കേള്‍ക്കുന്നുണ്ടോ ? അസമിന്റെ നിലവിളി
കോഴിക്കോട്: അസമിലെ ദേശീയ പൗരത്വ പട്ടികയുടെ അന്തിമരൂപം 31 ന് വരാനിരിക്കെ പതിനായിരക്കണക്കിനാളുകളുടെ ആശങ്ക വര്‍ധിക്കുന്നു. സ്വന്തം നാട്ടില്‍ നിന്നു പുറത്താക്കപ്പെടുകയും ആരാലും അംഗീകരിക്കപ്പെടാതിരിക്കുകയും ചെയ്യപ്പെടുന്നതോടെ ഇവരുടെ ഭാവി എന്താകുമെന്ന ആശങ്കയാണ് ഉയരുന്നത്. പൗരത്വ പട്ടികയില്‍ ഇടം നേടാനാവാതെ സംസ്ഥാനത്തെ വിവിധ തടവുപാളയങ്ങളില്‍ (ഡിറ്റന്‍ഷന്‍ ക്യാംപുകളില്‍) കഴിയുന്നവരുടെ അവസ്ഥ ശോചനീയമായി തുടരുകയാണെന്ന് അവിടെനിന്നുള്ള മാധ്യമപ്രവര്‍ത്തകരും സാമൂഹ്യ പ്രവര്‍ത്തകരും ചൂണ്ടിക്കാട്ടുന്നു. നിലവില്‍ സംസ്ഥാനത്തെ ആറോളം ഡിറ്റന്‍ഷന്‍ ക്യാംപുകള്‍ പ്രവര്‍ത്തിക്കുന്നതായാണ് റിപ്പോര്‍ട്ട്.
സോണിത്പൂരിലെ തേജ്പൂര്‍, കൊക്രാജാര്‍, സില്‍ചാര്‍, ഗോള്‍പാറ, ജോര്‍ഹട്ട്, ദിബ്രുഗഡ് എന്നിവിടങ്ങളിലാണ് ക്യാംപുകള്‍ ഇപ്പോഴുള്ളത്. ഇത്തരം ക്യാംപുകളില്‍ 1200 പേരേ ഉള്ളൂവെങ്കിലും പൗരത്വ പട്ടികയില്‍ പേരില്ലാത്ത ലക്ഷക്കണക്കിന് ആളുകള്‍ പുറത്തുണ്ട്. ക്യാംപുകളില്‍ താമസിക്കുന്നവരുടെ ജീവിത സാഹചര്യങ്ങള്‍ വളരെ മോശമാണെന്നും ഇവര്‍ക്ക് മതിയായ ഭക്ഷണം പോലും ലഭിക്കുന്നില്ലെന്നും അസം പത്രമായ ഗണാധികാറിന്റെ ലേഖകന്‍ സഫിഉല്‍ ഇസ്‌ലാം സുപ്രഭാതത്തോട് പറഞ്ഞു. ഗോഹട്ടി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഇദ്ദേഹം സാമൂഹിക പ്രവര്‍ത്തകന്‍ കൂടിയാണ്.
പ്രാദേശികമായ ചില എന്‍.ജി.ഒ കളുടെ സഹായം ഇവര്‍ക്ക് ലഭിക്കുന്നുണ്ടെങ്കിലും ഇവയെല്ലാം പരിമിതമാണ്. ഇക്കഴിഞ്ഞ ബലിപെരുന്നാള്‍ പേരിനു പോലും ആഘോഷിക്കാന്‍ ഈ ഹതഭാഗ്യര്‍ക്കായിട്ടില്ലെന്ന് അദ്ദേഹം പറഞ്ഞു. ഈ മാസം 31 ന് അന്തിമ പൗരത്വ പട്ടിക പുറത്തു വരുന്നതോടെമാത്രമേ എത്ര പേര്‍ അഭയാര്‍ഥികളാവുമെന്ന് അറിയുകയുള്ളൂ.
ഗണാധികാര്‍ പോലുള്ള ചില മാധ്യമങ്ങള്‍ മാത്രമാണ് ഈ ദുരിത സമൂഹത്തെക്കുറിച്ച് പറയാനും അവരോട് ഐക്യപ്പെടാനും തയാറാവുന്നുള്ളൂവെന്നും ലേഖകന്‍ പറഞ്ഞു. അന്തിമ പട്ടിക വന്ന ശേഷം അനഭിമതരായവരെ പാര്‍പ്പിക്കാനുള്ള വലിയ തടവുകേന്ദ്രങ്ങള്‍ തുടങ്ങാനുള്ള ശ്രമവും സര്‍ക്കാര്‍ ആരംഭിച്ചതായി റിപ്പോര്‍ട്ടുണ്ട്.
അസോസിയേഷന്‍ ഫോര്‍ പ്രൊട്ടക്ഷന്‍ ഓഫ് സിവില്‍ റൈറ്റ്‌സ് ( എ.പി.സി.ആര്‍) ,ജംഇയത്തെ ഉലമ ഹിന്ദ് തുടങ്ങിയ സംഘടനകള്‍ ഇവര്‍ക്ക് സഹായവുമായി രംഗത്തുണ്ട്. അഭിഭാഷകരും സാമൂഹിക പ്രവര്‍ത്തകരുമെല്ലാം ഉള്‍ക്കൊള്ളുന്ന എ.പി.സി.ആര്‍ 11 ജില്ലകളില്‍ ഹെല്‍പ് ഡെസ്‌ക് സംവിധാനം ഒരുക്കിയിട്ടുണ്ട്. ഇതിനു പുറമേ വാട്‌സാപ്പ് ഗ്രൂപ്പ് പോലുള്ള സംവിധാനങ്ങളും ഒരുക്കിയിട്ടുണ്ട്.
അന്തിമ പൗരത്വ പട്ടിക ഇക്കഴിഞ്ഞ ജൂലൈ 31ന് പുറത്തിറക്കണമെന്ന ഉത്തരവ് ഭേദഗതി ചെയ്ത സുപ്രിംകോടതി സമയപരിധി ഓഗസ്റ്റ് 31 വരെ നീട്ടുകയായിരുന്നു.
ബംഗ്ലാദേശ് നിലവില്‍വന്ന 1971 മാര്‍ച്ച് 24 അര്‍ധരാത്രിക്കു മുന്‍പായി ഇന്ത്യയിലെത്തിയതിന്റെ രേഖകള്‍ തെളിയിക്കാന്‍ കഴിയാത്തവരെ വിദേശികളായി മുദ്രകുത്തുന്ന പൗരത്വ രജിസ്റ്റര്‍ സംവിധാനം നിലവില്‍ വന്നതോടെയാണ് അസമില്‍ ലക്ഷക്കണക്കിനുപേര്‍ ദുരിതത്തിലായത്. പിന്നീട് പട്ടികയില്‍ ഇടംപിടിക്കാനായി ലക്ഷങ്ങള്‍ നെട്ടോട്ടമോടുകയായിരുന്നു. രണ്ടുവര്‍ഷം മുന്‍പ് പുറത്തുവിട്ട പൗരത്വപട്ടികയില്‍ നാല്‍പ്പതുലക്ഷത്തോളം പേരാണ് പുറത്തുണ്ടായിരുന്നത്. ഇതില്‍ പകുതിയോളം പേര്‍ ബംഗാളി ഹിന്ദുക്കളായിരുന്നെങ്കിലും മുസ്‌ലിമേതര കുടിയേറ്റക്കാര്‍ക്ക് പൗരത്വം എളുപ്പമാക്കുന്ന നിയമം ഉള്ളതിനാല്‍ ബംഗാളി ഹിന്ദുക്കള്‍ക്ക് കാര്യമായ ആശങ്കയില്ലായിരുന്നു.
എന്നാല്‍ പട്ടികയിലെ ലക്ഷക്കണക്കിനു വരുന്ന ബംഗാളി മുസ്‌ലിംകളുടെ ഭാവിയാണ് അനിശ്ചിതത്വത്തിലായത്.
തലമുറകളായി ഇവിടെ വസിക്കുന്ന ഇവര്‍ക്ക് ബംഗ്ലാദേശ് പൗരത്വം തെളിയിക്കാന്‍ കഴിയാത്തതിനാല്‍ ഇവരെ ബംഗ്ലാദേശും ഏറ്റെടുക്കാത്ത അവസ്ഥയാണ്. ബംഗ്ലാദേശുമായി അതിര്‍ത്തി പങ്കിടുന്ന ജില്ലകളിലെ ജനങ്ങളാണ് പൗരത്വപട്ടികയില്‍ ഇടംനേടാനാവാത്തവരില്‍ ഭൂരിഭാഗവും. പുതിയ കണക്കുകള്‍ പുറത്തു വരുന്നതോടെ രാജ്യത്തെ ഏറ്റവും വലിയ അഭയാര്‍ഥി സമൂഹമായി ഇവര്‍ മാറും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."