മലയോര സംരക്ഷണസമിതി നടത്തിവന്ന നിരാഹാരസമരം പിന്‍വലിച്ചു
തൃശൂര്‍: വട്ടപ്പാറയിലെ അനധികൃത ക്വാറികള്‍ അടച്ചുപൂട്ടണമെന്നാവശ്യപ്പെട്ട് മലയോര സംരക്ഷണസമിതിയുടെ നേതൃത്വത്തില്‍ കലക്ടറേറ്റിന് മുന്നില്‍ നടന്നുവന്ന നിരാഹാരസമം പിന്‍വലിച്ചു. ക്വാറികളുടെ പട്ടയം റദ്ദാക്കുമെന്ന മന്ത്രിതല ചര്‍ച്ചയിലെ ഉറപ്പിനെ തുടര്‍ന്നാണ് സമരം പിന്‍വലിച്ചത്. വലക്കാവിലെ ക്വാറികളുടെ പട്ടയം റദ്ദാക്കാന്‍ റവന്യൂ മന്ത്രി കലക്ടറോട് നിര്‍ദ്ദേശിച്ചു. ക്വാറികളുടെ നിലവിലുള്ള സ്‌റ്റോപ്പ് മെമ്മോ തുടരുമെന്നും മന്ത്രി പറഞ്ഞു. ഒരു മാസത്തിനുള്ളില്‍ ക്വാറികളുടെ ലൈസന്‍സ് റദ്ദാക്കുമെന്നാണ് ചര്‍ച്ചയിലെ തീരുമാനം. കലക്‌ട്രേറ്റില്‍ നടത്തിയ അനിശ്ചിതകാല നിരാഹാര സമരത്തെ തുടര്‍ന്നാണ് തിരുവനന്തപുരത്ത് മന്ത്രി തല ചര്‍ച്ചയ്ക്ക് കളമൊരുങ്ങിയത്.
ജില്ലാ ഭരണകൂടം ക്വാറികളുടെ ലൈസന്‍സ് റദ്ദാക്കുന്നതില്‍ അലംഭാവം കാണിക്കുന്നുവെന്നായിരുന്നു സമരക്കാരുടെ പരാതി. ഹൈക്കോടതി നിര്‍ദ്ദേശം നടപ്പാക്കാന്‍ അധികൃതര്‍ നടപടിയെടുക്കാത്തതില്‍ പ്രതിഷേധിച്ചാണ് നിരാഹാരസമരം ആരംഭിച്ചത്. സമരത്തിന് പിന്തുണയുമായി കോണ്‍ഗ്രസടക്കമുള്ള പ്രതിപക്ഷ പാര്‍ട്ടികള്‍ രംഗത്തു വന്നതോടെ ചര്‍ച്ച നടത്തി പ്രശ്‌നം പരിഹരിക്കാന് സര്‍ക്കാര്‍ തയാറാവുകയായിരുന്നു. റവന്യൂമന്ത്രി ഇ ചന്ദ്രശേഖരന്‍, കൃഷി വകുപ്പു മന്ത്രി അഡ്വ.വി എസ് സുനില്‍കുമാര്‍ എന്നിവരുടെ നേതൃത്വത്തിലാണ് തിരുവനന്തപുരത്ത് ചര്‍ച്ച നടന്നത്. എം.എല്‍.എമാരായ അനില്‍ അക്കര, കെ രാജന്‍, എ.ഡി.എം അനന്തകൃഷ്ണന്‍ സമരസമിതി കണ്‍വീനര്‍ ജോബി, സുരേഷ് തെക്കൂട്ട് തുടങ്ങിയവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു.
എട്ട് ദിവസമായി സമരസമിതി പ്രവര്‍ത്തക മിനി നടത്തിവന്ന നിരാഹാരമാണ് പിന്‍വലിച്ചത്. അതേസമയം തീരുമാനം നടപ്പാക്കുന്നതുവരെ രാപ്പകല്‍ സമരം തുടരുമെന്നും സംരക്ഷണ സമിതി അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."