മേല്‍ത്തട്ടില്‍നിന്ന് അഴിമതി ഇല്ലാതാക്കി; ഇനി താഴേത്തട്ടിലേക്ക്: മുഖ്യമന്ത്രി
കോഴിക്കോട്: മേല്‍ത്തട്ടില്‍നിന്ന് അഴിമതി ഇല്ലാതാക്കിയതായി മുഖ്യമന്ത്രി പിണറായി വിജയന്‍. എല്‍.ഡി.എഫ് സര്‍ക്കാരിന്റെ ഒന്നാം വാര്‍ഷികാഘോഷ പരിപാടികളുടെ സമാപനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഇനി താഴേത്തട്ടില്‍ അഴിമതി ഇല്ലാതാക്കുകയാണ് സര്‍ക്കാര്‍ ലക്ഷ്യം. അഴിമതിയില്ലാത്ത സംസ്ഥാനമാക്കി കേരളത്തെ മാറ്റുകയാണ് സര്‍ക്കാര്‍ ലക്ഷ്യം. മേല്‍തട്ടില്‍ ഒരു അഴിമതി ആരോപണം പോലും ഇതുവരെ ഉയര്‍ന്നുവന്നിട്ടില്ല. ഇത് എല്‍.ഡി.എഫ് സര്‍ക്കാരിന്റെ ജനങ്ങളോടുള്ള പ്രതിബദ്ധതയും ഒരുവര്‍ഷത്തെ ഭരണനേട്ടവുമാണ് കാണിക്കുന്നത്. എന്നാല്‍, അഴിമതി മേല്‍ത്തട്ടില്‍നിന്ന് മാത്രം മാറ്റിയാല്‍ പോര. സര്‍ക്കാര്‍ സര്‍വിസിലുള്ള ഭൂരിപക്ഷം പേരും അര്‍പ്പണ മനോഭാവമുള്ളവരാണ്. എന്നാല്‍, ചിലര്‍ വഴിതെറ്റിയിട്ടുണ്ട്. ഇവര്‍ക്കെതിരേ കര്‍ശന നടപടിയെടുക്കും. പൊതുജനങ്ങളുടെ പരാതികള്‍ തള്ളിക്കളയുന്ന സര്‍ക്കാരല്ലിത്.
ചിലയിടങ്ങളില്‍ ഫയല്‍ നീക്കങ്ങളില്‍ കാലതാമസമുണ്ടാകുന്നുണ്ട്. ഇത് പരിഹരിക്കാന്‍ ഇ ഗവേണിങ് സംവിധാനം നടപ്പാക്കും. ഇത് യാഥാര്‍ഥ്യമാകുന്നതോടെ ഉയര്‍ന്ന ഉദ്യോഗസ്ഥര്‍ക്കും മന്ത്രിമാര്‍ക്കും ഫയല്‍ എവിടെയെത്തിയെന്ന് മനസിലാക്കാനാകും. കേരളാ സിവില്‍ സര്‍വിസ് രൂപീകരണത്തില്‍നിന്ന് സര്‍ക്കാര്‍ പിന്നോട്ടുപോകില്ല. വനിതാ വകുപ്പ് രൂപീകരിക്കുന്നതിനുള്ള നടപടികള്‍ പൂര്‍ത്തിയായി. അര്‍ഹതപ്പെട്ടവര്‍ക്ക് രണ്ടു വര്‍ഷത്തിനുള്ളില്‍ പട്ടയം നല്‍കും. ഇതിനുള്ള നടപടികള്‍ സ്വീകരിച്ചുവരികയാണ്.
കാലാനുസൃതമായ വികസനം എല്ലാ മേഖലയിലും ഉണ്ടാക്കുകയാണ് സര്‍ക്കാര്‍ ലക്ഷ്യം. അധഃസ്ഥിത, ആദിവാസി, പട്ടികജാതി മേഖലകളില്‍ ഒട്ടേറെ പണം ചെലവഴിച്ചിട്ടും കാലാനുസൃതമായ വികസനം നേടാന്‍ കഴിഞ്ഞിട്ടില്ല. ഒരുവിഭാഗം ആളുകള്‍ ഇപ്പോഴും ദുരിതപര്‍വത്തില്‍ കഴിയേണ്ടിവരുന്നത് സര്‍ക്കാരിന് അഭിമാനമല്ല. മലയാളിയുടെ ഭക്ഷണ, വസ്ത്ര രീതിയില്‍ വര്‍ഗീയ ചുവയോടെയുള്ള ഇടപെടല്‍ അനുവദിക്കില്ല. ഇഷ്ടപ്പെട്ട ഭക്ഷണം കഴിക്കാനും വസ്ത്രം ധരിക്കാനുമുള്ള അവകാശം സംരക്ഷിക്കുമെന്നും അദ്ദേഹം പറഞ്ഞു.
റവന്യൂ മന്ത്രി ഇ. ചന്ദ്രശേഖരന്‍ അധ്യക്ഷനായി. ജലവിഭവ മന്ത്രി മാത്യു ടി. തോമസ്, സഹകരണ മന്ത്രി കടകംപള്ളി സുരേന്ദ്രന്‍, എക്‌സൈസ് മന്ത്രി ടി.പി രാമകൃഷണന്‍, മേയര്‍ തോട്ടത്തില്‍ രവീന്ദ്രന്‍, എം.എല്‍.എമാരായ എ. പ്രദീപ് കുമാര്‍, സി.കെ ശശീന്ദ്രന്‍, വി.കെ.സി മമ്മദ് കോയ, ഇ.കെ വിജയന്‍, പുരുഷന്‍ കടലുണ്ടി, പി.ടി.എ റഹിം, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബാബു പറശ്ശേരി, കലക്ടര്‍ യു.വി ജോസ് സംബന്ധിച്ചു. ചടങ്ങില്‍ പത്മശ്രീ ഗുരു ചേമഞ്ചേരി, പത്മശ്രീ മീനാക്ഷി ഗുരുക്കള്‍, ശ്രേയാ ജയദീപ് എന്നിവരെ മുഖ്യമന്ത്രി ആദരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."