'മീ റ്റൂ' വലയില്‍ കുടുങ്ങിയ 'മഹാനായ' അക്ബര്‍
എണ്‍പതുകളുടെ അന്ത്യത്തില്‍ ഭാവിജീവിതം കരുപ്പിടിപ്പിക്കാനുള്ള ചിന്തകള്‍ പല വഴിക്കു കറങ്ങിത്തിരിഞ്ഞ് ആശയക്കുഴപ്പം മാത്രം ബാക്കിയാക്കിയപ്പോള്‍ തെരഞ്ഞെടുക്കേണ്ടത് പത്രപ്രവര്‍ത്തനമാണെന്നുപദേശിച്ചതു വൈക്കം മുഹമ്മദ് ബഷീറാണ്. അക്കാലത്ത് മുസ്‌ലിം യൂത്ത് ലീഗിന്റെ ജിഹ്വയായ 'തൂലിക'യുടെ പേരില്‍ ഡോ. എം.കെ മുനീറിനോടും സി. മമ്മൂട്ടിയോടുമൊപ്പം എത്രയോ സായാഹ്നങ്ങള്‍ ബേപ്പൂര്‍ സുല്‍ത്താന്റെ സവിധത്തില്‍ ചെലവഴിച്ചിട്ടുണ്ട്.
''കാക്കമാരേ, സമുദായത്തിലെത്ര വക്കീലന്മാരും വാധ്യാന്മാരുമുണ്ട്. നല്ല ഒരു പത്രക്കാരനുണ്ടോ. ആകെയുള്ളത് ആ അക്ബറാണ്, മഹാനായ അക്ബര്‍!''. എം.ജെ അക്ബറിനെക്കുറിച്ചു ബഷീറിന് വലിത മതിപ്പാണെന്ന് ആ സ്വരത്തില്‍നിന്നു വായിച്ചെടുത്തു. ഞങ്ങളുടെ തലമുറയെ പത്രപ്രവര്‍ത്തനത്തിലേയ്ക്കും എഴുത്തിലേയ്ക്കും ആകര്‍ഷിക്കുന്നതിന് അക്ബറിനെപ്പോലുള്ള മീഡിയ ആക്ടിവിസ്റ്റുകള്‍ക്കു വലിയ പങ്കുണ്ടായിരുന്നു.
സാധാരണാര്‍ഥത്തിലുള്ള പത്രപ്രവര്‍ത്തനമായിരുന്നില്ല കുല്‍ദീപ് നയ്യാറും ഖുശ്വന്ത്‌സിങ്ങും വി.ജി വര്‍ഗീസും വിനോദ് മേത്തയും എം.ജെ അക്ബറുമെല്ലാം കൊണ്ടുനടന്നത്. രാഷ്ട്രീയ, സാമൂഹികവിഷയങ്ങളില്‍ ആഴത്തില്‍ ഇടപെട്ടുകൊണ്ടുള്ള ഇവരുടെ ഇടപെടലുകള്‍ക്കു രാജ്യമൊട്ടുക്കും സ്വീകാര്യതയും ജനപ്രിയതയുമുണ്ടായിരുന്നു.
1976 ല്‍ അക്ബറിന്റെ പത്രാധിപത്യത്തില്‍ തുടക്കമിട്ട 'സണ്‍ഡേ' രാഷ്ട്രീയവാര്‍ത്താ വാരികയിലൂടെയാണു ഞങ്ങളുടെ തലമുറ നാടിന്റെ നാഡിമിടിപ്പുകള്‍ തൊട്ടറിഞ്ഞതും വിശാലമായ ജനാധിപത്യസംസ്‌കൃതിയുടെ അകത്തളങ്ങളിലേയ്ക്കു കയറിച്ചെന്നതും. രാഷ്ട്രീയക്കാരന്റെ മാത്രമല്ല, പൊതുവിജ്ഞാന കുതുകികളായ വിദ്യാര്‍ഥിയുടെ കൈപ്പുസ്തകം കൂടിയായിരുന്നു അന്നു 'സണ്‍ഡേ'.
മാധ്യമപ്രവര്‍ത്തനത്തില്‍ നൈപുണി തെളിയിച്ച അക്ബറിനെ പിന്നെ നമ്മള്‍ കാണുന്നതു ടെലിഗ്രാഫ് , ഏഷ്യന്‍ഏജ് പത്രങ്ങളുടെ തലപ്പത്താണ്. ഇന്ത്യ ടുഡേ, സണ്‍ഡേ ഗാര്‍ഡിയന്‍, ഡെക്കാന്‍ ക്രോണിക്ക്ള്‍ തുടങ്ങി അന്താരാഷ്ട്രവേരുകളുള്ള ഒട്ടനവധി പ്രസിദ്ധീകരണങ്ങളിലൂടെ അദ്ദേഹം പ്രശസ്തിയുടെ കൈയൊപ്പു ചാര്‍ത്തി.
മുബഷിര്‍ ജാവിദ് അക്ബര്‍ എന്ന എം.ജെ അക്ബര്‍ എണ്‍പതുകളില്‍ പുസ്തകരചനയില്‍ വ്യാപൃതനായപ്പോള്‍ വായനക്ഷമതയും ചിന്തോദ്ദീപകവുമായ കുറേ രചനകള്‍ കൃതഹസ്തമായ ആ തൂലികയില്‍നിന്നു പുറത്തുവന്നു. പക്ഷേ, പൂര്‍ണമായും സത്യസന്ധമോ നിഷ്പക്ഷമോ ആയിരുന്നില്ല അവയിലൂടെ എടുത്തുകാട്ടപ്പെട്ട വസ്തുതകള്‍. ഉത്തരേന്ത്യന്‍ തെരുവുകളില്‍ മുറതെറ്റാതെ വര്‍ഗീയകലാപങ്ങള്‍ ഓരോ വര്‍ഷവും കൊണ്ടാടപ്പെട്ടപ്പോള്‍ അതിനെ നിഷ്പക്ഷമായി അപഗ്രഥിക്കുകയാണെന്ന മട്ടില്‍ അക്ബര്‍ എഴുതിയ 'റയറ്റ്‌സ് ആഫ്റ്റര്‍ റയറ്റ്‌സ് ' എന്ന പുസ്തകം ഇരകളെയും വേട്ടക്കാരെയും ഒരേ ബ്രഷുകൊണ്ടു ചായം പൂശുന്ന കാപട്യത്തിന്റെ നിദര്‍ശനമായിരുന്നു.
'ഇന്ത്യ: ദി സീജ് വിതിന്‍', 'ദി ഷേഡ് ഓഫ് സോഡ്: ഹിസ്റ്ററി ഓഫ് ജിഹാദ് ', 'നെഹ്‌റു: ദി മെയ്ക്കിങ് ഓഫ് ഇന്ത്യ' തുടങ്ങിയ രചനകള്‍ സ്വതന്ത്ര ഇന്ത്യ കടന്നുപോയ വഴികളിലെ രാഷ്ട്രീയവും മതവും കാലുഷ്യവും കൂടിപ്പിണഞ്ഞുകിടക്കുന്ന ഇന്ത്യനവസ്ഥയുടെ സങ്കീര്‍ണതകള്‍ പ്രതിപാദിക്കുന്നവയാണെങ്കിലും വിപണിയും തന്റെ പ്രതിച്ഛായയും ലക്ഷ്യമിട്ടുള്ള ഞാണിന്മേല്‍ക്കളി ഉടനീളം ദൃശ്യമായിരുന്നു. ഹിന്ദുത്വശക്തികള്‍ പ്രചാരണരംഗത്ത് ഇന്നു കാണുംമട്ടില്‍ വളരാതിരുന്ന കാലത്ത് അക്ബറിന്റെ രചനകളില്‍ അവര്‍ക്ക് ഇന്ധനമായെടുക്കാവുന്ന തലതിരിഞ്ഞ നിരീക്ഷണങ്ങള്‍ എമ്പാടുമുണ്ടായിരുന്നു.
അക്ബറിന്റെ അടവുകള്‍
എന്നിട്ടും അക്ബറെ ആരും തള്ളിപ്പറഞ്ഞില്ല. പത്രപ്രവര്‍ത്തനിലെ അപാര മെയ്‌വഴക്കത്തിലൂടെ ചിന്താവൈകൃതങ്ങളെ മറികടക്കുന്നതില്‍ അദ്ദേഹം വിജയിച്ചു.
രാജീവ് ഗാന്ധിയുമായി വിളക്കിച്ചേര്‍ത്ത സൗഹൃദം അധികാരത്തിന്റെ ഇടനാഴികളിലേയ്ക്കു വഴി കാണിച്ചപ്പോള്‍ ഉപദേശകന്റെയും ഉപജാപകന്റെയും ഉത്തരീയം സ്വയമെടുത്തണിഞ്ഞു. ഷാബാനു ബീഗം കേസിന്റെ വിധിയെത്തുടര്‍ന്നു സംജാതമായ പ്രക്ഷുബ്ധാവസ്ഥ നേരിടുന്നതിന്, തെരുവിലിറങ്ങിയ മുസ്‌ലിംകളെ കോണ്‍ഗ്രസ് പക്ഷത്തേയ്ക്കു കൊണ്ടുവരാന്‍ അക്ബറാണത്രേ രാജീവ് ഗാന്ധിക്കു പോംവഴി പറഞ്ഞുകൊടുത്തത്.
ഐ.എ.എസ് ഓഫിസറായി ഏറെക്കാലം പ്രധാനമന്ത്രിയുടെ ഓഫിസില്‍ ന്യൂനപക്ഷകാര്യങ്ങളുടെ ചുമതല വഹിച്ച വജാഹത് ഹബീബുല്ല 'ദി ഹിന്ദു'വില്‍ (2016, ഒക്ടോബര്‍ 18) എഴുതിയ കുറിപ്പില്‍ ആ രഹസ്യം പങ്കുവയ്ക്കുന്നുണ്ട്:
'ഒരുദിവസം പ്രധാനമന്ത്രിയുടെ മുറിയിലേയ്ക്കു കയറിച്ചെന്നപ്പോള്‍ എം.ജെ അക്ബര്‍ മുന്നിലിരിക്കുന്നുണ്ടായിരുന്നു.''വരൂ വജാഹത്, നിങ്ങള്‍ കൂട്ടത്തിലുള്ളവരാണല്ലോ''. പതിവില്ലാത്ത സൗഹൃദഭാവത്തോടെ രാജീവ് ഗാന്ധി കസേര കാണിച്ചുതന്നു. അതിശയം നീണ്ടുനിന്നില്ല. ഈ അസാധാരണ പെരുമാറ്റത്തിന്റെ രഹസ്യം പിടികിട്ടി. ഷാബാനുകേസിന്റെ വിധി സൃഷ്ടിച്ച പ്രതിസന്ധി നേരിടാന്‍ എം.ജെ അക്ബറിന്റെ ഉപദേശപ്രകാരം സര്‍ക്കാര്‍ അസാധാരണമായ ഒരു നടപടിക്കൊരുങ്ങുകയാണത്രേ. വിധി ദുര്‍ബലപ്പെടുത്താന്‍ നിയമം കൊണ്ടുവരാനാണുപദേശം.'
അങ്ങനെയാണ് ഏറെ വിവാദം സൃഷ്ടിച്ച 1986 ലെ മുസ്‌ലിം വനിതാ നിയമം ചുട്ടെടുക്കുന്നത്. ഈ നിയമനിര്‍മാണത്തിനെതിരേ കോണ്‍ഗ്രസ് മന്ത്രിയായിരുന്നു ആരിഫ് മുഹമ്മദ് ഖാന്‍ ശബ്ദിച്ചപ്പോള്‍ ദൂരദര്‍ശന്‍ ചര്‍ച്ചയില്‍ എതിര്‍വാദവുമായി രാജീവിനുവേണ്ടി പ്രത്യക്ഷപ്പെട്ടത് അക്ബറാണ്. ഇതേ അക്ബര്‍ ബി.ജെ.പിയിലേയ്ക്കു ചേക്കേറിയപ്പോള്‍ മുസ്‌ലിം വനിതാ നിയമത്തെ ന്യൂനപക്ഷപ്രീണനമായും പിന്തിരിപ്പന്‍ തീരുമാനമായും അധിക്ഷേപിക്കുന്നതും നമുക്കു കേള്‍ക്കേണ്ടിവന്നു. വൈരുധ്യങ്ങളുടെയും കാപട്യത്തിന്റെയും ജീവിക്കുന്ന ദൃഷ്ടാന്തമാണ് ഈ മനുഷ്യന്‍.
1989 ല്‍ ബിഹാറിലെ മുസ്‌ലിം ഭൂരിപക്ഷ മണ്ഡലമായ കിഷന്‍ഗഞ്ചില്‍നിന്നു കോണ്‍ഗ്രസ് ടിക്കറ്റില്‍ ജയിച്ചുകയറിയതു സമുദായവികാരമുണര്‍ത്തിയാണ്. 1992 ല്‍ സമുദായമൊന്നടങ്കം തോല്‍പ്പിച്ചു. അപ്പോഴേയ്ക്കും അക്ബറിന്റെ തനിനിറം അവര്‍ മനസിലാക്കിക്കഴിഞ്ഞിരുന്നു.
ഓര്‍ഗനൈസേഷന്‍ ഓഫ് ഇസ്‌ലാമിക് കോണ്‍ഫറന്‍സിന്റെ നേതൃത്വത്തില്‍ 2005 ല്‍ മുസ്‌ലിം രാജ്യങ്ങള്‍ക്കായി ദശവര്‍ഷം ചാര്‍ട്ടര്‍ തയാറാക്കാന്‍ അബ്ദുല്ല രാജാവ് ആഗോളസമിതിയെ വച്ചപ്പോള്‍ അക്ബറും അംഗമായിരുന്നു. 2010 നുശേഷം ഇതേ അക്ബറിനെ സൗദി അറേബ്യയിലേയ്ക്ക് ഇന്ത്യന്‍ അംബാസിഡറായി നിയമിക്കാന്‍ നീക്കമുണ്ടായപ്പോള്‍ ആ രാജ്യം എതിര്‍ത്തുവെന്നാണ് അറിയാന്‍ കഴിഞ്ഞത്. അക്ബറിന്റെ ജീവിത, കുടുംബ പശ്ചാത്തലമന്വേഷിച്ചപ്പോള്‍ റിയാദ് ഭരണകൂടത്തിനു ദഹിക്കാവുന്നതിലും അപ്പുറത്താണെന്നു കണ്ടെത്തിയത്രേ.
തൊണ്ണൂറുകളുടെ ആദ്യത്തില്‍ കൊച്ചി താജ് മലബാറിന്റെ റസ്റ്ററന്റില്‍വച്ച് അക്ബറുമായി അഭിമുഖത്തിന് ഈ ലേഖകന് അവസരം കിട്ടിയപ്പോള്‍ 'കേരളം ഇഷ്ടപ്പെട്ടോ'യെന്ന ചോദ്യത്തിനു പെട്ടെന്നു വന്ന മറുപടി, ''ഞാന്‍ കേരളത്തിന്റെ മരുമകനാണ്. എന്റെ നല്ല പാതി മല്ലിക ജോസഫ് കോട്ടയത്തുകാരിയാണ്. എറണാകുളത്തുനിന്നു കോട്ടയത്തേയ്ക്ക് റോഡ് മാര്‍ഗമുള്ള യാത്ര ഞാന്‍ വല്ലാതെ ഇഷ്ടപ്പെടുന്നു.'' എന്നായിരുന്നു.
സ്ത്രീപീഡകന്റെ വേഷം
ഹോളിവുഡ് സിനിമാ നിര്‍മാതാവ് ഹാര്‍വെ വീന്‍സ്റ്റീന്‍ പതിറ്റാണ്ടുകളോളം ഒട്ടനവധി സ്ത്രീകളെ ലൈംഗികമായി പീഡിപ്പിച്ചിരുന്നുവെന്ന 'ന്യൂയോര്‍ക്ക് ടൈംസിന്റെ' വെളിപ്പെടുത്തലിനോടുള്ള പ്രതികരണമായി തുടക്കം കുറിച്ച ഹാഷ്ടാഗിലുള്ള 'മീ റ്റൂ' പ്രചാരണക്കൊടുങ്കാറ്റായി ഏഴാം കടലിനിക്കരെ പ്രശസ്തരും അറിയപ്പെടുന്നവരുമായ സ്ത്രീകള്‍ നിര്‍ഭയം ഏറ്റെടുത്തപ്പോള്‍ അസ്ത്രം ആദ്യം ചെന്നുപതിച്ചത് കേന്ദ്രമന്ത്രിയായ എം.ജെ അക്ബറിലാണെന്നതു ചരിത്രത്തിന്റെ കാവ്യനീതിയാകാം.
വ്യക്തികളെയും പ്രസ്ഥാനങ്ങളെയും ഇത്രയുംകാലം പ്രതിക്കൂട്ടില്‍ നിര്‍ത്തുകയും കോണ്‍ഗ്രസിനും ബി.ജെ.പിക്കും വേണ്ടി തരാതരം വാചാടോപം നടത്തി സ്‌പോക്‌സ്മാന്റെ റോള്‍ ഭംഗിയായി നിറവേറ്റുകയും ചെയ്ത അവസരവാദിയേക്കാള്‍ ജനമധ്യത്തില്‍ തൊലിയുരിയപ്പെടാന്‍ ആരാണ് അര്‍ഹന്‍.
പ്രിയാമണി, ഗസാല വഹാബ് തുടങ്ങി മാധ്യമമേഖലയില്‍ അറിയപ്പെടുന്ന 14 സ്ത്രീകളാണ് അക്ബറില്‍നിന്ന് ഏറ്റുവാങ്ങേണ്ടിവന്ന ലൈംഗികപീഡനത്തിന്റെ ഞെട്ടിപ്പിക്കുന്നതും അറപ്പുളവാക്കുന്നതുമായ കഥകളുമായി രംഗത്തുവന്നത്. ഗുരുസ്ഥാനീയനായ 'അധിപ'നില്‍നിന്നു ജീവിതത്തിന്റെ ഇളംപ്രായത്തില്‍ ഏല്‍ക്കേണ്ടിവന്ന അതിക്രൂരമായ ചെയ്തികള്‍ അവരുടെ മനസില്‍ എത്രമാത്രം വ്രണങ്ങളുണ്ടാക്കിയെന്ന് അറിയുമ്പോള്‍ തങ്ങള്‍ ബഹുമാനിച്ച, മനസിന്റെ ഔന്നത്യങ്ങളില്‍ പ്രതിഷ്ഠിക്കുന്ന മാധ്യമസ്ഥാപനങ്ങളില്‍ ഇങ്ങനെയൊക്കെയാണോ അരങ്ങേറുന്നതെന്നു സാമാന്യജനം മൂക്കത്തു കൈവയ്ക്കുന്നുണ്ടാകാം.
സമൂഹത്തിന്റെ കാവല്‍പ്പട്ടികള്‍ക്കു പേപിടിക്കുന്ന ദുര്യോഗം! ഇതുവരെ സ്വകാര്യദുഃഖമായി മനസില്‍ കൊണ്ടുനടന്ന രഹസ്യങ്ങള്‍ 'ദി വയര്‍ ' ഓണ്‍ലൈന്‍ പോര്‍ട്ടലിലൂടെ ഗസാല വഹാബ് ലോകത്തോടു പങ്കുവച്ചപ്പോള്‍ ഇത്രയ്ക്കു നീചനാണോ ഈ മനുഷ്യനെന്നു ജനം ചോദിച്ചുപോയി.
തൊണ്ണൂറുകളുടെ ആദ്യത്തില്‍ മനോമുകുരത്തില്‍ അക്ഷരരാജാവായി കണക്കാക്കിയ വലിയ മനുഷ്യനു കീഴില്‍ മാധ്യമപ്രവര്‍ത്തനം പരിശീലിക്കാനെത്തിയ യുവതിക്ക് ഏല്‍ക്കേണ്ടിവന്ന മാനസികവും ശാരീരികവുമായ ദുരനുഭവങ്ങള്‍ അക്കമിട്ട് നിരത്തുമ്പോള്‍ കുറ്റസമ്മതം നടത്തി പൊതുജീവിതത്തില്‍നിന്ന് ഉള്‍വലിയുന്നതിനു പകരം 94 പ്രശസ്തരായ വക്കീലന്മാരെ വച്ചു പേടിപ്പിച്ചുനിര്‍ത്താമെന്നു കരുതുന്ന ധാര്‍ഷ്ട്യത്തിനു പ്രധാനമന്ത്രിപോലും കൂട്ടുനില്‍ക്കുകയാണ്. ഇതിനാണോ 'ബേഠി പഠാവോ ബേഠി ബച്ചാവോ' എന്നു മോദി പാടി നടന്നത്!
ഗസാല വഹാബ് അക്ബറിനെതിരേ ഉന്നയിച്ച ആരോപണങ്ങള്‍ അക്ഷരംപ്രതി ശരിയാണെന്നു സാമാന്യബുദ്ധിയുള്ള ആരും സമ്മതിക്കും. ക്ഷണികമായ പ്രലോഭനത്തില്‍പ്പെട്ടുള്ള ചാപല്യമാണെങ്കില്‍ അതു മനുഷ്യസഹജമെന്നു പൊറുക്കാം. എന്നാല്‍, സ്ത്രീപീഡനം പത്രപ്രവര്‍ത്തനത്തോടൊപ്പം ജീവിതദൗത്യമായി ഏറ്റെടുത്തിരിക്കയാണ് ഈ 'മഹാ' പ്രതിഭ. സ്‌കൂള്‍ പഠനകാലത്തു തന്നെ തന്റെ മനസില്‍ ആരാധന തോന്നിയ ആള്‍ക്കു കീഴില്‍ 1994 ല്‍ ദി ഏഷ്യന്‍ ഏജ് പത്രത്തില്‍ ജോലിചെയ്യാനെത്തിയ പെണ്‍കുട്ടിയുടെ സ്വപ്നങ്ങള്‍ എങ്ങനെ തകര്‍ത്തെറിഞ്ഞുവെന്നതിന്റെ കഥ കൂടിയാണു ഗസാലയുടെ അനുഭവസാക്ഷ്യം.
മദ്യവും മദിരാക്ഷിയും നിറഞ്ഞുതുളുമ്പിയ അക്ബറിന്റെ 'ഹറ'മില്‍ നടമാടുന്നതെന്തെന്ന് അറിഞ്ഞു സംഭ്രാന്തയായ ഗസാലയോടു ചിലര്‍ പറഞ്ഞത്രേ കൊച്ചുപട്ടണത്തില്‍നിന്നു വരുന്ന നിനക്കൊന്നും ഇതു മനസിലാകില്ലെന്ന്. ഏഷ്യന്‍ ഏജിന്റെ എല്ലാ മേഖലാ ഓഫിസുകളിലും മുഖ്യപത്രാധിപര്‍ക്ക് ഗേള്‍ ഫ്രന്റുണ്ടെന്നറിഞ്ഞപ്പോള്‍ ആദ്യമൊന്നും വിശ്വസിക്കാനായില്ല. മൂന്നാംവര്‍ഷം അക്ബറിന്റെ കണ്ണില്‍നിന്നു രക്ഷപ്പെട്ട ഗസാല, ഒടുവില്‍ ഉന്നമായി മാറിയപ്പോള്‍ ഇരിപ്പിടം തന്നെ അദ്ദേഹത്തിന്റെ മുറിക്കു തൊട്ടടുത്തേയ്ക്കു മാറ്റിയത്രെ.
പിന്നീട് ഓരോ ആവശ്യത്തിനെന്നു പറഞ്ഞു മുറിയിലേയ്ക്കു വിളിപ്പിച്ചു പല തരത്തില്‍ ശാരീരികമായി പീഡിപ്പിക്കുകയായിരുന്നു. എത്ര പ്രതിരോധിച്ചാലും രക്ഷപ്പെടാനാകാത്ത നിസ്സഹായാവസ്ഥ. ഡിക്ഷണറി റഫര്‍ ചെയ്യാനെന്ന മട്ടില്‍ വിളിച്ചുവരുത്തി പീഡനത്തിന്റെ വൃത്തികെട്ട രീതി പുറത്തെടുത്തതിനെക്കുറിച്ചു വിവരിക്കുന്നുണ്ട് ഗസാല.
സങ്കടം അടക്കാനാകാതെ വന്നപ്പോള്‍ പാര്‍ക്കിങ് ഏരിയയിലേയ്ക്ക് ഓടിച്ചെന്ന് ഒരു മൂലയിലിരുന്നു പൊട്ടിക്കരഞ്ഞു. സന്‍ജാരി ചാറ്റര്‍ജിയെന്ന സഹപ്രവര്‍ത്തക ആശ്വസിപ്പിക്കാനെത്തിയെങ്കിലും ഈ വിഷമവൃത്തത്തില്‍നിന്നു രക്ഷപ്പെടാനുള്ള മാര്‍ഗമെന്തെന്ന് അവര്‍ക്കുമറിയില്ലായിരുന്നു. ഒടുവില്‍ ബ്യൂറോ ചീഫ് സീമ മുസ്തഫയോടു കാര്യങ്ങള്‍ വിവരിച്ചു. അവരില്‍ ഒരു ഭാവമാറ്റവും കണ്ടില്ല.
കാരണം, ഇതെല്ലാം പതിവു സംഭവമാണെന്ന് അവര്‍ക്കറിയാമായിരുന്നു. അതിനിടയില്‍ ഗസാലയെ വശത്താക്കാന്‍ അക്ബര്‍ വൃത്തികെട്ട മറ്റു പല അടവുകളും പയറ്റി. വീണു സന്താള്‍ എന്ന അക്ബറിന്റെ സ്വകാര്യ ജ്യോത്സ്യന്‍ ഗസാലയുടെ അടുത്തു ചെന്നു പറഞ്ഞത്രേ എഡിറ്റര്‍ ഇന്‍ ചീഫ് അവളെ വല്ലാതെ സ്‌നേഹിക്കുന്നുണ്ടെന്ന്.
എല്ലാറ്റിനുമൊടുവില്‍ ജീവിതം ഒരിഞ്ചു മുന്നോട്ടുപോകില്ലെന്നു കണ്ടപ്പോള്‍ ഏഷ്യന്‍ ഏജില്‍നിന്നു കണ്ണീരോടെ വിട പറയാനും മാധ്യമപ്രവര്‍ത്തനമെന്ന സ്വപ്നം മാറ്റിവച്ച് ആഗ്രയ്ക്കടുത്ത കൊച്ചുപട്ടണത്തിലേയ്ക്കു മടങ്ങാനും അവര്‍ തീരുമാനിച്ചു. ഗസാല ഇന്ന് അറിയപ്പെടുന്ന എഴുത്തുകാരിയാണ്. ഫോഴ്‌സ് വാരികയുടെ എക്‌സിക്യൂട്ടീവ് എഡിറ്ററാണ്. ഡ്രാഗന്‍ അറ്റ് അവര്‍ ഡോര്‍സ്റ്റെപ് എന്ന നല്ലൊരു കൃതിയുടെ സഹരചയിതാവാണ്.
പുരുഷാധിപത്യം നിറഞ്ഞാടുന്ന ഇരുള്‍മുറ്റിയ ഇടമാണു പത്രാധിപന്മാരുടെ കാമനകള്‍ തണല്‍വിരിക്കുന്ന കൊച്ചുകൊച്ചു കാബിനുകളെന്ന തോന്നല്‍ സൃഷ്ടിക്കാന്‍ അക്ബറിന്റെ സ്വഭാവവൈകൃതം വഴിവച്ചെങ്കില്‍ അപരാധികള്‍ അപവാദമാണെന്നു തെളിയിക്കേണ്ട ബാധ്യത മാധ്യമമുതലാളിമാര്‍ക്കുണ്ട്.
സ്ത്രീയെ പീഡിപ്പിക്കാന്‍ മാത്രം വിശാലമല്ല തന്റെ മുറിയെന്നും അടുത്ത തെരഞ്ഞെടുപ്പില്‍ ബി.ജെ.പിക്കെതിരേ ജനങ്ങളെ തിരിക്കാനുള്ള ഗൂഢാലോചനയുടെ ഭാഗമാണ് ഈ മീ റ്റൂ വലയെന്നും പറഞ്ഞു രക്ഷപ്പെടാന്‍ ശ്രമിക്കുന്ന അക്ബറിനെ കൈയോടെ പിടികൂടി ശിക്ഷിക്കേണ്ട ബാധ്യത ഒന്നാമതായി മാധ്യമങ്ങളുടേതു തന്നെയാണ്.
അക്ബറിന്റെ പതനം, മാധ്യമപ്രസ്ഥാനത്തിന്റെ കൂടി പതനമായി പര്യവസാനിക്കാതിരിക്കാന്‍ പോരാടേണ്ടത് ഇരകളോട് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചുകൊണ്ടാകണം. അല്ലാതെ, സ്ത്രീകള്‍ പുറത്തിറങ്ങി നടക്കരുതെന്നു മുന്‍പേ പറഞ്ഞതല്ലേയെന്ന ഗീര്‍വാണം മുഴക്കി ഇരകളെ കൈവെടിയുന്നതു വേട്ടക്കാരനു തുണയാവുകയേയുള്ളൂവെന്നു മനസിലാക്കുക.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."