ശ്രീധരന്‍ പിള്ള കലക്കവെള്ളത്തില്‍ മീന്‍പിടിക്കുന്നു: വെള്ളാപ്പള്ളി
ചേര്‍ത്തല: തുഷാറിന്റെ അറസ്റ്റുമായി ബന്ധപ്പെട്ട് ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് പി.എസ് ശ്രീധരന്‍ പിള്ള കലക്കവെള്ളത്തില്‍ മീന്‍പിടിക്കുകയാണെന്ന് എസ്.എന്‍.ഡി.പി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍.
ചേര്‍ത്തല എസ്.എന്‍ കോളജില്‍ എസ്.എന്‍ ട്രസ്റ്റ് വാര്‍ഷിക പൊതുയോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. അറസ്റ്റില്‍ രാഷ്ട്രീയ ഗൂഢാലോചനയുണ്ടെന്നാണ് ശ്രീധരന്‍പിള്ള ആരോപിക്കുന്നത്. വാദിയും പ്രതിയും തള്ളുമ്പോഴും ഇത്തരത്തില്‍ പറയുന്നത് രാഷ്ട്രീയ ഗുരുത്വമില്ലായ്മയാണ്. അദ്ദേഹത്തിന് അല്‍പ്പംകൂടി മാന്യമായി വിഷയത്തില്‍ ഇടപെടാമായിരുന്നു.
തുഷാറിനോടല്ല എസ്.എന്‍.ഡി.പി എന്ന സംഘടനയോടുള്ള സ്‌നേഹമാണ് പിന്തുണയിലൂടെ മുഖ്യമന്ത്രി കാട്ടിയത്. ആരുടെ കാര്യമായാലും വിശദമായി പഠിച്ച് യാഥാര്‍ഥ്യമുണ്ടെങ്കില്‍ മാത്രം ഇടപെടുന്നവരാണ് മുഖ്യമന്ത്രിയും വ്യവസായ പ്രമുഖന്‍ എം.എ യൂസഫലിയും. ഇവര്‍ രണ്ടും പിന്തുണച്ചപ്പോള്‍ തുഷാറിന്റെ വാദങ്ങള്‍ ശരിയാണെന്ന് ബോധ്യപ്പെട്ടു. കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി.മുരളീധരനും ഇടപെടലുകള്‍ നടത്തി. 14 വര്‍ഷം മുന്‍പ് തുടങ്ങിയ കമ്പനി രണ്ടുവര്‍ഷത്തെ പ്രവര്‍ത്തനത്തിലൂടെ പൊളിഞ്ഞു. 10 വര്‍ഷം മുന്‍പത്തെ ചെക്ക് ഉപയോഗിച്ചാണ് ഇപ്പോള്‍ പരാതിപ്പെട്ടിട്ടുള്ളത്. ആ ചെക്ക് ഇപ്പോള്‍ അംഗീകരിക്കില്ല. ചെക്കിലും ക്രിത്രിമത്വം പ്രകടമായി കാണുന്നുണ്ട്. ചെക്കില്‍ ഒപ്പിട്ടിരിക്കുന്നത് കറുത്ത മഷിയിലും തിയതി എഴുതിയിരിക്കുന്നത് ചുവന്ന മഷിയിലുമാണ്. കേസ് കോടതിക്കുപുറത്ത് രമ്യമായി പരിഹരിക്കാനുള്ള ശ്രമം ആരംഭിച്ചിട്ടുണ്ട്. കോടികളുടെ അഴിമതിക്കേസില്‍ കോടതികള്‍ ജാമ്യംപോലും നല്‍കാത്ത പി.ചിദംബരത്തിന്റെ കാര്യത്തില്‍ പ്രതികരിക്കാതെ ഇക്കാര്യത്തില്‍ പ്രതികരിച്ച കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍ പുര കത്തുമ്പോള്‍ വാഴവെട്ടുന്ന പ്രവണതയാണ് കാട്ടുന്നതെന്നും വെള്ളാപ്പള്ളി പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."