രഹ്‌നയെ ബി.എസ്.എന്‍.എല്‍ കൈയൊഴിഞ്ഞു
കൊച്ചി: ശബരിമല കയറിയ രഹ്‌ന മനോജിന്റെ ഓഫിസിതര പ്രവര്‍ത്തനങ്ങളുമായി തങ്ങള്‍ക്ക് ഒരു ബന്ധവുമില്ലെന്ന് ബി.എസ്.എന്‍.എല്‍. എറണാകുളം ബിസിനസ് ഏരിയയിലെ ഉദ്യോഗസ്ഥയാണ് രഹ്‌നയെങ്കിലും ഓഫിസിനു പുറത്തുള്ള അവരുടെ പ്രവര്‍ത്തനങ്ങള്‍ക്ക് തങ്ങള്‍ക്ക് ഉത്തരവാദിത്തമില്ലെന്ന് ബി.എസ്.എന്‍.എല്‍ അധികൃതര്‍ വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു. ഓഫിസിനു പുറത്ത് സ്വന്തം നിലയ്ക്കു നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ക്ക് രഹ്‌ന മാത്രമായിരിക്കും ഉത്തരവാദി. ഓഫിസിനു പുറത്ത് ഔദ്യോഗിക പ്രവര്‍ത്തന സമയത്തല്ലാതെ അവര്‍ നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ക്കോ രേഖാമൂലം നല്‍കിയ ചുമതലകളില്‍ ഉള്‍പ്പെടാത്ത പ്രവര്‍ത്തനങ്ങള്‍ക്കോ ഉത്തരവാദിത്തമില്ലെന്നും വാര്‍ത്താക്കുറിപ്പില്‍ വ്യക്തമാക്കുന്നു.
അതേസമയം, രഹ്‌നക്കെതിരേ അതിരൂക്ഷമായ പ്രതിഷേധമാണ് സമൂഹമാധ്യമങ്ങളില്‍ ഉയരുന്നത്. ഇതിനുമുമ്പും നിരവധി വിവാദപ്രതിഷേധങ്ങള്‍ക്കും ഇവര്‍ പങ്കാളിയായിട്ടുണ്ട്. തനിക്ക് മതമില്ലെന്ന് പ്രഖ്യാപിക്കുകയും മതനേതൃത്വങ്ങള്‍ക്കെതിരേ പലപ്പോഴായി രംഗത്തുവരികയും ചെയ്തിട്ടുള്ള വ്യക്തികൂടിയാണ് രഹ്‌ന. കൊച്ചി മറൈന്‍ ഡ്രൈവില്‍ നടന്ന ചുംബന സമരത്തിലെ സജീവ പങ്കാളി, തൃശൂരില്‍ നടക്കുന്ന പുലികളിയില്‍ പുലി വേഷത്തിലെത്തിയ വനിത തുടങ്ങിയ നിലയില്‍ നിരവധി വിവാദങ്ങളിലിടം പിടിച്ചിട്ടുണ്ട്. വത്തക്ക പ്രതിഷേധത്തിലും ഇവര്‍ മുന്‍പന്തിയിലുണ്ടായിരുന്നു. സ്ത്രീകള്‍ക്കെതിരേ നടക്കുന്ന അതിക്രമങ്ങള്‍ക്കെതിരേ ഇവര്‍ മാറുതുറന്നുകാട്ടി നടത്തിയ പ്രതിഷേധം ഏറെ വിവാദം സൃഷ്ടിച്ചിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."