#MeToo ആരോപണം: കേന്ദ്രമന്ത്രി എം.ജെ അക്ബര്‍ രാജിവച്ചു
ന്യൂഡല്‍ഹി: മുന്‍ സഹപ്രവര്‍ത്തകരില്‍ നിന്നും ലൈംഗിക ആരോപണവിധേയനായ കേന്ദ്രവിദേശസഹമന്ത്രിയും മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകനുമായ എം.ജെ അക്ബര്‍ രാജിവച്ചു. രാജി പ്രധാനമന്ത്രി നരേന്ദ്രമോദി സ്വീകരിച്ചതായാണ് റിപ്പോര്‍ട്ട്. ആരോപണങ്ങള്‍ ഉയര്‍ന്ന സാഹചര്യത്തില്‍, രാജിവച്ച് നിയമപരമായി നേരിടുകയാണ് നല്ലതെന്നും കോടതി മുമ്പാകെയുള്ള കേസില്‍ തനിക്കു നീതികിട്ടുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. രാജ്യത്തിനു വേണ്ടി സേവനം ചെയ്യാന്‍ അവസരം തന്ന പ്രധാനമന്ത്രിക്കും വിദേശകാര്യമന്ത്രി സുഷമാ സ്വരാജിനും നന്ദിയുണ്ടെന്നും അക്ബര്‍ അറിയിച്ചു.
തൊഴിലിടത്തില്‍ സ്ത്രീകള്‍ക്കു നേരെയുണ്ടായ ലൈംഗിക അതിക്രമങ്ങള്‍ വെളിപ്പെടുത്തുന്ന 'മീ റ്റൂ' (ഞാനും ഇരയായി) കാംപയിനില്‍ കുടുങ്ങിയ അക്ബര്‍ നേരത്തെ തന്നെ പ്രധാനമന്ത്രി രാജിക്കത്ത് നല്‍കിയിരുന്നതായാണ് സൂചന. തനിക്കെതിരേ ലൈംഗികാതിക്രമണം നടത്തിയെന്ന വെളിപ്പെടുത്തല്‍ നടത്തിയ മാധ്യമപ്രവര്‍ത്തകയ്‌ക്കെതിരേ എം.ജെ അക്ബര്‍ നല്‍കിയ ക്രിമിനല്‍ കേസ് ഡല്‍ഹിയിലെ പട്യാലാ ഹൗസ് കോടതി പരിഗണിക്കാനാരിക്കെയാണ് അദ്ദേഹത്തിന്റെ പടിയിറക്കം. കൂടാതെ അക്ബറിനെ പുറത്താക്കണമെന്നാവശ്യപ്പെട്ട് മാധ്യമപ്രവര്‍ത്തകര്‍ രാഷ്ട്രപതിക്കും പ്രധാനമന്ത്രിക്കും കത്തുംനല്‍കുകയുണ്ടായി.
12 വനിതാ മാധ്യമപ്രവര്‍ത്തകരാണ് അക്ബറിനെതിരേ ആരോപണം ഉന്നയിച്ചതെങ്കിലും ആദ്യമായി തുറന്നുപറച്ചില്‍ നടത്തിയ പ്രിയാ രമണിക്കെതിരേ മാത്രമാണ് അദ്ദേഹം കേസ് ഫയല്‍ ചെയ്തത്. നേരത്തെ അക്ബര്‍ ടെലഗ്രാഫില്‍ പത്രാധിപരമായിരിക്കെ കൂടെ ജോലിചെയ്ത മാധ്യമപ്രവര്‍ത്തകയാണ് പ്രിയാ രമണി. ആരോപണങ്ങളെല്ലാം നിഷേധിച്ച അക്ബര്‍, ഓരോ സംഭവങ്ങളും എടുത്തു പറഞ്ഞ് ഇവയെല്ലാം കെട്ടിച്ചമച്ചതാണെന്ന നിലപാടാണ് സ്വീകരിച്ചിരുന്നത്.
അക്ബറിന്റെ രാജിക്കാര്യത്തില്‍ കേന്ദ്രമന്ത്രിസഭയിലും പാര്‍ട്ടിയിലും വ്യത്യസ്ത അഭിപ്രായങ്ങളും ഉടലെടുത്തിരുന്നു. സാമൂഹികമാധ്യമങ്ങളിലൂടെ വര്‍ഷങ്ങള്‍ക്കു മുമ്പ് നടന്ന സംഭവങ്ങളുടെ പേരില്‍ പൊലിസ് കേസെടുക്കുക പോലും ചെയ്യാതെ രാജിവയ്‌ക്കേണ്ടതില്ലെന്നായിരുന്നു ഒരുവിഭാഗത്തിന്റെ നിലപാട്. എന്നാല്‍, കേന്ദ്രമന്ത്രി മനേകാഗാന്ധിയുള്‍പ്പെടെയുള്ളവര്‍ അക്ബര്‍ രാജിവയ്ക്കണമെന്ന നിലപാടും സ്വീകരിച്ചു. ആരോപണവിധേയനായി നരേന്ദ്രമോദി മന്ത്രിസഭയില്‍ നിന്ന് രാജിവയ്ക്കുന്ന ആദ്യ ആളാണ് അക്ബര്‍.
1951ല്‍ ബിഹാറിലെ ഹിന്ദു കുടുംബത്തിലാണ് ജനനം. ചെറുപ്പത്തില്‍ തന്നെ വര്‍ഗീയകലാപത്തില്‍ അച്ചനമ്മമാരെ നഷ്ടമായി. പിന്നീട് കൗമാരകാലത്ത് മുബശ്ശിര്‍ ജാവേദ് അക്ബര്‍ എന്ന പേരുസ്വീകരിച്ച് ഇസ്ലാമിലേക്കു മാറുകയും രാജ്യത്തെ പ്രശസ്ത പത്രപ്രവര്‍ത്തകരില്‍ ഒരാളായി മാറുകയുമായിരുന്നു. കടുത്ത സംഘപരിവാര വിരുദ്ധനായി അറിയപ്പെട്ടിരുന്ന അക്ബര്‍ നേരത്തെ കോണ്‍ഗ്രസ്സിലും പ്രവര്‍ത്തിച്ചിരുന്നു. 2014ല്‍ ബി.ജെ.പിയിലെത്തുകയും ബിഹാറിലെ കിഷന്‍ഗഞ്ചില്‍ നിന്ന് ലോക്‌സഭയിലേക്കു തെരഞ്ഞെടുക്കപ്പെടുകയും ചെയ്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."