കനത്തമഴയില്‍ ഒറ്റപ്പാലത്ത് വന്‍ നാശനഷ്ടം
ഒറ്റപ്പാലം: ഇന്നലെ പെയ്ത കനത്ത മഴയില്‍ ഒറ്റപ്പാലത്ത് നാശനഷ്ടം. മരങ്ങള്‍ പൊട്ടിവീണും, വൈദ്യുതി പോസ്റ്റുകള്‍ മറിഞ്ഞുമാണ് നാശനഷ്ടങ്ങളുണ്ടായത്. പത്തൊമ്പതാം മൈലില്‍ മരക്കൊമ്പ് പൊട്ടിവീണ് ഓട്ടോറിക്ഷ ഭാഗികമായി തകര്‍ന്നു. 19 മൈലിനു സമീപം രണ്ട് വൈദ്യുതി പോസ്റ്റുകളും നിലംപൊത്തി. പാലപ്പുറത്ത് മാരിയമ്മന്‍ കോവിലിന് സമീപം വീട്ടില്‍ ഇടിമിന്നലേറ്റ് തീ പിടിച്ചു ടിവി തകര്‍ന്നു.തെരുവില്‍ വീട്ടില്‍ രഞ്ജിത്തിന്റെ വീട്ടിലാണ് തീപിടിച്ചത്. ചൊവ്വാഴ്ച മൂന്നരയോടെയാണ് സംഭവം.
ടിവിയില്‍ നിന്ന് അലമാരയിലേക്ക് തീപടര്‍ന്നതിനെ തുടര്‍ന്ന് വിവിധ രേഖകളും നശിച്ചതായി വീട്ടുകാര്‍ പറഞ്ഞു.
നാട്ടുകാരാണ് കത്തിപ്പടര്‍ന്ന തീയണച്ചത്. കണ്ണിയംപുറത്തും ഇടിമിന്നലില്‍ വീടുകളിലെ ഇലക്ട്രോണിക് ഉപകരണങ്ങള്‍ക്ക് കേടുപാടുകള്‍ സംഭവിച്ചിട്ടുള്ളതായി നാട്ടുകാര്‍ പറഞ്ഞു. കഴിഞ്ഞദിവസത്തെ ഇടിമിന്നലില്‍ തീപിടിച്ച് പുളിഞ്ചോട്ടിലെ ഒരു വീടിനും കേടുപാടുകള്‍ സംഭവിച്ചിരുന്നു.
ചൊവ്വാഴ്ച ഉച്ചയ്ക്കുശേഷം പെയ്ത കനത്ത മഴയില്‍ ടൗണിലെ നിരവധി കച്ചവട സ്ഥാപനങ്ങളില്‍ വെള്ളംകയറിയ നിലയിലാണ്. മാര്‍ക്കറ്റ് കോംപ്ലക്‌സ് ഉള്‍പ്പെടെ ഒറ്റപ്പാലത്തെ റോഡുകളിലെല്ലാം വെള്ളക്കെട്ടുകളുയര്‍ന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."