മലമ്പുഴയില്‍ മണ്ണടിഞ്ഞ കൃഷിയിടങ്ങളില്‍ ശാസ്ത്രീയ പഠനം
പാലക്കാട്: ഭരണപരിഷ്‌ക്കാര കമ്മിഷന്‍ ചെയര്‍മാനും മണ്ഡലം എം.എല്‍.എയുമായ വി.എസ് അച്യുതാനന്ദന്റെ നിര്‍ദേശപ്രകാരം പുതുപരിയാരം-1, മലമ്പുഴ-1, പുതുശേരി ഈസ്റ്റ്, പുതുശേരി സെന്‍ട്രല്‍ വില്ലേജ് പരിധികളില്‍ പ്രളയത്തില്‍ മണ്ണടിഞ്ഞ കൃഷിയിടങ്ങളില്‍ ശാസ്ത്രീയ പഠനം നടത്തി. വില്ലേജ് ഓഫിസര്‍, കൃഷി ഓഫിസര്‍, ജിയോളജിസ്റ്റ് എന്നിവരുടെ നേതൃത്വത്തില്‍ തൊഴിലുറപ്പ് പദ്ധതിയില്‍ ഉള്‍പ്പെടുത്തി നടത്തിയ പഠന റിപ്പോര്‍ട്ടില്‍ കൃഷിനാശം സംഭവിച്ച ആളുടെ പേര്, സര്‍വേ നമ്പര്‍, ഭൂവിസ്തൃതി, അടിഞ്ഞു കൂടിയ മണലിന്റെ അളവ്, മറ്റ് വിവരങ്ങള്‍ അടങ്ങിയിട്ടുണ്ട്. ഗ്രാഫുകളും സ്‌കെച്ചും സഹിതമടങ്ങിയ റിപ്പോര്‍ട്ട് പരിസ്ഥിതി നിയമസഭ സമിതിക്കും ജില്ലാ കലക്ടര്‍ക്കും സമര്‍പ്പിച്ചിട്ടുണ്ട്.
കനത്തമഴയില്‍ തോടുകളിലൂടെയും പുഴകളിലൂടെയും കനാലുകളിലുടെയും ഒഴുകിയെത്തിയ മണ്ണും മണലും കൃഷിയിടങ്ങളിലും തരിശു നിലങ്ങളിലും അടിഞ്ഞുകൂടിയിട്ടുണ്ട്. ഹെക്ടര്‍കണക്കിന് പ്രദേശങ്ങളിലെ നെല്‍കൃഷി, വാഴ, തെങ്ങ്, കവുങ്ങ്, പച്ചക്കറി കൃഷികളാണ് ഇത്തരത്തില്‍ മണ്ണടഞ്ഞതിനെ തുടര്‍ന്ന് നശിച്ചത്. കനത്തമഴയില്‍ വെള്ളം കയറി ഒന്നാം വിള പതിരായി പോയതോടെ രണ്ടാം വിളയിറക്കാന്‍ നിലമൊരുക്കുന്ന ശ്രമത്തിലാണ് കര്‍ഷകര്‍. പലയിടങ്ങളിലും മണ്ണ് അടിഞ്ഞ് പാടം നികന്നുപോയ അവസ്ഥയിലാണ്. കൃഷിയിടങ്ങളില്‍ അടിഞ്ഞുകൂടിയ മണല്‍ നീക്കം ചെയ്യാതെ തുടര്‍ കൃഷി ചെയ്യാനാവാത്ത അവസ്ഥയുണ്ട്. ഉടന്‍ തന്നെ മണ്ണും മണലും നീക്കം ചെയ്ത് കൃഷിക്ക് അനുയോജ്യമാക്കണമെന്ന് കൃഷിക്കാര്‍ ആവശ്യപ്പെട്ടിരുന്നു.
പ്രളയത്തെതുടര്‍ന്ന അടിഞ്ഞുകൂടിയിട്ടുളള ഇത്തരം മണല്‍ശേഖരത്തില്‍ പല ചേരുവകളുണ്ടാകാമെന്നും കൃഷിക്ക് ഉപയോഗപ്രദമായ തരത്തില്‍ വളക്കുറുളള മണ്ണ് നിര്‍മാണപ്രവര്‍ത്തനങ്ങള്‍ക്കുതകുന്ന തരത്തിലും, തികച്ചു അനാരോഗ്യകരമായ പ്ലാസ്റ്റിക്ക് പോലുളള ചേരുവകളുണ്ടാകാം എന്നതിനാലും ഇത്തരം മണ്ണ് സാങ്കേതികമായി വേര്‍തിരിച്ചെടുക്കേണ്ടതുണ്ടെന്നും പരിസ്ഥിതി നിയമസഭാ സമിതി ചെയര്‍മാന്‍ മുല്ലക്കര രത്‌നാകരന്‍ എം.എല്‍.എ നിര്‍ദേശിച്ചിരുന്നു. സര്‍വകലാശാലകള്‍, ബന്ധപ്പെട്ട വകുപ്പുകള്‍, പഞ്ചായത്തുകള്‍ എന്നിവ അതില്‍ മുന്‍കൈ എടുക്കണമെന്ന് സമിതി ചെയര്‍മാന്‍ നിര്‍ദേശം നല്‍കിയിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."