വാളയാറിനു സമീപം ഒരു കോടിയുടെ കുഴല്‍പ്പണവുമായി രണ്ടു പേര് അറസ്റ്റില്‍
വാളയാര്‍: കോയമ്പത്തൂര്‍ - പാലക്കാട് ദേശീയ പാതയില്‍ വാളയാറിനു സമീപം വീണ്ടും കുഴല്‍പ്പണ വേട്ട. വാളയാര്‍ ചെക്പോസ്റ്റുവഴി സ്വകാര്യ ബസില്‍ കടത്തിയ ഒരു കോടിയോളം രൂപയാണ് എക്സൈസ് സംഘം പിടികൂടിയത്. ഇന്നലെ പുലര്‍ച്ചെ അഞ്ചോടെയാണ് അട്ടപ്പള്ളത്തുവച്ച് പറളി എക്സൈസ് റെയ്ഞ്ചിന്റെ വാഹന പരിശോധനയില്‍ പണം പിടികൂടിയത്.
ചെന്നൈ സ്വദേശികളായ അഹമ്മദ് സക്സിന്, മുഹമ്മദ് കുദ്ദൂസ് എന്നിവരെയാണ് എക്സൈസ് അധികൃതര്‍ പിടികൂടിയത്. ചെന്നൈയില്‍ നിന്നും പെരിന്തല്‍മണ്ണയിലേക്കു കൊണ്ടുപോവുകയായിരുന്നുവെന്ന് എക്സൈസ് അധികൃതര്‍ പറഞ്ഞു. വാഹനപരിശോധനയ്ക്കിടെ ഇവരുടെ കൈവശമുണ്ടായിരുന്ന ബാഗില്‍ നിന്നുമാണ് ഒരുകോടി അഞ്ചുലക്ഷത്തിഇരുപത്തിഎണ്ണായിരം രൂപ കണ്ടെത്തിയത്. എക്സൈസ് ഇന്‍സ്പെക്ടര്‍ ഗോപിദാസ്, പ്രിവന്റീവ് ഓഫിസര്‍ മനോജ്കുമാര്‍, സിവില്‍ എക്സൈസ് ഓഫിസര്‍മാരായ പ്രേംകുമാര്‍, മുരളീ മോഹന്‍ നേതൃത്വം നല്കി. കഴിഞ്ഞ 23ന് പുതുശേരിക്കു സമീപം അന്തര്‍സംസ്ഥാന കെ.എസ്.ആര്.ടി.സിബസില്‍ കടത്താന്‍ ശ്രമിച്ച മൂന്ന് ലക്ഷം രൂപയുടെ കുഴല്‍പ്പണവുമായി കോഴിക്കോട് സ്വദേശി അഷറഫിനെ എക്സൈസ് അധികൃതര്‍ പിടികൂടിയത്. അതിനുമുന്‍പ് ആലത്തൂരില്‍ രണ്ട് കോടിയുടെ കുഴല്‍പ്പണം എക്സൈസ് അധികൃതര്‍ പിടിക്കൂടിയിരുന്നു. കഴിഞ്ഞമാസം വാളയാറില്‍ വജ്രം പതിപ്പിച്ച രണ്ടേകാല്‍ കോടിയുടെ സ്വര്‍ണാഭരണങ്ങളും എക്സൈസ് അധികൃതര്‍ പിടിച്ചിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."