിയിലും ചുറ്റുവട്ടത്തുള്ള വീടുകളുടെ പരിസരങ്ങളിലും കാണുക പ്രയാസം.
നാടും വീടും വൃത്തിയായി സൂക്ഷിക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച് നെടുങ്കന്‍ പ്രഭാഷണങ്ങള്‍ നടത്തുകയും പ്രസ്താവനകള്‍ ഇറക്കുകയും ചെയ്യുന്നവര്‍ ജീവിക്കുന്ന പ്രദേശങ്ങളെ അജൈവ മാലിന്യങ്ങള്‍ വിഴുങ്ങുകയാണ്.
ഇതിനിടെയാണ് കര്‍ഷകരും തൊഴിലാളികളും ആദിവാസികളും ചെറുകിട വ്യാപാരികളും ഉള്‍പ്പടെ സാധാരണക്കാര്‍ വസിക്കുന്ന നടവയല്‍ ഗ്രാമത്തിന്റെ വേറിട്ടുള്ള നില്‍പ്. ഇതിനു നന്ദിപറയേണ്ടത് നടവയലിലെ വ്യാപാരി സമൂഹത്തോടും സന്നദ്ധ പ്രവര്‍ത്തകരോടും. മാനന്തവാടി ഹില്‍ ബ്ലൂംസ് സ്‌കൂള്‍ മാനേജരുമായ ജോര്‍ജ് ജോസഫ്, ഒയിസ്‌ക നടവയല്‍ ചാപ്റ്റര്‍ പ്രസിഡന്റ് ഷാജു പി ജയിംസ്, സെക്രട്ടറി സജി ജോര്‍ജ്, വ്യാപാരി വ്യവസായി ഏകോപന സമിതി യൂണിറ്റ് പ്രസിഡന്റ് പീറ്റര്‍ ജോര്‍ജ് ഞരളക്കാട്ട്, സെക്രട്ടറി വി.ജെ തങ്കച്ചന്‍ തുടങ്ങിയവരാണ് നടവയലിനെ അജൈവമാലിന്യമുക്തമായി പരിപാലിക്കുന്നവരുടെ മുന്‍നിരയില്‍.
ഇവരുമായി രാഷ്ട്രീയ പാര്‍ട്ടികളുടെ പ്രാദേശിക നേതാക്കളും തോളുരുമ്മുന്നു.
അങ്ങാടിയില്‍നിന്നു ശനിയാഴ്ചകളിലും വീടുകളില്‍നിന്നു നേരിട്ടോ ഫോണ്‍ചെയ്‌തോ അറിയിക്കുന്ന മുറക്കും ശേഖരിക്കുന്ന പ്ലാസ്റ്റിക് മാലിന്യം സംസ്‌കരണത്തിനും പുനരുല്‍പാദനത്തിനുമായി ഓള്‍ കേരള പ്ലാസ്റ്റിക് മാനുഫാക്ചററേഴ്‌സ് അസോസിയേഷനെയാണ്(എ.കെ.പി.എം.എ)ഏല്‍പ്പിക്കുന്നത്. കഴിഞ്ഞ വര്‍ഷം പല തവണകളായി മൂന്ന് ലോഡ്(10 ടണ്‍) പ്ലാസ്റ്റിക് മാലിന്യമാണ് എ.കെ.പി.എം.എ നടവയലില്‍നിന്നു കൊണ്ടുപോയത്.
അങ്ങാടിയെയും ഗ്രാമത്തെയും പ്ലാസ്റ്റിക് മാലിന്യ മുക്തമാക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് ഏഴ് വര്‍ഷം മുമ്പായിരുന്നു ആരംഭം.
ഹില്‍ ബ്ലൂംസ് സ്‌കൂളില്‍ വിജയകരമായി നടപ്പിലാക്കിയ പ്ലാസ്റ്റിക് ശേഖരണ പദ്ധതിയില്‍നിന്നു ആവേശം ഉള്‍ക്കൊണ്ട് ജോര്‍ജ് ജോസഫും പിറ്റര്‍ ജോര്‍ജും ചാക്കുമായി നടന്ന് ടൗണിലും സമീപങ്ങളിലും കണ്ണില്‍പ്പെടുന്ന പ്ലാസ്റ്റിക് മാലിന്യം പെറുക്കുകയും എ.കെ.പി.എം.എക്ക് നല്‍കുകയുമായിരുന്നു. സമരപ്രയാണത്തില്‍ ജോര്‍ജിനും പീറ്ററിനും പിന്നില്‍ വ്യാപാരികളും രാഷ്ട്രീയ-സന്നദ്ധ പ്രവര്‍ത്തകരും അണിനിരന്നു. ഇതോടെ അജൈവ മാലിന്യ ശേഖരണം ജനകീയ മുന്നേറ്റമായും പരിണമിച്ചു.
നടവയല്‍ ഗ്രാമത്തിലെ ആയിരത്തോളം വീടുകളില്‍നിന്നാണ് പ്ലാസ്റ്റിക് മാലിന്യം ശേഖരിക്കുന്നതെന്ന് ജോര്‍ജ് ജോസഫും സജി ജോര്‍ജും പറഞ്ഞു. പ്ലാസ്റ്റിക് മാലിന്യം നിക്ഷേപിക്കുന്നതിനായി ഗ്രാമത്തിലെ മുഴുവന്‍ വീടുകളിലും ചാക്ക് ലഭ്യമാക്കിയിട്ടുണ്ട്.
ചാക്ക് നിറയുന്ന മുറയ്ക്കാണ് മാലിന്യശേഖരണം. അജൈവ മാലന്യങ്ങള്‍ വാങ്ങിവയ്ക്കുന്നതിനു പീറ്റര്‍ ജോര്‍ജ് കടയോടു ചേര്‍ന്നും സൗകര്യം ഒരുക്കിയിട്ടുണ്ട്. വീടുകളില്‍നിന്നു പ്ലാസ്റ്റിക് മാലിന്യം ശേഖരിക്കുന്നതിനു മാസം വാഹനക്കൂലിയടക്കം ഏകദേശം 3000 രൂപയാണ് ചെലവ്. വ്യാപാരികളും സന്നദ്ധപ്രവര്‍ത്തകരും സ്വന്തം നിലക്കാണ് ഇത് വഹിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."