കശ്മീര്‍: സ്‌കൂളുകള്‍ തുറന്നിട്ടും കുട്ടികളെത്തിയില്ല, തുറക്കുമെന്നു പ്രഖ്യാപിച്ചത് 190 സ്‌കൂളുകള്‍, തുറന്നത് 95 മാത്രം
ശ്രീനഗര്‍: ജമ്മു കശ്മീര്‍ സാധാരണ നിലയിലാണെന്ന് സര്‍ക്കാരും അധികൃതരും വാദിക്കുമ്പോഴും ഭീതിയും അശാന്തതയും തളംകെട്ടി നില്‍ക്കുന്നുവെന്നാണ് അവിടെ നിന്ന് വരുന്ന റിപ്പോര്‍ട്ടുകള്‍. തിങ്കളാഴ്ച 190 സ്‌കൂളുകള്‍ തുറക്കുമെന്ന് പ്രഖ്യാപിച്ചെങ്കിലും 95 സ്‌കൂളുകള്‍ മാത്രമാണ് തുറക്കാനായത്. ഇതില്‍പ്പോലും അധികം കുട്ടികളും എത്തിയില്ല.
മരുഭൂമി കണക്കെ വിജനമാണ് സ്‌കൂളുകളെന്നാണ് ഇന്ത്യന്‍ ടുഡേ റിപ്പോര്‍ട്ട് ചെയ്യുന്നത്.
ജമ്മു കശ്മീരിന് പ്രത്യേക അധികാരം നല്‍കിയിരുന്ന ഭരണഘടനയിലെ 370-ാം വകുപ്പ് റദ്ദാക്കുന്നതിന്റെ മുന്നോടിയായാണ് സ്‌കൂളുകള്‍ അടച്ചിട്ടത്. ഇതേത്തുടര്‍ന്ന് ഭീതിയിലായ താഴ്‌വര ഇപ്പോഴും വിജനമാണ്. നഗരങ്ങളിലും റോഡുകളിലും ബാരിക്കേഡുകളും പൊലിസ് കമ്പികളും നിരത്തിയിട്ടുണ്ട്. കനത്ത പരിശോധനയ്ക്ക് ശേഷം മാത്രമാണ് ആളുകളെ കടത്തിവിടുന്നത്.
അതേസമയം, ചില സ്ഥലങ്ങളില്‍ 2ജി ഇന്റര്‍നെറ്റ് ബന്ധം പുന:സ്ഥാപിച്ചു. അഞ്ചു ജില്ലകളില്‍ കഴിഞ്ഞദിവസം തന്നെ ഇതു പുന:സ്ഥാപിച്ചിരുന്നുവെങ്കിലും ക്രമസമാധാന പ്രശ്‌നം ചൂണ്ടിക്കാട്ടി വീണ്ടും നിര്‍ത്തലാക്കിയിരുന്നു. അതിനു പിന്നാലെയാണ് ചില സ്ഥലങ്ങളില്‍ ഇന്ന് ഇന്റര്‍നെറ്റ് സേവനം പുന:സ്ഥാപിച്ചത്. 3ജി, 4ജി സേവനം പരിശോധനയ്ക്ക് ശേഷം മാത്രമേ ഉണ്ടാവൂയെന്ന് അധികൃതര്‍ അറിയിച്ചു.
ഹജ്ജ്: ആദ്യ സംഘം മടങ്ങിയെത്തി
ജമ്മു കശ്മീരില്‍ നിന്ന് ഹജ്ജ് തീര്‍ഥാടനത്തിനു പോയ ആദ്യ സംഘം തിരിച്ചെത്തി. 304 പേരടങ്ങുന്ന സംഘമാണ് ശ്രീനഗര്‍ വിമാനത്താവളത്തില്‍ എത്തിയത്. ഇവരെ ഗവര്‍ണറുടെ ഉപദേഷ്ടാവ് ഫാറൂഖ് ഖാന്റെ നേതൃത്വത്തില്‍ സ്വീകരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."