ജിദ്ദയില്‍ നിന്നും മക്കയിലെത്താന്‍ പുതിയ എക്സപ്രസ് വേ നിര്‍മിക്കുന്നു
ജിദ്ദ: മക്കയെയും ജിദ്ദയെയും ബന്ധിപ്പിക്കുന്ന പുതിയ ഡയറക്ട് എക്സ്പ്രസ് വേയുടെ നിര്‍മാണ ജോലികള്‍ പുരോഗമിക്കുന്നു. ജിദ്ദ എയര്‍പോര്‍ട്ടില്‍നിന്ന് എളുപ്പത്തില്‍ ഹജ്ജ്, ഉംറ തീര്‍ഥാടകരെ മക്കയിലും തിരിച്ചും എത്തിക്കാന്‍ ലക്ഷ്യമിട്ടാണ് പുതിയ റോഡ് നിര്‍മാണം. നിലവിലുള്ള ജിദ്ദ-മക്ക എക്സ്പ്രസ് വേക്ക് പ്രധാന ബദല്‍ എന്നോണമാണ് പുതിയ റോഡ്.
തീര്‍ഥാടകര്‍ക്ക് സേവനം നല്‍കുന്ന വിവിധ വകുപ്പുകള്‍ സഹകരിച്ചു നടത്തിയ ശാസ്ത്രീയ പഠനത്തിന്റെ അടിസ്ഥാനത്തിലാണ് ഹജ്, ഉംറ തീര്‍ഥാടകരുടെ ബസുകള്‍ ജിദ്ദ എയര്‍പോര്‍ട്ടില്‍നിന്ന് വേഗത്തിലും എളുപ്പത്തിലും മക്കയിലെത്തിക്കുന്നതിന് ലക്ഷ്യമിട്ട് പുതിയ റോഡ് നിര്‍മിക്കുന്നത്. ഇക്കഴിഞ്ഞ ഹജ് സീസണില്‍ ഹജ് തീര്‍ഥാടകരുടെ ബസുകള്‍ ജിദ്ദ എയര്‍പോര്‍ട്ടില്‍ നിന്ന് ബുറൈമാന്‍ റോഡ്, അല്‍നവാരിയ യാര്‍ഡ് ചെക്ക് പോയന്റ് വഴി മക്കയിലേക്ക് ഹജ്, ഉംറ മന്ത്രാലയം തിരിച്ചുവിട്ടിരുന്നു. നേരത്തെ ജിദ്ദമക്ക എക്സ്പ്രസ് വേയാണ് തീര്‍ഥാടകരുടെ ബസുകള്‍ ഉപയോഗിച്ചിരുന്നത്.
പുതിയ ജിദ്ദമക്ക ഡയറക്ട് എക്സ്പ്രസ് വേയുടെ നീളം 72 കിലോമീറ്ററാണ്. ജിദ്ദ കിംഗ് അബ്ദുല്‍ അസീസ് എയര്‍പോര്‍ട്ട് മേല്‍പാലത്തില്‍ നിന്ന് മക്കയിലെ ഫോര്‍ത്ത് റിംഗ് റോഡ് വരെയാണ് പുതിയ റോഡ് നിര്‍മിക്കുന്നത്. ഓരോ ദിശകളിലേക്കും നാലു വീതം എട്ടു ട്രാക്കുകളോടെയാണ് റോഡ് നിര്‍മാണം. ജിദ്ദ എയര്‍പോര്‍ട്ടില്‍നിന്ന് 35 മിനിറ്റിനകം മക്കയിലെത്താന്‍ പുതിയ റോഡ് തീര്‍ഥാടകരെ സഹായിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."