പൊലിസ് ആത്മഹത്യകള്‍ എന്തുകൊണ്ട്?
'ജീവിതം ദുരിതമാണ്, തീര്‍ച്ചയായും മരിക്കാന്‍ എനിക്ക് ആഗ്രഹമില്ല പക്ഷേ... ഞാനതു ചെയ്യുന്നു' ജപ്പാനിലെ പ്രശസ്ത എഴുത്തുകാരനായ റിയുനോസൂക്കേ ആക്കുത്താഗാവാ മരണത്തിലേക്ക് സ്വയം കടക്കുന്നതിനു മുമ്പായി എഴുതിവച്ച വാക്കുകളാണിവ. ആരോടും ഒന്നും പറയാതെ പെട്ടെന്നൊരുനാള്‍ എല്ലാത്തിനോടും വിടപറഞ്ഞു പോകുക. അതേ, ആക്കുത്താഗാവായെ പോലെതന്നെ ആത്മഹത്യ ചെയ്യുന്ന പലരും അങ്ങനെ ചെയ്യുന്നത് യഥാര്‍ഥത്തില്‍ മരിക്കാന്‍ ആഗ്രഹിക്കുന്നതു കൊണ്ടല്ല, മറിച്ച് തങ്ങളുടെ ജീവിതത്തില്‍ അപ്പോള്‍ 'നടന്നുകൊണ്ടിരിക്കുന്നത് എന്തായിരുന്നാലും, അത് അവസാനിപ്പിക്കാന്‍' ആഗ്രഹിക്കുന്നതിനാലാണ്. പൊലിസില്‍ മുമ്പെങ്ങുമില്ലാത്ത രീതിയില്‍ സ്വയം മരണത്തിന്റെ പാതാളക്കുഴിയിലേയ്ക്ക് ചാടുന്നവരുടെ എണ്ണം ക്രമാധീതമായി വര്‍ധിക്കുന്നു. സംസ്ഥാനത്ത് കഴിഞ്ഞ അഞ്ചു വര്‍ഷത്തിനിടയില്‍ അന്‍പതോളം പേരാണ് സേനയില്‍ സ്വയം ജീവനൊടുക്കിയത്. ഓരോ ആത്മഹത്യ നടക്കുമ്പോഴും ഇതിന്റെ കാരണങ്ങള്‍ കണ്ടെത്താന്‍ പൊലിസിലെ ഉന്നത ഉദ്യോഗസ്ഥര്‍ കച്ചകെട്ടി ഇറങ്ങുമെങ്കിലും കാരണമായി അവസാനത്തില്‍ എത്തുക സേനയില്‍ അവര്‍ നേരിടേണ്ടിവന്ന തിക്താനുഭവങ്ങളിലേക്കായിരിക്കും. പിന്നീട് അവിടെ നിര്‍ത്തുന്നു കാരണം അന്വേഷിക്കല്‍.
പൊലിസുകാര്‍ സ്വയം ജീവനൊടുക്കുന്നതിന്റെ കാരണങ്ങള്‍ വ്യത്യസ്തമാണെങ്കിലും, അതിനു പ്രേരിപ്പിക്കുന്നതായി പൊതുവേ കണ്ടുവരുന്ന ചില ഘടകങ്ങളുണ്ട്. മേലുദ്യോഗസ്ഥരുടെ മാനസിക പീഡനം, വിശ്രമമില്ലാത്ത ജോലി, അര്‍ഹതയുണ്ടായിട്ടും കിട്ടാത്ത അധികാരങ്ങള്‍, രാഷ്ട്രീയക്കാര്‍ക്കും ഭരണാധികാരികള്‍ക്കും അടിമപ്പണി ചെയ്യേണ്ടി വരുന്ന ഗതികേട്, നിരപരാധിയായിരുന്നിട്ടും ശിക്ഷ ഏറ്റുവാങ്ങാന്‍ വിധിക്കപ്പെട്ടവര്‍, ജാതിയാക്ഷേപം നേരിടുന്നവര്‍, കുടുംബത്തോടൊപ്പം ചെലവഴിക്കാന്‍ കഴിയാത്തതിലുണ്ടാകുന്ന മാനസിക സമ്മര്‍ദം, ഏക മകളോ മകനോ അസുഖംബാധിച്ചാല്‍ പോലും ഓടിയെത്താന്‍ അവസരം കിട്ടാത്തവര്‍ അങ്ങനെ നീളുന്നു മരണത്തിലേയ്ക്ക് സ്വയം ചാടുന്ന പൊലിസുകാര്‍.
കഴിഞ്ഞ വര്‍ഷം മാത്രം 18 പേരാണ് ജീവനൊടുക്കിയത്. ഈ വര്‍ഷം ഇതുവരെ പത്തു പേര്‍ ജീവനൊടുക്കി. ഏറ്റവും അവസാനം അടൂര്‍ കെ.എ.പി ക്യാംപിലെ ഹണിരാജാണ് സ്വന്തം കിടപ്പു മുറിയിലെ ജനാലയില്‍ ഒരു മുഴം കയറില്‍ ജീവനൊടുക്കിയത്. മുന്‍ കാലങ്ങളില്‍ ഉന്നത ഉദ്യോഗസ്ഥര്‍ പൊലിസുകാര്‍ക്ക് വഴികാട്ടിയായിരുന്നു. ജോലി സംബന്ധമായ പ്രശ്‌നങ്ങളില്‍ അവര്‍ പരിഹാരമുണ്ടാക്കുകയും സമ്മര്‍ദം കുറയ്ക്കുകയും ചെയ്തിരുന്നു. എന്നാല്‍ അതിപ്പോഴില്ല. ഉന്നത ഉദ്യോഗസ്ഥര്‍ തങ്ങളുടെ അധികാരം സാധാ പൊലിസുകാരെ അടിച്ചേല്‍പ്പിക്കുന്നു. ജോലി സമ്മര്‍ദം തന്നെയാണ് സേനയിലെ ഏറ്റവും കൂടുതല്‍ ആത്മഹത്യകള്‍ക്ക് കാരണമാകുന്നത്. പൊലിസ് സേനയിലെ അമിത ജോലിഭാരം വാറണ്ടുകള്‍ നല്‍കുന്നതു മുതല്‍ മേലുദ്യോഗസ്ഥരുടെ ടാര്‍ജറ്റിനനുസരിച്ച് പെറ്റി കേസുകള്‍ എടുക്കല്‍, ട്രാഫിക് നിയന്ത്രിക്കാന്‍ നില്‍ക്കുന്ന പൊലിസുകാരന്‍ മേലുദ്യോഗസ്ഥനോ മന്ത്രിമാരോ ട്രാഫികില്‍ പെട്ടാല്‍ നടപടി നേരിടല്‍, സ്‌റ്റേഷന്‍ ഭരണം എസ്.എച്ച്.ഒ മാര്‍ക്കായതോടെ ഒരു കാര്യത്തിലും ഇന്‍സ്പക്ടര്‍മാര്‍ ഉത്തരവാദിത്തം ഏല്‍ക്കാതെ ഡ്യൂട്ടിയിലുള്ള പൊലിസുകാരില്‍ കുറ്റം ചുമത്തുന്ന പ്രവണത അങ്ങനെ നീളുന്നു.
ഇപ്പോള്‍ 61,000 പൊലിസുകാരാണ് സേനയിലുള്ളത്. എന്നാല്‍ ഈ ആള്‍ ബലം വച്ച് സേനയിലെ എല്ലാ ജോലിയും ചെയ്യാന്‍ കഴിയില്ല. പതിറ്റാണ്ടുകള്‍ക്ക് മുമ്പുള്ള കേസുകളുടെ വാറണ്ടും സമന്‍സും നടപ്പാക്കണം, മൂത്ത എമാന്മാര്‍ നല്‍കുന്ന കണക്കനുസരിച്ച് പെറ്റി കേസുകളുടെ എണ്ണം മാസംതോറും തികയ്പ്പിക്കണം, ആള്‍ ബലം കൂട്ടാതെ കഴിഞ്ഞ ഇടതുസര്‍ക്കാര്‍ കൊണ്ടുവന്ന ജനമൈത്രിയുടെ ഭാഗമായി ഗൃഹസന്ദര്‍ശനങ്ങള്‍ നടത്തണം, സ്റ്റുഡന്റ്‌സ് പൊലിസ് പദ്ധതി, വി.ഐ.പി ഡ്യൂട്ടി, എമാന്മാരുടെ വീട്ടിലെ അടുക്കള വേല, പ്രതികളെ പിടിയ്ക്കണം, കുറ്റാന്വേഷണത്തിന് പോകണം, പട്രോളിങ് ഡ്യൂട്ടി, ഗതാഗത നിയന്ത്രണം അങ്ങനെ നീളുന്നു ജോലി തിരക്ക്. മറ്റു സര്‍ക്കാര്‍ ജീവനക്കാര്‍ എട്ടു മണിക്കൂര്‍ ജോലി ചെയ്യുമ്പോള്‍ പൊലിസുകാര്‍ ചെയ്യേണ്ടത് പതിനെട്ടും ഇരുപതും മണിക്കൂറാണ്.
ഒരു ദിവസം ചിലപ്പോള്‍ വിശ്രമിക്കാന്‍ കിട്ടുന്നത് രണ്ടു മണിക്കൂര്‍ വരെയാകാം. വിശ്രമമില്ലാത്ത ഈ ജോലി ചിലര്‍ക്ക് താങ്ങാന്‍ കഴിയില്ല. ഇപ്പോള്‍ പൊലിസ് സേനയില്‍ ഉന്നത വിദ്യാഭ്യാസം ഉള്ളവരാണുള്ളത്. പത്താം ക്ലാസ് കഴിഞ്ഞ് സാധാരണ പൊലിസുകാരനായി കയറി ഉന്നത പദവിയിലെത്തുമ്പോള്‍ എന്‍ജിനിയറിങ്ങും, മാസ്റ്റര്‍ ബിരുദവും നേടിയവരെ കൊണ്ട് വീട്ടുവേല വരെ ചെയ്യിക്കുന്നതിനാല്‍ അപമാന ഭാരം കൊണ്ട് സ്വയം ജീവനൊടുക്കുന്നവരുമുണ്ട്.
കുടുംബത്തിനൊപ്പം സമയം ചെലവഴിക്കാനാകാത്ത അവസ്ഥയും സമ്മര്‍ദവും പൊലിസ് സേനയില്‍ ആത്മഹത്യ കൂടാന്‍ കാരണമാകുന്നു. പൊലിസുകാര്‍ സ്വയം ജീവനൊടുക്കുന്നത് സേനയിലെ സമ്മര്‍ദം കൊണ്ടല്ല എന്ന പതിവു പല്ലവി ആവര്‍ത്തിക്കുക മാത്രമാണ് ഓരോ ആത്മഹത്യ സമയത്തും ഉന്നത ഉദ്യോഗസ്ഥര്‍ ചെയ്യുക. അടുത്തിടെയുണ്ടായ ആത്മഹത്യകള്‍ പരിശോധിച്ചപ്പോള്‍ അവയിലേറെയും സാമ്പത്തിക പ്രശ്‌നങ്ങളാണെന്ന് കണ്ടെത്തിയെന്നാണ് സംസ്ഥാന പൊലിസ് മേധാവി ലോക്‌നാഥ് ബെഹ്‌റ പറയുന്നത്.
പൊലിസുകാരുടെ പ്രശ്‌നങ്ങള്‍ മനസിലാക്കാന്‍ സ്റ്റേഷന്‍ ചുമതലയുള്ള ഇന്‍സ്‌പെക്ടര്‍ തയ്യാറാവണം. സ്റ്റേഷനിലെ പൊലിസുകാരെ ഒരു കുടുംബം പോലെ പരിഗണിക്കണം. മാനസിക പ്രശ്‌നങ്ങള്‍ നേരിടുന്നവര്‍ക്ക് ലഘുവായ ഡ്യൂട്ടികള്‍ നല്‍കണം. മേലുദ്യോഗസ്ഥരെ വിവരമറിയിക്കുകയും അവരെ സൂക്ഷ്മതയോടെ പരിഗണിക്കുകയും വേണം. ഇക്കാര്യങ്ങള്‍ വിശദീകരിച്ച് എസ്.എച്ച്.ഒമാര്‍ക്ക് നിര്‍ദേശം ഉടന്‍ പുറപ്പെടുവിക്കുമെന്നുമാണ് പൊലിസ് മേധാവിയുടെ ഭാഷ്യം. അതേസമയം, എ.ഡി.ജി.പിമാരായ ബി.സന്ധ്യ, ആര്‍. ശ്രീലേഖ എന്നിവര്‍ പൊലിസുകാരുടെ ആത്മഹത്യ കൂടുന്നതിനെക്കുറിച്ച് പഠിച്ച് റിപ്പോര്‍ട്ട് നല്‍കിയിട്ടുണ്ട്. അത് ഇപ്പോഴും പൊലിസ് ആസ്ഥാനത്ത് അലമാരയ്ക്കുള്ളില്‍ തന്നെയാണ്.
ഒരു പൊലിസ് ഉദ്യോഗസ്ഥനെയോ ഉദ്യോഗസ്ഥയെയോ ആത്മഹത്യയിലേയ്ക്ക് നയിക്കുന്ന വഴി കണ്ടെത്താന്‍ മാറി മാറി വരുന്ന സര്‍ക്കാരോ ഉന്നത ഉദ്യോഗസ്ഥരോ ശ്രമിക്കുന്നില്ല. മാറ്റങ്ങള്‍ അനിവാര്യമാണ്. ഓരോ പൊലിസുകാരനും മനുഷ്യനാണ്. അവര്‍ക്കും ജീവിക്കാനുള്ള ആഗ്രഹങ്ങളുണ്ടാകാം,സമ്മര്‍ദമുണ്ടാകാം. എന്നാല്‍ സ്വയം ജീവനൊടുക്കാന്‍ അവനെ തള്ളിവിടരുത്. സേനയില്‍ ഓരോ പൊലിസ് ഉദ്യോഗസ്ഥന്റെയും മാനസിക സമ്മര്‍ദം കുറയ്ക്കാന്‍ സര്‍ക്കാര്‍ ഇടപെട്ടാലെ പറ്റുകയുള്ളൂ. ഉന്നത ഉദ്യോഗസ്ഥര്‍ അവരുടെ നിലപാട് തിരുത്തിയാലേ പറ്റുകയുള്ളൂ. അവരും ജീവിക്കട്ടെ സ്വയം മരണത്തെ വിളിച്ചുവരുത്താതെ മരണം വിളിക്കുന്നതുവരെ.
പ്രഖ്യാപനങ്ങള്‍ ഉണ്ടാകും, നടപടിയില്ല
പൊലിസിലെ ഓരോ ആത്മഹത്യ സമയത്തും പുതിയ പദ്ധതികളുമായി സേനാ തലവന്‍ എത്തുമെങ്കിലും പിന്നീട് അത് വഴിയില്‍ ഉപേക്ഷിക്കുന്നതാണ് നമ്മള്‍ മലയാളികള്‍ കണ്ടു വരുന്നത്. കഠിനജോലി ചെയ്യുന്ന പൊലിസുകാരുടെ മാനസിക, കുടുംബപ്രശ്‌നങ്ങള്‍ക്ക് പരിഹാരമുണ്ടാക്കാന്‍ സൈക്കോളജിസ്റ്റുകള്‍ അടക്കം വിദഗ്ധരെ ഉള്‍പ്പെടുത്തി സമിതിയുണ്ടാക്കുമെന്നാണ് പുതിയ പ്രഖ്യാപനം.
തിരുവനന്തപുരം എസ്.എ.പിയിലെ കൗണ്‍സലിങ് സെന്ററില്‍ പൊലിസുകാര്‍ക്ക് കൗണ്‍സലിങ് നല്‍കുമെന്നും പ്രഖ്യാപനമുണ്ട്. കടുത്ത മാനസിക സംഘര്‍ഷം അനുഭവിക്കുന്നവരെ കണ്ടെത്തി എസ്.എച്ച്.ഒമാര്‍ എസ്.എ.പിയിലേക്ക് അയക്കണം. മാനസിക സംഘര്‍ഷമുള്ളവരെ കണ്ടെത്താനും അവര്‍ക്കുവേണ്ട നിര്‍ദേശങ്ങള്‍ നല്‍കാനും എസ്.എച്ച്.ഒമാര്‍ക്ക് തൃശൂര്‍ പൊലിസ് അക്കാദമിയിലും തിരുവനന്തപുരത്ത് പൊലിസ് ട്രെയിനിങ് കോളജിലും പരിശീലനം നല്‍കും. ഭാവിയില്‍ എല്ലാ ജില്ലകളിലും പൊലിസുകാര്‍ക്ക് കൗണ്‍സലിങ് സെന്ററുകളുണ്ടാക്കുമെന്നും പ്രഖ്യാപനമുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."