വില നിര്‍ണയിക്കുന്നത് സര്‍ക്കാര്‍
ദോഹ: നയതന്ത്ര പ്രശ്‌നത്തില്‍ ഒറ്റപ്പെട്ട ഖത്തറില്‍ ഭക്ഷ്യവസ്തുക്കള്‍ക്ക് ക്ഷാമം അനുഭവപ്പെടുന്നുവെന്ന റിപ്പോര്‍ട്ടിനിടയിലും വിലക്കയറ്റമില്ല. ഭക്ഷ്യക്ഷാമമില്ലെന്ന് സര്‍ക്കാര്‍ വ്യക്തമാക്കിയെങ്കിലും അവശ്യസാധനങ്ങളുടെ സ്റ്റോക്ക് തീര്‍ന്നുകൊണ്ടിരിക്കയാണെന്ന് അന്താരാഷ്ട്ര വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു. ഒമാന്‍, ഇറാന്‍ രാജ്യങ്ങളില്‍ നിന്ന് ഭക്ഷണ വസ്തുക്കള്‍ കൊണ്ടുവരാനുള്ള ശ്രമം തുടങ്ങിയിട്ടുണ്ട്. എന്നാല്‍ നിലവിലുള്ള വിതരണത്തിന് അനുസരിച്ച് ഭക്ഷ്യവസ്തുക്കള്‍ എത്തിക്കുക ശ്രമകരമാണ്. അവശ്യവസ്തുക്കളുടെ വില സര്‍ക്കാര്‍ നിയന്ത്രിക്കുന്ന സംവിധാനമുള്ളതിനാല്‍ വിലക്കയറ്റം അനുഭവപ്പെട്ടിട്ടില്ല.
ഭക്ഷ്യക്ഷാമ ഭീതിയെ തുടര്‍ന്ന് ഖത്തര്‍ എക്കോണമി ആന്‍ഡ് കൊമേഴ്‌സ് മന്ത്രാലയം പ്രധാന കേന്ദ്രങ്ങളിലെ ഭക്ഷ്യവസ്തുക്കളുടെ വിഡിയോ പുറത്തുവിട്ടിരുന്നു. മറ്റ് രാജ്യങ്ങളില്‍ നിന്നുള്ള ഇറക്കുമതി നടക്കുന്നതിനാല്‍ ക്ഷാമമുണ്ടാകില്ലെന്നാണ് ഖത്തര്‍ ഭരണകൂടത്തിന്റെ കണക്കുകൂട്ടല്‍. കൂടാതെ ഇറക്കുമതി വിവിധ രാജ്യങ്ങളില്‍ നിന്ന് വര്‍ധിപ്പിക്കുകയും ചെയ്തിട്ടുണ്ട്. ഒരു യു.എസ് സംസ്ഥാനത്തിന്റെ വലുപ്പം മാത്രമാണ് ഖത്തറിനുള്ളതെന്നും 27 ലക്ഷം ജനങ്ങള്‍ക്കുള്ള ഭക്ഷ്യധാന്യം എത്തിക്കുക ബുദ്ധിമുട്ടുള്ള കാര്യമല്ലെന്നുമാണ് ഖത്തര്‍ പറയുന്നത്.
രാജ്യത്തെ ഭക്ഷ്യവസ്തുക്കളുടെ 38 ശതമാനം ഇറക്കുമതിയും സഊദി അതിര്‍ത്തിയായ വഴിയാണ് എത്തുന്നത്. ഭക്ഷ്യവസ്തുക്കളുടെ വില നിശ്ചയിക്കുന്നത് സര്‍ക്കാര്‍ ആയതിനാല്‍ പ്രതിസന്ധി മുതലെടുത്ത് വിലക്കയറ്റം ഉണ്ടാക്കാന്‍ കഴിയുന്നില്ല. രാജ്യത്ത് മുട്ടയെത്തുന്നത് പ്രധാനമായും യു.എ.ഇയില്‍ നിന്നാണ്. അതിനാല്‍ മിക്ക സ്ഥലത്തും മുട്ടയ്ക്ക് ക്ഷാമം അനുഭവപ്പെട്ടു. പാല്‍ എത്തുന്നത് സഊദിയിലെ അല്‍മറായ് കമ്പനി വഴിയാണ്. പാലിനും ഇതുമൂലം ക്ഷാമം നേരിടുന്നുണ്ട്. 2016ല്‍ ഖത്തറിലേക്ക് ഏറ്റവും കൂടുതല്‍ ഇറക്കുമതി ചെയ്തത് യു.എ.ഇ ആണ്. സഊദി എട്ടാം സ്ഥാനത്താണുള്ളത്. ഖത്തറിന്റെ ഇറക്കുമതിയില്‍ ഇരു രാജ്യങ്ങളും 15 ശതമാനത്തിന്റെ പങ്കുവഹിക്കുന്നു.
ഖത്തറിന്റെ ഒരു ശതമാനം ഭൂപ്രകൃതിയില്‍ മാത്രമാണ് കൃഷിയുള്ളത്. മണ്ണില്ലാതെ കൃഷിയിറക്കുന്ന പദ്ധതിക്ക് ഖത്തര്‍ തുടങ്ങിയിട്ടുണ്ട്. ഹൈഡ്രോഫോണിക് സാങ്കേതിക വിദ്യ ഉപയോഗിച്ചാണിത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."