രണ്ട് ഹജ്ജ് എംബാര്‍ക്കേഷന്‍ കരിപ്പൂരിന് തിരിച്ചടിയാകുമെന്ന് ആശങ്ക
കൊണ്ടോട്ടി: കേരളത്തില്‍ ഈ വര്‍ഷം മുതല്‍ രണ്ട് ഹജ്ജ് എംബാര്‍ക്കേഷന്‍ പോയിന്റ് സ്ഥാപിക്കാനുളള നടപടി കരിപ്പൂരിന് തിരിച്ചടിയാവുമെന്ന് ആശങ്ക. ഈ വര്‍ഷം മുതല്‍ ഹജ്ജിന് അപേക്ഷിക്കുന്നവര്‍ക്ക് യാത്രക്കായി കരിപ്പൂര്‍ വിമാനത്താവളമോ നെടുമ്പാശ്ശേരിയോ തെരഞ്ഞെടുക്കാനാണ് അവസരമുള്ളത്.
ഹജ്ജ് എംബാര്‍ക്കേഷന്‍ രണ്ടാക്കുന്നതോടെ വിമാന നിരക്കില്‍ വ്യത്യാസങ്ങളുണ്ടാവാനാണ് സാധ്യത. വിമാന കമ്പനികളില്‍നിന്ന് ഹജ്ജ് ടെന്‍ഡര്‍ ക്ഷണിക്കുമ്പോള്‍ രണ്ടിടങ്ങളിലും വ്യത്യസ്ത ടിക്കറ്റ് നിരക്കായിരിക്കും വിമാന കമ്പനികള്‍ നല്‍കുക. കുറഞ്ഞ നിരക്ക് നല്‍കുന്നവര്‍ക്കാണ് സര്‍വീസിന് അനുമതി നല്‍കാറുള്ളത്. രണ്ട് വിമാനത്താവളങ്ങളിലും വ്യത്യസ്ത വിമാന നിരക്കുകളാണുള്ളത്. ഇത് കരിപ്പൂരിന് തിരിച്ചടിയാകുമെന്ന ആശങ്കയാണുള്ളത്. രണ്ടിടങ്ങളില്‍ നിന്നും ഒരേ വിമാന കമ്പനികള്‍ ക്വട്ടേഷന്‍ നല്‍കണമെന്നില്ല. ഒരേ നിരക്കില്‍ യാത്രക്ക് തയാറായി വിമാനക്കമ്പനികള്‍ എത്തിയാല്‍ രണ്ടിടങ്ങളിലും ഹജ്ജ് ക്യാംപ് നടത്തേണ്ട സാഹചര്യവും സംസ്ഥാന ഹജ്ജ് കമ്മറ്റിക്കുണ്ടാവും.
ഹജ്ജ് അപേക്ഷകരില്‍ വര്‍ഷങ്ങളായി 84 ശതമാനം ആളുകളും മലബാറില്‍ നിന്നുള്ളവരാണ്. അതിനാലാണ് കരിപ്പൂര്‍ കേരളത്തിന്റെ ഹജ്ജ് എംബാര്‍ക്കേഷന്‍ പോയിന്റായി നേരത്തെ പ്രഖ്യാപിച്ചത്. പിന്നീട് റണ്‍വേ റീ-കാര്‍പ്പറ്റിങിനെ തുടര്‍ന്ന് 2015-ല്‍ വലിയ വിമാനങ്ങള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തിയതോടെ മൂന്ന് വര്‍ഷമായി കരിപ്പൂരിലെ ഹജ്ജ് സര്‍വീസുകള്‍ നെടുമ്പാശ്ശേരിയിലേക്ക് മാറ്റുകയായിരുന്നു. കരിപ്പൂരില്‍ നിന്ന് വലിയവിമാനങ്ങള്‍ക്ക് സര്‍വീസിന് അനുമതിയായതോടെയാണ് ഹജ്ജ് എംബാര്‍ക്കേഷന്‍ ഈ വര്‍ഷം പുനഃസ്ഥാപിച്ചത്. എന്നാല്‍, കരിപ്പൂരിനൊപ്പം നെടുമ്പാശ്ശേരിയേയും പരിഗണിച്ചതാണ് ആശങ്കക്കിടയാക്കുന്നത്.
ഹജ്ജ് പോളിസിയില്‍ എംബാര്‍ക്കേഷന്‍ പോയിന്റുകള്‍ കുറക്കാനാണ് കഴിഞ്ഞ വര്‍ഷം കേന്ദ്രഹജ്ജ് കമ്മിറ്റി തീരുമാനിച്ചിരുന്നത്. എന്നാല്‍, കേരളം പോലുളള ചെറിയ സംസ്ഥാനത്തടക്കം രണ്ട് ഹജ്ജ് എംബാര്‍ക്കേഷന്‍ പോയിന്റ് സ്ഥാപിച്ചത് സ്വകാര്യമേഖലയിലെ വിമാനത്താവളത്തെ സഹായിക്കാനാണെന്ന് ആക്ഷേപം ഉയര്‍ന്നിട്ടുണ്ട്. ഇന്ത്യയില്‍ ദൂരപരിധി നോക്കിയാണ് ഒരേ സംസ്ഥാനത്ത് ഒന്നിലധികം ഹജ്ജ് എംബാര്‍ക്കേഷന്‍ പോയിന്റുകള്‍ സ്ഥാപിച്ചിട്ടുളളത്. എന്നാല്‍ രണ്ടു ജില്ലകള്‍ക്ക് സമീപത്ത് തന്നെ ഹജ്ജ് എംബാര്‍ക്കേഷന്‍ പോയിന്റുകളാണ് കേരളത്തില്‍ അനുവദിച്ചിട്ടുളളത്. എയര്‍ഇന്ത്യയും സഊദി എയര്‍ലൈന്‍സുമാണ് പ്രധാനമായും കേരളത്തില്‍ ഹജ്ജ് സര്‍വീസ് നടത്താറുളളത്. ഇതില്‍ സഊദി എയര്‍ലൈന്‍സിന് മാത്രമാണ് നിലവില്‍ വലിയ വിമാന സര്‍വീസ് നടത്താന്‍ വ്യോമയാന മന്ത്രാലായം അനുമതി നല്‍കിയത്. കഴിഞ്ഞ വര്‍ഷം 12,000 തീര്‍ത്ഥാടകരില്‍ ആകെ 1300 പേര്‍ മാത്രമാണ് എറണാംകുളം മുതല്‍ തിരുവന്തപുരം വരെയുള്ള ജില്ലകളില്‍ നിന്ന് ഹജ്ജിന് പുറപ്പെട്ടത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."