പാലയില്‍ ഇടതു സ്ഥാനാര്‍ഥിയെ ഇന്ന് പ്രഖ്യാപിക്കും; മാണി സി. കാപ്പനെ തന്നെയാവും നാലാമതും ഇടതുപക്ഷം കളത്തിലിറക്കുക
കോട്ടയം: പാലാ ഉപതിരഞ്ഞെടുപ്പിനുള്ള ഇടത് മുന്നണി സ്ഥാനാര്‍ത്ഥിയെ ഇന്നു പ്രഖ്യാപിക്കും. തര്‍ക്കങ്ങളില്ലാതെ ഇത്തവണയും എന്‍.സി.പി നേതാവ് മാണി സി. കാപ്പന്‍ തന്നെയായിരിക്കും ഇടത് മുന്നണിക്ക് വേണ്ടി ജനവിധി തേടുക. പാലാ നിയമസഭാ സീറ്റ് സി.പി.എം ഏറ്റെടുക്കില്ലെന്ന് പാര്‍ട്ടി സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ നേരത്തേ വ്യക്തമാക്കിയിരുന്നു. സ്ഥാനാര്‍ത്ഥിത്വം സംബന്ധിച്ച് യു.ഡി.എഫില്‍ തര്‍ക്കം നടക്കുന്നതിനിടെയാണ് തങ്ങളുടെ സ്ഥാനാര്‍ഥിയെ നേരത്തെ പ്രഖ്യാപിച്ച് ഇടതുപക്ഷം പ്രചാരണത്തില്‍ മുന്നേറാന്‍ തയാറെടുക്കുന്നത്.
ഇന്ന് രാവിലെ 11 മണിക്കാണ് എന്‍.സി.പി യോഗം. സംസ്ഥാന ഭാരവാഹികളും ജില്ലാ അധ്യക്ഷന്മാരും പങ്കെടുക്കുന്ന യോഗം മാണി സി. കാപ്പനെ സ്ഥാനാര്‍ത്ഥിയായി തിരഞ്ഞെടുക്കും. കെ.എം മാണിയുടെ അസാന്നിധ്യത്തില്‍ മണ്ഡലത്തില്‍ വലിയ മുന്നേറ്റമുണ്ടാക്കാന്‍ പാലാക്കാര്‍ക്കു സുപരിചിതനായ കാപ്പനു കഴിയുമെന്നാണ് പാര്‍ട്ടിയുടെയും ഇടതുമുന്നണിയുടെയും പ്രതീക്ഷ. മൂന്നുതവണയാണു മുന്‍പ് മാണി സി. കാപ്പന്‍ കെ.എം മാണിയെ നേരിട്ടത്. അന്നൊക്കെയും വിജയം മാണിയോടൊപ്പമായിരുന്നു. എന്നാല്‍ കഴിഞ്ഞ തവണ മാണിയുടെ ഭൂരിപക്ഷം 4703 ആക്കി കുറയ്ക്കാന്‍ കാപ്പനു കഴിഞ്ഞിരുന്നു. സ്വാതന്ത്ര്യസമര സേനാനിയും മുന്‍ എം.പിയും എം.എല്‍.എയുമായിരുന്ന ചെറിയാന്‍ ജെ. കാപ്പന്റെ മകനാണ് മാണി സി. കാപ്പന്‍.
വൈകീട്ട് മൂന്ന് മണിക്കാണ് ഇടതുമുന്നണി യോഗം. എന്‍.സി.പി മുന്നോട്ട് വയ്ക്കുന്ന സ്ഥാനാര്‍ത്ഥിയുടെ പേര് എല്‍.ഡി.എഫ് യോഗം അംഗീകരിക്കും. ഇതിന് ശേഷമാകും സ്ഥാനാര്‍ത്ഥി പ്രഖ്യാപനം. തെരഞ്ഞെടുപ്പ് കണ്‍വെന്‍ഷന്റെ തിയതിയും പ്രചരണപരിപാടികളും ഇന്നത്തെ ഇടത് മുന്നണി യോഗത്തില്‍ തീരുമാനിക്കും.
കേരള കോണ്‍ഗ്രസിന് വ്യക്തമായ മേല്‍ക്കൈ ഉള്ള മണ്ഡലത്തില്‍ പാര്‍ട്ടിക്കുള്ളില്‍ രൂപപ്പെട്ട ഭിന്നത ലക്ഷ്യം വച്ചാണ് എല്‍.ഡി.എഫ് കരുക്കള്‍ നീക്കുന്നത്. ജോസഫ് വിഭാഗവും ജോസ് കെ.മാണി വിഭാഗവും തമ്മിലുള്ള തര്‍ക്കം രൂക്ഷമായി തുടരുന്ന സാഹചര്യം തങ്ങള്‍ക്ക് അനുകൂലമാവുമെന്ന കണക്കുകൂട്ടലിലാണ് ഇടത് ക്യാംപ്.
pala bye election. ldf will announced their candidate today
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."