പത്രവും പുസ്തകവും വിലയ്ക്ക് വാങ്ങി വായിക്കണം: മഹാരാഷ്ട്ര മുന്‍ ഗവര്‍ണര്‍ കെ.ശങ്കരനാരായണന്‍
പാലക്കാട്: പത്രവും പുസ്തകവും പണംകൊടുത്ത് വാങ്ങി വായിക്കണം എന്ന സന്ദേശം യുവതലമുറക്ക് പകര്‍ന്നു നല്‍കി മഹാരാഷ്ട്ര മുന്‍ ഗവര്‍ണര്‍ കെ. ശങ്കരനാരായണന്‍. പാലക്കാട് നടന്ന സുപ്രഭാതം ദിനപത്രത്തിന്റെ ഏഴാമത് എഡിഷന്റെ ഉദ്ഘാടന ചടങ്ങില്‍ മുഖ്യാതിഥിയായി സംസാരിക്കുകയായിരുന്നു അദ്ദേഹം. സുപ്രഭാതം തികച്ചും വൈശിഷ്ട്യം നിറഞ്ഞ ഒരു പത്രമാണെന്ന് മുന്‍ ഗവര്‍ണര്‍ അഭിപ്രായപ്പെട്ടു. പത്രങ്ങള്‍ പല വിധത്തിലാണ്. ഓരോ പത്രത്തിന്റെയും ഉള്ളടക്കം, സമീപനം, ചിന്താഗതി എന്നിവ വ്യത്യസ്തമാണ്. മാറുന്ന കാലഘട്ടത്തില്‍ ആധുനിക ഭാരത്തില്‍ മതേതരത്വം നിലനില്‍ക്കണമെന്ന് ആഗ്രഹിച്ച് പ്രവര്‍ത്തിക്കുന്ന ഒരു പത്രമാണ് സുപ്രഭാതമെന്നും, മത സഹിഷ്ണുതയില്‍ അടിത്തറ പാകിയ ഭാരതത്തില്‍ മതേതരത്വം മുറുകെ പിടിക്കുന്നതിന് പത്രങ്ങള്‍ക്ക് വന്‍ സ്വാധീനമുണ്ടെന്നും അദ്ദേഹം പറഞ്ഞു.
പത്രം എന്നത്് ഒരു വ്യവസായ ഉല്‍പന്നമായി മാറുന്ന ഇന്ന്, പത്രം ഇറക്കുന്നതിനുള്ള ചിലവും വര്‍ധിച്ചുവരുകയാണ്. ഒരു കൂട്ടം പത്രപ്രവര്‍ത്തകരുടെ കഠിനാധ്വാനത്തിന്റെ ഫലമായി ലഭിക്കുന്ന പത്രത്തിലൂടെയാണ് മലയാളിയുടെ ഓരോ ദിനവും ആരംഭിക്കുന്നത്. അത് തീര്‍ച്ചയായും പണംകൊടുത്ത് വാങ്ങേണ്ടതാണെന്നും വില കൊടുത്ത് വാങ്ങി വായിക്കുമ്പോഴാണ് പത്രത്തിന്റെ ശക്തി വായനക്കാരിലെത്തുകയുള്ളൂ എന്നുമാണ് തന്റെ അഭിപ്രായമെന്നും അദ്ദേഹം വ്യക്തമാക്കി. കരിമ്പനകളുടെ നാട്ടില്‍ വിടര്‍ന്ന സുപ്രഭാതത്തിന്റെ ഏഴാമത്തെ എഡിഷന്റെ വളര്‍ച്ചക്ക് അദ്ദേഹം ആശംസകള്‍ അര്‍പ്പിച്ചു. ഓരോ പത്രത്തിന്റെയും അടിത്തറ പാകുന്നത് അത് പുലര്‍ത്തുന്ന സത്യസന്ധതയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."