ഇടുക്കി മെഡിക്കല്‍ കോളജ്; അക്കാദമിക് ബ്ലോക്ക് നവംബര്‍ 15നകം പൂര്‍ത്തിയാക്കും
തൊടുപുഴ: മെഡിക്കല്‍ കോളജ് അക്കാദമിക് ബ്ലോക്കിന്റെ നിര്‍മാണപ്രവര്‍ത്തനങ്ങള്‍ നവംബര്‍ 15നകം പൂര്‍ത്തിയാക്കാന്‍ ജില്ലാ കലക്ടര്‍ ജീവന് ബാബു കെ അധ്യക്ഷനായി കലക്്ടറേറ്റില്‍ ചേര്‍ന്ന യോഗം തീരുമാനിച്ചു.
നിലവില്‍ 90 ശതമാനത്തോളം പൂര്‍ത്തിയായ അക്കാദമിക് ബ്ലോക്കിന്റെ ശേഷിക്കുന്ന നിര്‍മാണങ്ങളും ഇന്റീരിയര്‍ ജോലികളും ഒരുമാസത്തിനകം പൂര്‍ത്തീകരിച്ച് സജ്ജമാക്കാന്‍ നിര്‍മാണ ഏജന്‍സിയായ കിറ്റ്കോയ്ക്ക് യോഗം നിര്‍ദേശം നല്കി. ഈ ബ്ലോക്കിലേക്കുള്ള ഫര്‍ണിച്ചര്‍ വാങ്ങാന്‍ ഭരണാനുമതി വാങ്ങി പ്രത്യേകമായി ടെണ്ടര്‍ ചെയ്യുന്നതിന് അടിയന്തര നടപടികള്‍ സ്വീകരിക്കാനും യോഗം നിര്‍ദേശം നല്കി.
ആശുപത്രി ബ്ലോക്കിന്റെ നിര്‍മാണം ഡിസംബര്‍ 15നകം പൂര്‍ത്തീകരിക്കുന്ന വിധം പ്രവൃത്തികള്‍ ക്രമീകരിക്കാനും യോഗം തീരുമാനിച്ചു. അടുത്ത അവലോകനയോഗം ഈ മാസം 30ന് ചേരും.
യോഗത്തില്‍ അഡ്വ. ജോയ്സ് ജോര്‍ജ് എം.പി, ജില്ലാ കലക്ടര്‍ കെ. ജീവന്‍ബാബു, ആരോഗ്യവകുപ്പ് മന്ത്രിയുടെ സ്പെഷല്‍ പ്രൈവറ്റ് സെക്രട്ടറി ഡോ. കെ ഗോപകുമാര്‍, പ്രിന്‍സിപ്പല്‍ ഡോ. പി. പി മോഹനന്, ഡി.എം.ഒ ഡോ. എന്‍. പ്രിയ, ഡോ. സുജിത് സുകുമാരന്‍, ഷാലിമാര്‍ എം.എസ്, സുഷകുമാരി പി.എസ് (കിറ്റ്കോ), ബ്ലോക്ക് പഞ്ചായത്ത് അംഗം വി.എ ജോര്‍ജ്, തഹസില്‍ദാര്‍ എസ്. ശ്രീജിത്, ബില്‍ഡിങ് വിഭാഗം അസി.എന്‍ജിനീയര്‍ പ്രസാദ് സി.കെ, ഐ.ടി.ഡി.പി എ.പി ഒ അനില്‍ ഭാസ്കര്‍, കെ.കെ ചന്ദ്രദാസ്, എം കെ റഷീദ് പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."