'ബെമലി'ന്റെ ഭൂമി വില്‍പ്പന: കേന്ദ്രം അംഗീകാരം നല്‍കി
പ്രതിഷേധങ്ങള്‍ക്കിടയിലും നടപടിയുമായി കേന്ദ്ര സര്‍ക്കാര്‍ മുന്നോട്ട്
പാലക്കാട്: കേന്ദ്രപൊതുമേഖലാ സ്ഥാപനമായ ബെമലിന്റെ വിവിധ യൂനിറ്റുകളിലെ ഭൂമിവില്‍പ്പനയ്ക്ക് കേന്ദ്രസര്‍ക്കാര്‍ അംഗീകാരം നല്‍കി. രാജ്യത്ത് വിവിധ പ്രദേശങ്ങളിലുള്ള സ്ഥാപനത്തിന്റെ 4,160 ഏക്കര്‍ ഭൂമിയാണ് വില്‍ക്കുന്നത്. പ്രതിരോധമേഖലയ്ക്കായി ടെട്രാ ട്രക്കുകളും കൂടാതെ ഖന ന യന്ത്രങ്ങളും മെട്രോകോച്ചുകളുമടക്കം നിര്‍മിക്കുന്ന രാജ്യത്തെ ഏക പൊതുമേഖലാ സ്ഥാപനത്തെ മൂന്നായി തിരിച്ചാണ് വില്‍പ്പന നടത്തുന്നത്. ആദ്യം ഭൂമി, പിന്നീട് കെട്ടിടങ്ങള്‍, തുടര്‍ന്ന് ഉല്‍പാദനമേഖല എന്നിങ്ങനെയാണ് വില്‍പന. ഇതിനെതിരേ വിവിധ യൂനിറ്റുകളിലെ ജീവനക്കാര്‍ പ്രക്ഷോഭം തുടങ്ങിയിട്ടുണ്ട്.
കഴിഞ്ഞ കേന്ദ്ര സര്‍ക്കാരിന്റെ കാലത്ത് 518 കോടി വിലനിശ്ചയിച്ച് ബെമലിനെ വില്‍ക്കാന്‍ ശ്രമിച്ചിരുന്നു. പ്രതിപക്ഷ പ്രതിഷേധത്തെ തുടര്‍ന്ന് ഇത് മാറ്റിവയ്ക്കുകയായിരുന്നു. രണ്ടാം മോദി സര്‍ക്കാര്‍ പൊതുമേഖലാ സ്ഥാപനങ്ങളെ തരംതിരിച്ച് വില്‍ക്കാന്‍ തീരുമാനിച്ചതോടെയാണ് ബെമലും പട്ടികയില്‍ ഉള്‍പ്പെട്ടത്. എം.പിമാര്‍ രാജ്യസഭയില്‍ ചോദ്യമുന്നയിച്ചപ്പോള്‍ പ്രതിരോധ ഉല്‍പാദനത്തില്‍ പത്ത് ശതമാനം മാത്രമാണ് ബെമലിന്റെ സംഭാവനയെന്നും, അതിനാല്‍ വില്‍പന രാജ്യസുരക്ഷയെ ബാധിക്കില്ലെന്നുമാണ് പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ് മറുപടി നല്‍കിയത്.
ആസ്ഥാന യൂനിറ്റായ ബംഗളൂരുവിലെ 205 ഏക്കര്‍ ഭൂമിയുടെ മാത്രം വിപണിവില 18,000 കോടിവരും. ഹെഡ്ഓഫിസ് കെട്ടിടത്തിന്റെ മൂന്ന് ഏക്കറിന് മതിപ്പുവില 400 കോടി വരും. മൈസൂരു കോലാര്‍ ഖനിയില്‍ 1,863 ഏക്കറും, മൈസൂരു നഗരത്തില്‍ 560 ഏക്കറും, ചെന്നൈ, ഡല്‍ഹി, മുംബൈ, കൊല്‍ക്കത്ത, കൊച്ചി എന്നിവിടങ്ങളിലും ഏക്കര്‍ കണക്കിനു ഭൂമിയും സ്ഥാപനത്തിനുണ്ട്. കഞ്ചിക്കോട് വ്യവസായ മേഖലയില്‍ 375 ഏക്കര്‍ ഭൂമി സംസ്ഥാന സര്‍ക്കാര്‍ സൗജന്യമായി നല്‍കിയാണ് യൂനിറ്റ് സ്ഥാപിച്ചത്.
നിലവില്‍ രാജ്യാന്തര ടെന്‍ഡറിലൂടെ 4,000 കോടിയുടെ ഓര്‍ഡറാണ് ബെമല്‍ നേടിയിട്ടുള്ളത്. അടുത്ത മൂന്ന് വര്‍ഷത്തേക്ക് 10,000 കോടിയുടെ ഉല്‍പാദനത്തിനും കരാര്‍ ലഭിച്ചിട്ടുണ്ട്. പ്രതിരോധ മന്ത്രാലയത്തിനു കീഴില്‍ മിനിരത്‌ന കാറ്റഗറി ഒന്നില്‍പ്പെടുന്ന ബെമലിന്റെ 2017 - 18ലെ വരുമാനം 3,246 കോടി രൂപയാണ്. മുന്‍വര്‍ഷത്തെ 2,892 കോടിയെക്കാള്‍ 30 ശതമാനം അധികമാണിത്.
കേന്ദ്രസര്‍ക്കാരിന് 54.03 ശതമാനം ഓഹരിയാണ് കമ്പനിയിലുള്ളത്. ഇതില്‍ 26 ശതമാനം വിറ്റഴിച്ച് മാനേജ്‌മെന്റ് നിയന്ത്രണം സ്വകാര്യമേഖലയ്ക്ക് കൈമാറാനാണ് കേന്ദ്രതീരുമാനം. ബെമലിനൊപ്പം ഓഹരി വിറ്റഴിക്കാന്‍ തീരുമാനിച്ച മറ്റ് 10 പൊതുമേഖലാ കമ്പനികളിലും നടപടികള്‍ പുരോഗമിക്കുകയാണ്. ലാഭത്തിലുള്ള പ്രതിരോധസ്ഥാപനമായ ബെമലിന്റെ സ്വകാര്യവല്‍ക്കരണത്തിനെതിരേ പ്രതിഷേധം ശക്തമാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."