അയിലൂര്‍ പഞ്ചായത്തംഗം രാജിക്ക്: സി.പി.എമ്മില്‍ ആഭ്യന്തരകലഹം
നെന്മാറ: അയിലൂര്‍ ഗ്രാമപഞ്ചായത്ത് വികസന കാര്യ സമിതി അധ്യക്ഷന്‍ പി.എം. ദേവദാസ് രാജിക്കൊരുങ്ങുന്നു. പാര്‍ട്ടിക്കുള്ളിലെ വിഭാഗീയതയില്‍ മനംനൊന്താണ് രാജിക്കാര്യം സൂചിപ്പിച്ചു കൊണ്ടുള്ള കത്ത് സി.പി.എം ജില്ലാ കമ്മിറ്റിക്ക് നല്‍കിയതെന്ന് ദേവദാസ് പറഞ്ഞു.
തന്നെ രാഷ്ട്രീയമായി ഇല്ലാതാക്കാന്‍ പാര്‍ട്ടിക്കുള്ളില്‍ ഗൂഡശ്രമം നടക്കുകയാണ്. പഞ്ചായത്ത് തിരഞ്ഞെടുപ്പ് കഴിഞ്ഞ സമയത്ത് പ്രസിഡന്റ് സ്ഥാനത്തിനായി അവകാശവാദം ഉന്നയിച്ചിരുന്നു. പിന്നീടങ്ങോട്ട് പല കാരണങ്ങള്‍ പറഞ്ഞ് തന്നെ പാര്‍ട്ടിയില്‍ ഒറ്റപ്പെടുത്താന്‍ നീക്കം നടത്തിയെന്ന് സി.പി.എം നേതൃത്വത്തെ വിമര്‍ശിച്ച് 12ാം വാര്‍ഡ് അംഗം ദേവദാസ് പറഞ്ഞു.
സ്വന്തം പാര്‍ട്ടിക്കാര്‍ തന്നെ കള്ളക്കേസില്‍ കുടുക്കിയും തനിക്കെതിരേ വ്യാജ ആരോപണങ്ങള്‍ ഉന്നയിച്ചും നിരന്തരം ശല്യം ചെയ്യുകയാണ്. ഇത് അവസാനിപ്പിക്കണമെന്നും സത്യം അന്വേഷിക്കണമെന്നും ആവശ്യപ്പെട്ട് മേല്‍ഘടകങ്ങള്‍ക്ക് കത്ത് നല്‍കിയെങ്കിലും ഒരു പ്രതികരണവും ഉണ്ടായില്ല. ഇനി രാജിയല്ലാതെ മറ്റ് പോംവഴികളില്ലെന്നും ഇന്ന് പഞ്ചായത്ത് ഓഫിസര്‍ക്ക് രാജിക്കത്ത് നല്‍കുമെന്നും കെ.എസ്.കെ.ടി. യു കയറാടി വില്ലേജ് കമ്മിറ്റി പ്രസിഡന്റ് കൂടിയായ ദേവദാസ് പറഞ്ഞു.
അയിലൂര്‍ പഞ്ചായത്തില്‍ ആകെയുള്ള 17 വാര്‍ഡില്‍ എല്‍.ഡി.എഫിന് ഒന്‍പതും യു.ഡി. എഫിന് ഏഴും ബി.ജെ.പിക്ക് ഒരു സീറ്റുമാണുള്ളത്. ഇന്ന് പഞ്ചായത്ത് ഓഫിസര്‍ക്ക് രാജിക്കത്ത് നല്‍കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."