വിജയദശമി ദിനത്തില്‍ അറിവിന്റെ ആദ്യാക്ഷരം കുറിച്ച് ആയിരങ്ങള്‍
കൊല്ലം: ജില്ലയില്‍ ആയിരക്കണക്കിന് കുരുന്നുകള്‍ വിജയദശമി ദിനമായ ഇന്നലെ അറിവിന്റെ ആദ്യാക്ഷരം കുറിച്ചു. ആരാധനാലയങ്ങള്‍, ലൈബ്രറികള്‍, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, സാംസ്‌കാരിക കേന്ദ്രങ്ങള്‍, മാധ്യമസ്ഥാപനങ്ങള്‍ എന്നിവിടങ്ങളില്‍ രാവിലെ മുതല്‍തന്നെ കുട്ടികളെ എഴുത്തിനിരുത്താനുള്ള തിരക്കായിരുന്നു. കൊല്ലം പബ്‌ളിക്ക് ലൈബ്രറി, നീരാവില്‍ നവോദയം ഗ്രന്ഥശാല, കൊല്ലം ശാരദാമഠം എന്നിവിടങ്ങളില്‍ കുട്ടികളെ എഴുത്തിനിരുത്തി. ചടങ്ങുകളില്‍ സാംസ്‌കാരിക നായകര്‍, വിദ്യാഭ്യാസ വിചക്ഷണന്‍മാര്‍, രാഷ്ട്രീയ നേതാക്കള്‍ തുടങ്ങിയവര്‍ കുട്ടികളെ ആദ്യക്ഷരം കുറിപ്പിച്ചു. പായസവും മധുര പലഹാരങ്ങളും കുട്ടികള്‍ക്കായി ഒരുക്കിയിരുന്നു.ചവറ: വിജയദശമി ദിനത്തില്‍ അറിവിന്റെ അക്ഷരച്ചെപ്പ് തുറക്കാനായി നിരവധി കുരുന്നുകള്‍ ആദ്യാക്ഷരങ്ങള്‍ കുറിച്ചു. വിവിധ ക്ഷേത്രങ്ങളില്‍ വിജയദശമി ദിനത്തോടനുബന്ധിച്ച് പുലര്‍ച്ചെ മുതല്‍ തന്നെ ഭക്തരെക്കൊണ്ട് നിറഞ്ഞിരുന്നു. പന്മന ആശ്രമത്തില്‍ മഠാധിപതി സ്വാമി പ്രണവാനാന്ദതീര്‍ഥപാദര്‍ കുരുന്നുകള്‍ക്ക് ആദ്യാക്ഷരം പകര്‍ന്ന് കൊടുത്തു. ഇക്കുറി വിദ്യാലയങ്ങളിലും വിദ്യാരംഭം കുറിക്കാന്‍ കുട്ടികളെത്തിയിരുന്നു. തേവലക്കര തെക്കന്‍ഗുരുവായര്‍ ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തില്‍ തിരുവനന്തപുരം യൂനിവേഴിസിറ്റി കോളജ് പ്രഫസര്‍മാരായ ഡോ.ആര്‍.എസ് രാജീവ്, രഘുനാഥന്‍ പിളള എന്നിവര്‍ കുട്ടികളെ എഴുത്തിനിരുത്തി. ചവറ തെക്കുംഭാഗം നടക്കാവ് ശ്രീനാരായണപുരം മഹാവിഷ്ണു ക്ഷേത്രം, പനയ്ക്കറ്റോടില്‍ ദേവി ക്ഷേത്രം, ശ്രീഗുഹാനന്ദപുരം ക്ഷേത്രം,
പൊന്മ കാട്ടില്‍ മേക്കതില്‍ ദേവീ ക്ഷേത്രം, കൊറ്റന്‍കുളങ്ങര ദേവീ ക്ഷേത്രം, നീണ്ടകര പരിമണം ദേവീ ക്ഷേത്രം, പന്മന സുബ്രഹ്മണ്യ സ്വാമ ക്ഷേത്രം, വടക്കുംതല പനയന്നാര്‍കാവ് ദേവീ ക്ഷേത്രം, പന്മന മിന്നാം തോട്ടില്‍ ദേവീ ക്ഷേത്രം, ശങ്കരമംഗലം കാമന്‍കുളങ്ങര ദേവീ ക്ഷേത്രം എന്നിവിടങ്ങളില്‍ മേല്‍ശാന്തി മാര്‍ ആദ്യാക്ഷരം കുറിപ്പിച്ചു. പ്രദേശത്തെ മറ്റ് ക്ഷേത്രങ്ങളിലും വിദ്യാരംഭ ചടങ്ങുകള്‍ നടന്നു. കുഞ്ഞു വിരല്‍ മണലില്‍ പിടിപ്പിച്ച് എഴുതിച്ചതിന് ശേഷം സ്വര്‍ണം കൊണ്ട് നാവിന്‍ തുമ്പില്‍ സരസ്വതി മന്ത്രം എഴുതിയാണ് പലയിടത്തും ആദ്യാക്ഷരം കുറിപ്പിച്ചത്.
അഞ്ചല്‍: സെന്റ് ജോര്‍ജ്ജ് സെന്‍ട്രല്‍ സ്‌കൂളിലെ വിദ്യാരംഭം മതസൗഹാര്‍ദ്ദത്തിനു ഉത്തമ മാതൃകയായി. വിവിധ മതത്തില്‍പെട്ട കുരുന്നുകള്‍ക്ക് അവരവരുടെ ആചാരപ്രകാരം ആദ്യക്ഷരം കുറിക്കാനുള്ള അവസരമാണ് ഇവിടെ ഒരുക്കിയത്. കവിയും കെ.എസ്.ഇ.ബി അസി.എക്‌സിക്യുട്ടീവ് എഞ്ചിനീയുമായ അനീഷ് കെ.അയിലറ, അഞ്ചല്‍ സെന്റ് ജോര്‍ജ്ജ് ഓര്‍ത്തഡോക്‌സ് വലിയപള്ളി വികാരി ഫാ.ഷിനോ കെ.തോമസ്, പുത്തയം മുസ്‌ലിം ജമാഅത്ത് ഇമാം ജനാബ് മുഹമ്മദ് അനസ് സഖാഫി എന്നിവര്‍ ചടങ്ങുകള്‍ക്ക് നേതൃത്വം നല്‍കി.
ചവറ: വലിയം സെന്‍ട്രല്‍ സ്‌കൂളില്‍ വിജയദശമി ആഘോഷവും വിദ്യാരംഭവും സംഘടിപ്പിച്ചു. മുപ്പതോളം കുരുന്നുകള്‍ അറിവിന്റെ ആദ്യക്ഷരം എഴുതി. സീനിയര്‍ പീഡിയാട്രീഷ്യന്‍ ഡോ. എം. അരുണ്‍, താലൂക്ക് ജമാഅത്ത് പ്രസിഡന്റ് വലിയത്ത് ഇബ്രാഹിംകുട്ടി എന്നിവര്‍ കുട്ടികളെ എഴുത്തിനിരുത്തി. സ്‌കൂള്‍ മാനേജര്‍ വലിയത്ത് സിനോജ,് പ്രിന്‍സിപ്പല്‍ ഡോ. കെ.സി അജിത്, വൈസ് പ്രിന്‍സിപ്പല്‍ ശ്രീദേവി, കോഡിനേറ്റര്‍ ഹരികുമാര്‍, രമ്യമോള്‍, ജയപ്രകാശ്,അനസ്,വിഷ്ണു തുടങ്ങിയവര്‍ നേതൃത്വം നല്‍കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."