സി.പി.എം മെംബറുടെ വാര്‍ഡില്‍ മുഖ്യമന്ത്രിക്കെതിരേ പ്രമേയം
പടിഞ്ഞാറത്തറ: സി.പി.എം മെംബറുടെ വാര്‍ഡില്‍ മുഖ്യമന്ത്രിക്ക് എതിരെ പ്രമേയം. പടിഞ്ഞാറത്തറ പഞ്ചായത്ത് പുതുശ്ശേരി കടവ് നാലാം വാര്‍ഡ് ഗ്രാമസഭയിലാണ് ഐക്യകണേ്ഠനെ പ്രമേയം പാസാക്കിയത്.
ഈ കഴിഞ്ഞ പ്രളയത്തില്‍ ബാണാസുര ഡാമിന്റെ ഷട്ടറുകള്‍ വേണ്ടത്ര മുന്നൊരുക്കങ്ങളോ മുന്നറിയപ്പോ ഇല്ലാതെ അര്‍ധരാത്രി തുറന്നു വിട്ടത് മൂലം ഡാമിന്റെ താഴ്ഭാഗത്തു താമസിക്കുന്ന നൂറുക്കണക്കിന് കുടുംബങ്ങള്‍ക്ക് വലിയ രീതിയിലുള്ള കൃഷി നാശവും ഈ വാര്‍ഡിലെ 70ഓളം വീടുകളില്‍ വെള്ളം കയറി വീട്ടുപകരണങ്ങളും ജീവിധോപാധികളും വളര്‍ത്തുമൃഗങ്ങളും അടക്കം നഷ്ടപ്പെടുകയും ചെയ്തിരുന്നു. ഡാം അധികൃതരുടെ നിരുത്തരവാദിത്വവും കെടുകാര്യസ്ഥതയും മൂലമാണ് ഈ മനുഷ്യനിര്‍മിത ദുരന്തമുണ്ടായതെന്ന് അന്നുതന്നെ വയനാട് ജില്ലയിലെ എം.എല്‍.എമാരടക്കമുള്ള മുഴുവന്‍ ജനപ്രതിനിധികളും ഉറപ്പിച്ചു പറഞ്ഞിട്ടും ഉദ്യോഗസ്ഥര്‍ തെറ്റിദ്ധരിപ്പിച്ചോ മറ്റോ കേരളത്തിന്റെ മുഖ്യമന്ത്രി പിണറായി വിജയന്‍ ഡാം അധികൃധരുടെ വീഴ്ച മറച്ചുവച്ച് കൊണ്ടാണ് ഈ വിഷയത്തില്‍ പ്രസ്താവന നടത്തിയത്.
ഈ വിഷയം കഴിഞ്ഞ ദിവസം വിവേകോദയം എല്‍.പി സ്‌കൂളില്‍ പഞ്ചായത്ത് പ്രസിഡന്റ് എം.പി നൗഷാദിന്റെ അധ്യക്ഷതയില്‍ കൂടിയ നാലാം വാര്‍ഡ് ഗ്രാമസഭയിലാണ് വിശദമായി ചര്‍ച്ച ചെയ്തത്. തുടര്‍ന്ന് മുഖ്യമന്ത്രിക്കെതിരേ ഗ്രാമസഭ ഒന്നടങ്കം പ്രമേയം പാസാക്കുകയായിരുന്നു. മുന്‍ പഞ്ചായത്തംഗം എന്‍.പി ഷംസുദ്ദീന്‍ അവതാരകനായും പി. അബു അനുവാദകനും ആയി അവതരിപ്പിച്ച പ്രമേയം ഐക്യകണേ്ഠനെ പാസാക്കുകയായിരുന്നു.
ഗ്രാമസഭ യോഗത്തില്‍ മെമ്പര്‍ സിന്ധു പുറത്തൂട്ട് ആമുഖ റിപ്പോര്‍ട്ടിങ്ങും സംശയങ്ങള്‍ക്കു മറുപടിയും നല്‍കി. എ.ഡി.എസ് പ്രസിഡന്റ് രമാ ഗോപി സ്വാഗതവും ഗ്രാമസഭ കോ-ഓര്‍ഡിനേറ്റര്‍ ബിന്ദു ടീച്ചര്‍ നന്ദിയും പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."