ഭണ്ഡാരങ്ങള്‍ കുത്തിത്തുറന്ന് കവര്‍ച്ച: പ്രതി അറസ്റ്റില്‍
വടകര: ക്ഷേത്രഭണ്ഡാരങ്ങളും പള്ളികളിലെ നേര്‍ച്ചപ്പെട്ടികളും തകര്‍ത്ത് പണം മോഷ്ടിക്കുന്നയാള്‍ പിടിയില്‍. വടകരയിലെയും പേരാമ്പ്രയിലേയും എട്ടോളം ക്ഷേത്ര-പള്ളി ഭണ്ഡാരങ്ങള്‍ കുത്തിത്തുറന്ന് പണം കവര്‍ന്ന തിരുവള്ളൂര്‍ വെള്ളൂക്കര മേലംകണ്ടി മീത്തല്‍ അബ്ദുല്ലയെ (26) ആണ് വടകര പുതിയ ബസ് സ്റ്റാന്‍ഡില്‍വച്ച് സി.ഐ ടി. മധുസൂദനന്‍ നായരുടെ നേതൃത്വത്തിലുള്ള സ്‌ക്വാഡ് അംഗങ്ങള്‍ അറസ്റ്റ് ചെയ്തത്.
തിരുവള്ളൂര്‍ ബാവുപ്പാറ ശിവക്ഷേത്രം, വടകര പരവന്തല ശിവക്ഷേത്രം, വില്ല്യാപ്പള്ളി പറമ്പില്‍ പള്ളി, ആറങ്ങോട്ട് പള്ളി, നടുക്കണ്ടി കുട്ടിച്ചാത്തന്‍ ക്ഷേത്രം, വില്യാപ്പള്ളി തിരുമന ക്ഷേത്രം, പേരാമ്പ്ര ഈശ്വരന്‍കണ്ടി ക്ഷേത്രം എന്നിവിടങ്ങളിലെ ഭണ്ഡാരങ്ങള്‍ കുത്തിത്തുറന്ന് മോഷ്ടിച്ചത് ഇയാളാണെന്നു പൊലിസ് പറഞ്ഞു.
ഒരു മാസം മുന്‍പ് തിരുവള്ളൂര്‍ ബാവുപ്പാറ ക്ഷേത്രത്തില്‍നിന്ന് ഏഴു ഭണ്ഡാരം കുത്തിത്തുറന്ന് പണം കവര്‍ന്നിരുന്നു. വടകര പരവന്തല ക്ഷേത്രത്തില്‍ പണം കവര്‍ന്ന ശേഷം പോകുമ്പോള്‍ സി.സി.ടി.വിയില്‍ പതിഞ്ഞിരുന്നു. വാടകക്കെടുത്ത ബൈക്കിലായിരുന്നു വന്നത്. തുടര്‍ന്നാണ് അബ്ദുല്ലയിലേക്ക് അന്വേഷണം വന്നത്.
വടകര ജുഡിഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയില്‍ ഹാജരാക്കിയ പ്രതിയെ 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു. മറ്റു ജില്ലകളില്‍ ഇത്തരം കവര്‍ച്ചകള്‍ നടത്തിയിട്ടുണ്ടോ എന്നറിയാന്‍ ഇയാളെ കസ്റ്റഡിയില്‍ വാങ്ങിയ ശേഷം അന്വേഷിക്കുമെന്ന് പൊലിസ് പറഞ്ഞു.
അന്വേഷണ സംഘത്തില്‍ ക്രൈം സ്‌ക്വാഡ് അംഗങ്ങളായ എ.എസ്.ഐ മാരായ സി.എച്ച് ഗംഗാധരന്‍, കെ.പി രാജീവന്‍, സീനിയര്‍ സി.പി.ഒ സി. യൂസഫ്, സി.പി.ഒ വി.വി ഷാജി, ഡ്രൈവര്‍ പ്രദീപന്‍ എന്നിവരാണുണ്ടായിരുന്നത്.
വിദേശത്താണ് ഇയാള്‍, പക്ഷേ... നാട്ടിലാണ് !
രണ്ടു വര്‍ഷത്തോളം അബ്ദുല്ല വിദേശത്താണെന്നാണ് നാട്ടുകാര്‍ വിശ്വസിച്ചിരുന്നത്. അങ്ങനെ വിശ്വസിപ്പിക്കുകയായിരുന്നു ഇയാള്‍. എന്നാല്‍ ഒരു വര്‍ഷം മുന്‍പ് വിദേശത്തുനിന്നെത്തിയ ഇയാള്‍ വീട്ടിലോ, സ്വന്തം പ്രദേശത്തോ പോകാതെ കളവു നടത്തി ലോഡ്ജുകളിലും മറ്റും ഒളിച്ച് സുഖലോലുപനായി കഴിയുകയാണ്. 2016ല്‍ തിരുവള്ളൂരിലെ വീട്ടില്‍ നിന്ന് ലാപ്‌ടോപ്പ് കവര്‍ന്ന കേസില്‍ പ്രതിയായ അബ്ദുല്ല പൊലിസിനെ ഭയന്ന് മുങ്ങിനടക്കുകയായിരുന്നു.
ഈ കേസില്‍ ഇയാളുടെ സുഹൃത്ത് പിടിയിലായിരുന്നു. തുടര്‍ന്നാണ് വിദേശത്തേക്ക് മുങ്ങിയത്. പിന്നീട് ഒരുവര്‍ഷം കഴിഞ്ഞ് നാട്ടിലെത്തി വടകര ടൗണിലെ മുഗള്‍ ലോഡ്ജ്, നാഷനല്‍ ടൂറിസ്റ്റ് ഹോം, കോഴിക്കോട് മലബാര്‍ ലോഡ്ജ് എന്നിവിടങ്ങളില്‍ മാറിത്താമസിച്ച് കവര്‍ച്ച നടത്തുകയായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."