കടലിന്റെ മക്കളുടെ കുടുംബ രജിസ്റ്റര്‍: നടപടികള്‍ക്ക് തുടക്കമായി
മലപ്പുറം: സംസ്ഥാനത്തെ മത്സ്യത്തൊഴിലാളികളുടെയും അവരുടെ കുടുംബാംഗങ്ങളുടെയും വിവരങ്ങളടങ്ങിയ രജിസ്റ്റര്‍ തയാറാക്കുന്ന പദ്ധതിയുടെ നടപടികള്‍ക്കു തുടക്കമായി. ഇതിന്റെ ചെലവിലേക്ക് 16 ലക്ഷം രൂപ അനുവദിച്ച് ഉത്തരവായി.
അച്ചടി, വിവരശേഖരണത്തിനുള്ള പരിശീലനം, ഡാറ്റ എന്‍ട്രി തുടങ്ങിയവക്കാണ് തുക അനുവദിച്ചത്. സംസ്ഥാനത്തെ കടലോരങ്ങളിലെ എല്ലാ മത്സ്യബന്ധന, അനുബന്ധ തൊഴിലാളികളുടെയും അവരുടെ കുടുംബാംഗങ്ങളുടെയും വിശദവിവരങ്ങള്‍ ഉള്‍പ്പെടുത്തിയായിരിക്കണം രജിസ്റ്റര്‍ തയാറാക്കേണ്ടതെന്ന് തുക അനുവദിച്ചുകൊണ്ട് ഫിഷറീസ് വകുപ്പ് പുറപ്പെടുവിച്ച ഉത്തരവില്‍ പറയുന്നു. ഫിഷ്ഫോക് ഫാമിലി രജിസ്റ്റര്‍ (എഫ്.എഫ്.ആര്) എന്നായിരിക്കും ഇതിന്റെ പേര്. വിവരങ്ങളടങ്ങിയ ഡാറ്റാബേസും തയാറാക്കും.
രജിസ്റ്ററില്‍ മത്സ്യത്തൊഴിലാളികളുടെ ഫോട്ടോയും ഉള്‍പ്പെടുത്തും. വിവരങ്ങള്‍ ലഭ്യമാക്കാനുള്ള മൊബൈല്‍ ആപ്പും വികസിപ്പിച്ചെടുക്കും. ലഭ്യമാകുന്ന വിവരങ്ങള്‍ സംസ്ഥാനതലത്തില്‍ ക്രോഡീകരിക്കും.
കഴിഞ്ഞ മാസം ചേര്‍ന്ന ഫിഷറീസ് വകുപ്പിലെ വര്‍ക്കിങ് ഗ്രൂപ്പിന്റെ ശുപാര്‍ശ പരിശോധിച്ചാണ് തുക അനുവദിച്ചത്.
ഫിഷറീസ് വകുപ്പിന്റെ മേല്‍നോട്ടത്തിലാണ് പദ്ധതി നടപ്പാക്കുന്നത്. പദ്ധതി നടത്തിപ്പിന് അനുവദിച്ചതിലധികം തുക ചെലവുവന്നാല്‍ അതിന്റെ വിശദവിവരങ്ങള്‍ വര്‍ക്കിങ് ഗ്രൂപ്പ് മുന്‍പാകെ സമര്‍പ്പിക്കണമെന്നും ഉത്തരവില്‍ പറയുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."