മന്മോഹന് സിങ്ങിന് ഇനി എസ്.പി.ജി സുരക്ഷയില്ല
ന്യൂഡല്‍ഹി: മുന്‍ പ്രധാനമന്ത്രി ഡോ. മന്മോഹന് സിങ്ങിനുള്ള എസ്.പി.ജി സുരക്ഷ പിന്‍വലിച്ചു. ഇനി മുതല്‍ അര്‍ധസൈനിക വിഭാഗമായ സി.ആര്.പി.എഫിന്റെ 'ഇസഡ് പ്ലസ്' സുരക്ഷയായിരിക്കും മുന്‍ പ്രധാനമന്ത്രിക്കുണ്ടാവുക. ആഭ്യന്തര മന്ത്രാലയത്തിലെയും രഹസ്യാന്വേഷണ ഏജന്‍സികളിലെയും ഉദ്യോഗസ്ഥരുടെ അവലോകന യോഗത്തില്‍ മൂന്നുമാസം കൂടി സുരക്ഷ നീട്ടിനല്കാന് തീരുമാനിച്ചിരുന്നു. എന്നാല്‍ ഈ കാലാവധി ഇന്നലെ അവസാനിച്ചതോടെ എസ്.പി.ജിയുടെ സേവനം അവസാനിപ്പിക്കുകയായിരുന്നു.
മുന്‍ പ്രധാനമന്ത്രിയുടെ സുരക്ഷ പിന്‍വലിക്കാന്‍ കേന്ദ്രസര്‍ക്കാരിന് സാങ്കേതികമായി അധികാരമുണ്ടെങ്കിലും മുന്‍ സര്‍ക്കാരുകള്‍ സുരക്ഷ തുടര്‍ന്നിരുന്നു. ജനതാദള്‍ (എസ്) നേതാവ് എച്ച്.ഡി ദേവഗൗഡയ്ക്കുള്ള എസ്.പി.ജി സുരക്ഷ പത്തു വര്‍ഷത്തിന് ശേഷം പിന്‍വലിച്ചിരുന്നു. രഹസ്യാന്വേഷണ വിഭാഗത്തിന്റെ റിപ്പോര്‍ട്ടുകള്‍ അനുസരിച്ചാണ് വി.വി.ഐ.പികള്‍ക്കും അവരുടെ കുടുംബങ്ങള്‍ക്കും എസ്.പി.ജി സുരക്ഷയൊരുക്കുന്നത്. മന്‍മോഹന്‍സിങ്ങിന്റെ മകളും വാജ്പേയിയുടെ വളര്‍ത്തുമകളും നേരത്തെ തന്നെ എസ്.പി.ജി സുരക്ഷ വേണ്ടെന്നുവച്ചിരുന്നു.
രാജീവ് ഗാന്ധി വധത്തിനുശേഷമാണ് വി.വി.ഐ.പികള്‍ക്കുള്ള സുരക്ഷയ്ക്കായി എസ്.പി.ജി സ്ഥാപിച്ചത്. നിലവില്‍ 3,000 അംഗങ്ങളാണ് എസ്.പി.ജിയില്‍ ഉള്ളത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."