ദിലീപിന്റെ രാജിയില്‍ സ്ഥിരീകരണം, അമ്മ ആവശ്യപ്പെട്ടതിനെ തുടര്‍ന്നെന്ന് മോഹന്‍ലാല്‍
കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസില്‍ കുറ്റാരോപിതനായ നടന്‍ ദിലീപിന്റെ രാജി താരസംഘടനയായ അമ്മ ആവശ്യപ്പെട്ടിരുന്നെന്നും ഇതേ തുടര്‍ന്നാണ് ദിലീപ് രാജി സമര്‍പ്പിച്ചതെന്നും പ്രസിഡന്റ് മോഹന്‍ലാല്‍. അവൈലബിള്‍ എക്‌സിക്യൂട്ടീവ് കമ്മിറ്റിക്കു ശേഷം കൊച്ചിയില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
സിനിമയിലെ വനിതാ കൂട്ടായ്മയായ ഡബ്ലിയു.സി.സി ദിലീപിന്റെ രാജി ആവശ്യപ്പെട്ടതിനെ തുടര്‍ന്നായിരുന്നു അമ്മയുടെ നടപടി. ദിലീപിനെ അമ്മ പുറത്താക്കിയെന്നുതന്നെ നിങ്ങള്‍ക്ക് എഴുതാമെന്നും അമ്മ ഭാരവാഹികള്‍ക്കിടയില്‍ ആശയക്കുഴപ്പമില്ലെന്നും മോഹന്‍ലാല്‍ മാധ്യമപ്രവര്‍ത്തകരോടു പറഞ്ഞു. ഡബ്ലിയു.സി.സിയുടെ വാര്‍ത്താസമ്മേളനത്തിനു മറുപടി നല്‍കിയ സിദ്ദീഖും ജഗദീഷും പറഞ്ഞത് അമ്മയുടെ നിലപാടുതന്നെയാണ്. അതില്‍ പിശകൊന്നുമില്ലെന്നും പറഞ്ഞതു രണ്ടു വിധത്തിലാണെന്നേയുള്ളൂവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
സംഘടനയ്ക്ക് ഒന്നിലധികം വക്താക്കളുണ്ടാകുന്നതു ആശയക്കുഴപ്പമുണ്ടാക്കില്ലേയെന്ന ചോദ്യത്തിന്, അടുത്ത യോഗത്തില്‍ ഔദ്യോഗിക വക്താവിനെ തീരുമാനിക്കുമെന്നായിരുന്നു മറുപടി. വാട്‌സ്ആപ്പ് ഗ്രൂപ്പിലെ ശബ്ദസന്ദേശം ചോര്‍ന്നതെങ്ങനെയെന്നു പരിശോധിക്കും. നടിയോടു മോശമായി പെരുമാറിയതില്‍ അലന്‍സിയറോടു വിശദീകരണം തേടും. പരാതി അമ്മയില്‍ ലഭിച്ചിട്ടില്ലെന്നും ഇനി ഇത്തരം പരാതികള്‍ ഉണ്ടാകാതിരിക്കട്ടേയെന്നും മോഹന്‍ലാല്‍ പറഞ്ഞു. സംഘടനയില്‍നിന്നു രാജിവച്ചു പുറത്തുപോയവരെ തിരിച്ചുവിളിക്കില്ല. എന്നാല്‍, അവര്‍ക്ക് അപേക്ഷ നല്‍കി നടപടിക്രമങ്ങള്‍ പാലിച്ചു സ്വമേധയാ തിരിച്ചുവരാം. രാജിവച്ചവര്‍ മാപ്പുപറയണോ എന്ന ചോദ്യത്തിനു നടപടിക്രമങ്ങള്‍ പാലിക്കണമെന്നായിരുന്നു മോഹന്‍ലാലിന്റെ മറുപടി.
നടിമാരെ നടിമാര്‍ എന്നു വിളിച്ചതില്‍ എന്താണ് തെറ്റെന്നു മനസിലാകുന്നില്ല. പ്രസിഡന്റെന്ന നിലയില്‍ താന്‍ സംതൃപ്തനല്ലെന്നു പറഞ്ഞ മോഹന്‍ലാല്‍, എല്ലാവര്‍ക്കും ആവശ്യമെങ്കില്‍ മാത്രമേ പ്രസിഡന്റായി തുടരൂവെന്നും വ്യക്തമാക്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."