ഗ്രീസ് അഭയം നല്‍കില്ല; ഇറാന്‍ കപ്പല്‍ നാട്ടിലേക്കു മടങ്ങിയേക്കും
ഏതന്‍സ്: ജിബ്രാള്‍ട്ടര്‍ കോടതി മോചിപ്പിച്ച ഇറാന്റെ ഭീമന്‍ എണ്ണക്കപ്പല്‍ അഡ്രിയാന്‍ ദാരിയക്ക് ഗ്രീസില്‍ നങ്കൂരമിടാനാവില്ല. കപ്പലിനെ സഹായിക്കുന്നവര്‍ക്കെതിരേ യു.എസ് ഉപരോധമുണ്ടാവുമെന്ന് സ്‌റ്റേറ്റ് സെക്രട്ടറി മൈക്ക് പോംപിയോ മുന്നറിയിപ്പു നല്‍കിയ സാഹചര്യത്തിലാണിത്. ഈ കപ്പലിന് സിറിയയിലേക്ക് എണ്ണ കൊണ്ടുപോകാനുള്ള സൗകര്യം ഗ്രീസ് നല്‍കില്ലെന്ന് ഉപ വിദേശകാര്യ മന്ത്രി മില്‍ട്ടിയാദിസ് വര്‍വിറ്റ്‌സിയോടിസ് പറഞ്ഞു. ഇദ്ദേഹത്തെ പോംപിയോ ഫോണില്‍ ബന്ധപ്പെട്ട് ഭീഷണിപ്പെടുത്തിയതായും റിപ്പോര്‍ട്ടുണ്ട്. ഇറാന്‍ ഗ്രീസുമായി ഇതുവരെ ബന്ധപ്പെട്ടിട്ടില്ലെന്ന് മില്‍ട്ടിയാദിസ് പറഞ്ഞു. 20 ലക്ഷം ബാരല്‍ അസംസ്‌കൃത എണ്ണയുള്ള കപ്പലിനു സൗകര്യമൊരുക്കാനുള്ള സംവിധാനങ്ങള്‍ ഗ്രീക്ക് തുറമുഖങ്ങളിലില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
ഞായറാഴ്ച ജിബ്രാള്‍ട്ടര്‍ തുറമുഖം വിട്ട ഇറാന്‍ കപ്പല്‍ ഗ്രീക്ക് തുറമുഖമായ കലമാറ്റ ലക്ഷ്യമാക്കിയാണ് നീങ്ങുന്നത്. നിലവില്‍ അല്‍ജീരിയന്‍ തുറമുഖമായ ഒറാനിലാണ് കപ്പലുള്ളത്. കപ്പലിനെ പിടിച്ചെടുക്കാന്‍ യു.എസ് നീതിന്യായവിഭാഗം ഉത്തരവിട്ടതിനെ തുടര്‍ന്ന് കപ്പലിന് അകമ്പടിയായി നാവികസേനയെ അയക്കുമെന്ന് ഇറാന്‍ വ്യക്തമാക്കിയിരുന്നു.
നേരത്തെ ഗ്രേസ്-1 എന്ന പേരിലായിരുന്ന കപ്പല്‍ സിറിയയിലേക്ക് യൂറോപ്യന്‍ യൂനിയന്റെ ഉപരോധം ലംഘിച്ച് എണ്ണ കൊണ്ടുപോവുകയാണെന്നാരോപിച്ച് ജൂലൈ നാലിനാണ് ബ്രിട്ടിഷ് നാവികസേനയും ജിബ്രാള്‍ട്ടര്‍ പൊലിസും ചേര്‍ന്ന് പിടികൂടിയത്. സിറിയയിലേക്ക് എണ്ണ കൊണ്ടുപോവുകയില്ലെന്ന് ഇറാന്‍ രേഖാമൂലം ഉറപ്പു നല്‍കിയതോടെയാണ് ജിബ്രാള്‍ട്ടര്‍ കോടതി കപ്പല്‍ വിട്ടയച്ചത്.
ഇറാന്‍ കപ്പലിനെ പിന്തുണയ്ക്കുന്നവരും നങ്കൂരമിടാന്‍ അനുവദിക്കുന്നവരുമെല്ലാം യു.എസ് ഉപരോധം നേരിടേണ്ടിവരുമെന്ന് വ്യക്തമാക്കിയ മൈക്ക് പോംപിയോ കപ്പല്‍ സിറിയയിലേക്ക് പോവുന്നതു തടയാന്‍ സാധ്യമായ എല്ലാ മാര്‍ഗവും സ്വീകരിക്കുമെന്ന് കൂട്ടിച്ചേര്‍ത്തു. അതിനിടെ കപ്പല്‍ സൂയസ് കനാലിലൂടെ ഇറാനിലേക്കു തിരിച്ചുപോവാന്‍ ശ്രമം തുടങ്ങിയതായി കപ്പലുകളെ പിന്തുടരുന്ന ടാങ്കര്‍ ട്രാക്കേഴ്‌സ് ഡോട്ട് കോം ഉടമ സാമിര്‍ മദനി അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."