പുതിയ മിസൈല്‍ പരീക്ഷിച്ച് ഇറാന്‍
തെഹ്‌റാന്‍: യു.എസുമായുള്ള സംഘര്‍ഷാന്തരീക്ഷം നിലനില്‍ക്കെ പുതിയ മിസൈല്‍ പരീക്ഷിച്ച് ഇറാന്‍. രാജ്യം പുതിയ മിസൈല്‍ വിജയകരമായി പരീക്ഷിച്ച കാര്യം വിപ്ലവ ഗാര്‍ഡ് കമാന്‍ഡര്‍ മേജര്‍ ജനറല്‍ ഹുസൈന്‍ സലാമിയാണ് പുറത്തുവിട്ടത്.
ഇന്നലത്തെ ദിവസം രാജ്യത്തിന്റെ വിജയകരമായ ദിനങ്ങളില്‍ ഒന്നാണ്. വൈവിധ്യമാര്‍ന്ന പ്രതിരോധ തന്ത്രപ്രധാന ആയുധങ്ങള്‍ പരീക്ഷിച്ചുകൊണ്ടിരിക്കുകയാണ് നമ്മുടെ രാജ്യം. സൈനികശക്തി വര്‍ധിപ്പിക്കുന്നതില്‍ ഒരു വിട്ടുവീഴ്ചയ്ക്കും തയാറല്ലെന്നതിന്റെ സൂചനയാണിതെന്നും സലാമി വ്യക്തമാക്കി.
വ്യാഴാഴ്ച തദ്ദേശീയമായി വികസിപ്പിച്ച, ഉപരിതലത്തില്‍ നിന്നും വായുവിലേക്കു തൊടുക്കുന്ന ദീര്‍ഘദൂര മിസൈല്‍ പ്രതിരോധ സംവിധാനം ഇറാന്‍ പ്രദര്‍ശിപ്പിച്ചിരുന്നു. റഷ്യയുടെ ഏറ്റവും പുതിയ എസ്-400 വിമാനവേധ മിസൈല്‍ സംവിധാനത്തോടു കിടപിടിക്കുന്നതാണിതെന്നാണ് ഇറാന്‍ അവകാശപ്പെടുന്നത്.
ആണവായുധം വഹിക്കാനാവുന്ന ബാലിസ്റ്റിക് മിസൈലുകള്‍ വികസിപ്പിച്ചതിന്റെ പേരില്‍ കഴിഞ്ഞവര്‍ഷം ഇറാനും വന്‍ശക്തി രാജ്യങ്ങളും തമ്മില്‍ ഒപ്പുവച്ച ആണവകരാറില്‍ നിന്ന് അമേരിക്ക പിന്‍മാറിയിരുന്നു.
തുടര്‍ന്ന് പുതിയ ഉപരോധം ഏര്‍പ്പെടുത്തിയ ശേഷം കഴിഞ്ഞ ജൂണില്‍ ആകാശാതിര്‍ത്തി ലംഘിച്ചെന്നാരോപിച്ച് യു.എസ് നിരീക്ഷണ ഡ്രോണ്‍ ഉപരിതലത്തില്‍ നിന്നും വായുവിലേക്കു തൊടുക്കുന്ന മിസൈലുപയോഗിച്ച് ഇറാന്‍ തകര്‍ത്തിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."