സഫീര്‍ മൗലവിയും കുടുംബവും പ്രാര്‍ഥനയിലാണ്, ഉപ്പയെ ഒരുനോക്ക് കാണാന്‍
മേപ്പാടി: പുത്തുമല ദുരന്തത്തില്‍ അകപ്പെട്ടവര്‍ക്കായുള്ള അവസാന തിരച്ചില്‍ ഇന്ന് നടക്കുകയാണ്. കാണാമറയത്തുള്ള മറ്റുള്ളവരുടെ കുടുംബങ്ങള്‍ തിരച്ചില്‍ അവസാനിപ്പിക്കാന്‍ ജില്ലാ ഭരണകൂടത്തിന് സമ്മതം നല്‍കിയപ്പോഴും തന്റെ പിതാവിനെ അവസാനമായി ഒരുനോക്ക് കാണാനെങ്കിലും സാധിക്കണമെന്ന ആഗ്രഹത്തിലായിരുന്നു കാണാതായവരില്‍പ്പെട്ട മുത്രത്തൊടി ഹംസയുടെ മകന്‍ സഫീര്‍ മൗലവി.
അതുകൊണ്ടുതന്നെയാണ് പച്ചക്കാട്ടില്‍ പള്ളിയുണ്ടായിരുന്നതിന് സമീപം കൂടി തിരച്ചില്‍ നടത്തണമെന്ന് അധികാരികളോട് സഫീര്‍ മൗലവി അഭ്യര്‍ഥിച്ചത്. പുത്തുമലക്കാര്‍ക്ക് ഒപ്പം നില്‍ക്കുന്ന അധികൃതര്‍ സഫീര്‍ മൗലവിയുടെ അഭ്യര്‍ഥന മാനിച്ച് ഇന്നുകൂടി തിരച്ചില്‍ നടത്താന്‍ തീരുമാനിക്കുകയായിരുന്നു. ഇതോടെ സഫീറും മാതാവ് കുല്‍സുവും സഹോദരിമാരായ സമീറയും ഷറഫുന്നീസയും ഷറീനയും മറ്റ് ബന്ധുക്കളും പ്രാര്‍ഥനയോടെ കാത്തിരിക്കുകയാണ്. ഉപ്പയെ ഒരു നോക്ക് കാണാനെങ്കിലും ഭാഗ്യം ലഭിക്കണേയെന്നാണ് ഈ കുടുംബത്തിന്റെ ഇപ്പോഴത്തെ പ്രാര്‍ഥന. പ്രളയം പുത്തുമലയും പച്ചക്കാടും കവര്‍ന്നപ്പോള്‍ സഫീര്‍ മൗലവിക്കും കുടുംബത്തിനും നഷ്ടപ്പെട്ടത് ജീവിതത്തില്‍ അന്നുവരെ സ്വരുക്കൂട്ടി ഉണ്ടാക്കിയ വീടും അവരുടെ ജീവന്റെ ജീവനായ പിതാവിനേയുമാണ്.
ദുരന്തം ഉണ്ടായ അന്നുമുതല്‍ സഫീര്‍ മൗലവി പിതാവിനെ അന്വേഷിച്ച് നടക്കുന്നുണ്ട്. എന്നാല്‍ ക്യാംപുകളിലൊന്നും പിതാവിനെ കാണാനായില്ല. അങ്ങനെയാണ് അപകടം നടക്കുമ്പോള്‍ പള്ളിക്ക് സമീപമുണ്ടായിരുന്ന തങ്ങളുടെ വീട്ടില്‍ പിതാവുണ്ടെന്ന നിഗമനത്തില്‍ സഫീര്‍ മൗലവി എത്തുന്നത്. ഇതോടെ ഇവിടെ തിരച്ചില്‍ നടത്തണമെന്ന അപേക്ഷയുമായി സഫീര്‍ മൗലവി അധികൃതരുടെ മുന്നിലെത്തി.
ആദ്യദിവസങ്ങളില്‍ ഇങ്ങോട്ടേക്ക് എത്തിപ്പെടുക ബുദ്ധിമുട്ടായതിനാല്‍ ഇവിടെ തിരച്ചില്‍ നടത്താന്‍ സാധിച്ചിരുന്നില്ല. പിന്നീട് ഇവിടെ തിരച്ചില്‍ നടത്തിയെങ്കിലും ഒന്നും കണ്ടെത്താനായില്ല. ഇതോടെ ഇവിടെ അധികൃതര്‍ തിരച്ചില്‍ അവസാനിപ്പിക്കുകയായിരുന്നു. അതിനിടെയാണ് രണ്ട് മൃതദേഹങ്ങള്‍ സൂച്ചിപ്പാറ വെള്ളച്ചാട്ടത്തിന്റെ അടിവാരങ്ങളില്‍ നിന്ന് കണ്ടെത്തുന്നത്. ഇതോടെ തിരച്ചില്‍ ഇങ്ങോട്ടേക്ക് മാറ്റുകയും ചെയ്തു. 14 ദിവസത്തോളം നടന്ന തിരച്ചിലില്‍ പിന്നീട് ഒന്നും കണ്ടെത്താന്‍ സാധിക്കാത്തതിനാല്‍ അധികൃതര്‍ കാണാതായവരുടെ കുടുംബാംഗങ്ങളെ മുഴുവന്‍ വിളിച്ച് ചേര്‍ത്ത് ചര്‍ച്ച നടത്തുകയായിരുന്നു.
ഇതില്‍ ബാക്കി കുടുംബാംഗങ്ങളെല്ലാം തിരച്ചില്‍ അവസാനപ്പിക്കാന്‍ സമ്മതം അറിയിച്ചപ്പോള്‍ തനിക്ക് സംശയമുള്ളയിടത്ത് ഒന്ന്കൂടി തിരച്ചില്‍ നടത്താനാകുമോയെന്ന അഭ്യര്‍ഥന സഫീര്‍ മൗലവി മുന്നോട്ട് വെയ്ക്കുകയായിരുന്നു.
ഇതംഗീകരിച്ചാണ് ജില്ലാ ഭരണകൂടം ഇന്നുകൂടി തിരച്ചില്‍ നടത്താന്‍ തീരുമാനിച്ചത്. വെള്ളിയാഴ്ച മറ്റിടങ്ങളില്‍ തിരച്ചില്‍ അവസാനിപ്പിച്ചിരുന്നു. ഹംസയുടെ പേരക്കുട്ടിയുടെ വിവാഹം ഇന്നലെ നടക്കുന്നതിനാലാണ് ശനി, ഞായര്‍ ദിവസങ്ങളില്‍ തിരച്ചില്‍ നിര്‍ത്തിവച്ചത്. ഇന്ന് തിരച്ചില്‍ നടക്കുമ്പോള്‍ സഫീര്‍ മൗലവിയും കുടുംബവും കണ്ണീരൊഴുക്കി കാത്തിരിക്കുകയാണ് പ്രിയ പിതാവിനെ ഒരുനോക്ക് കാണാന്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."