പ്രളയാനന്തര പ്രവര്‍ത്തനം: സര്‍വകക്ഷി യോഗം വിളിക്കണമെന്ന് ചെന്നിത്തല
തിരുവനന്തപുരം: പ്രളയാനന്തര പ്രവര്‍ത്തനങ്ങളിലും ദുരിതാശ്വാസ സഹായ വിതരണത്തിലും സര്‍ക്കാര്‍ ഗുരുതര വീഴ്ച വരുത്തിയിരിക്കുകയാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ഈ സാഹചര്യത്തില്‍ സര്‍ക്കാര്‍ സര്‍വകക്ഷി യോഗം വിളിക്കണം.
സംസ്ഥാനം കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുമ്പോഴും ഇഷ്ടക്കാര്‍ക്കെല്ലാം ക്യാബിനറ്റ് പദവിയും അനധികൃത നിയമനങ്ങളും നല്‍കി സര്‍ക്കാര്‍ ധൂര്‍ത്ത് തുടരുകയാണ്. പ്രളയത്തിന്റെ ആഘാതത്തിലും വിലക്കയറ്റം ഉള്‍പ്പെടെയുള്ള ദുരിതത്തിലും വലയുന്ന ജനങ്ങള്‍ക്കുമേല്‍ സര്‍ക്കാര്‍ ചുമത്തിയ പ്രളയ സെസ് അടിയന്തരമായി പിന്‍വലിക്കണം.
ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളില്‍ നിന്ന് തദ്ദേശസ്ഥാപനങ്ങളെ ഒഴിവാക്കി ഉദ്യോഗസ്ഥരെ ഭരണം ഏല്‍പ്പിച്ചിരിക്കുകയാണ്. ഇത് ശരിയല്ല. ഓരോ സ്ഥലത്തെയും ദുരന്തങ്ങളുടെ ആഘാതവും ജനങ്ങള്‍ നേരിട്ട ബുദ്ധിമുട്ടുകളും നേരിട്ടറിയുന്നത് തദ്ദേശ സ്ഥാപനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നവരാണ്.
കഴിഞ്ഞവര്‍ഷത്തെ ദുരന്ത നിവാരണ പ്രവര്‍ത്തനങ്ങളില്‍ പരാജയം ഉണ്ടായതിന് പ്രധാനകാരണം തദ്ദേശസ്ഥാപനങ്ങളെ ഒഴിവാക്കിയതാണ്.അടിയന്തര സഹായ പ്രഖ്യാപനം സംബന്ധിച്ചുള്ള സര്‍ക്കാരിന്റെ ഉത്തരവ് അവ്യക്തമാണ്. വീടുകള്‍ നഷ്ടപ്പെട്ടവര്‍ക്കുള്ള സഹായം ആറുലക്ഷം രൂപയാക്കി വര്‍ധിപ്പിക്കണം. ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്ക് ടൈം ഷെഡ്യൂള്‍ നിശ്ചയിക്കണം.
കഴിഞ്ഞ പ്രളയത്തിനുശേഷം പ്രഖ്യാപിച്ച റീബില്‍ഡ് കേരള ഇതുവരെ എങ്ങുമെത്തിയിട്ടില്ല. അതിന്റെ പേരില്‍ മുഖ്യമന്ത്രിയും മന്ത്രിമാരും ഉദ്യോഗസ്ഥരും പൊതുഖജനാവിലെ പണം ചെലവഴിച്ച് ഒരുവര്‍ഷമായി ലോകം ചുറ്റിയടിക്കുകയാണ്. ശബരിമല വിഷയത്തില്‍ തെറ്റുപറ്റിയെന്ന സി.പി.എമ്മിന്റെ ആത്മപരിശോധന നല്ലതാണ്. ഈ സാഹചര്യത്തില്‍ തനിക്ക് തെറ്റുപറ്റിയെന്ന് പറയാന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ തയാറാണോയെന്നും അദ്ദേഹം ചോദിച്ചു.
പൊലിസ് സേനയില്‍ അതീവ ഗുരുതരമായ പ്രശ്‌നങ്ങളാണ് നടക്കുന്നത്. പൊലിസ് ഉദ്യോഗസ്ഥര്‍ ആത്മഹത്യ ചെയ്തുവെന്ന വാര്‍ത്തകളാണ് ഓരോ ദിവസവും പുറത്തുവരുന്നത്. മാനസിക സമ്മര്‍ദ്ദവും മേലുദ്യോഗസ്ഥരുടെ പീഡനവുംമൂലം ആത്മഹത്യകള്‍ വര്‍ധിച്ചുവരുന്ന സാഹചര്യം ഗുരുതരമാണ്. അടുത്തടുത്ത ദിവസങ്ങളില്‍ രണ്ട് പൊലിസുകാരാണ് ആത്മഹത്യ ചെയ്തതെന്നും ചെന്നിത്തല പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."