പാലായില്‍ എല്‍.ഡി.എഫ് സ്ഥാനാര്‍ഥിയെ പ്രഖ്യാപിക്കാനിരിക്കേ മാണി സി.കാപ്പനെതിരേ പാളയത്തില്‍പ്പട
തിരുവനന്തപുരം: പാലാ ഉപതിരഞ്ഞെടുപ്പിനുള്ള ഇടത് മുന്നണി സ്ഥാനാര്‍ഥിയെ ഇന്നു പ്രഖ്യാപിക്കാനിരിക്കേ എന്‍.സി.പിയില്‍ നിന്ന് എതിര്‍ ശബ്ദം. എന്‍.സി.പി സ്ഥാനാര്‍ഥിയാക്കാന്‍ ഉദ്ദേശിക്കുന്ന മാണി സി.കാപ്പനെതിരേയാണ് പാര്‍ട്ടി സംസ്ഥാന നിര്‍വാഹക സമിതി അംഗമായ സാബു എബ്രഹാം രംഗത്തെത്തിയത്. ഇന്ന് പതിനൊന്നുമണിക്ക് എന്‍.സി.പി നിര്‍വാഹക സമിതി യോഗം തുടങ്ങാനിരിക്കേയാണ് സാബു പ്രതിഷേധവുമായി രംഗത്തെത്തിയത്.
എല്ലായ്‌പ്പോഴും തോല്‍ക്കുന്നയാളെ തന്നെ ഇത്തവണയും രംഗത്തിറക്കരുതെന്നും ഇടതുമുന്നണിയുടെ വിജയത്തിനായി മാണി സി. കാപ്പന്‍ മാറി നില്‍ക്കണമെന്നുമാണ് സാബു എബ്രഹാമിന്റെ ആവശ്യം.
ഇതേ ആവശ്യമുള്ളവര്‍ നിരവധിപേര്‍ പാര്‍ട്ടിയില്‍ തന്നെയുണ്ടെന്നാണ് അദ്ദേഹം നല്‍കുന്ന സൂചന. പാലയെ അറിയുന്നവരും ജനങ്ങളുടെ പ്രശ്‌നങ്ങളിലിടപെടുന്നവരുമായ നേതാവ് തന്നെ സ്ഥാനാര്‍ഥിയാകണം. അല്ലാതെ വല്ലപ്പോഴും വന്നുപോകുന്നവര്‍ സ്ഥാനാര്‍ഥിയാകരുതെന്നും മാണിസി. കാപ്പനെതിരേ വിരല്‍ചൂണ്ടി അദ്ദേഹം ആവശ്യപ്പെട്ടു. ഇതു സംബന്ധിച്ച് പാര്‍ട്ടിയാണ് തീരുമാനമെടുക്കേണ്ടത്. ഇന്നുചേരുന്ന നിര്‍വാഹകസമിതി യോഗത്തില്‍ ഇതു സംബന്ധിച്ച തീരുമാനമുണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു.
തര്‍ക്കങ്ങളില്ലാതെ ഇത്തവണയും എന്‍.സി.പി നേതാവ് മാണി സി. കാപ്പന്‍ തന്നെയായിരിക്കും ഇടത് മുന്നണിക്ക് വേണ്ടി ജനവിധി തേടുക എന്നുറപ്പായ ഘട്ടത്തിലാണ് വിമത ശബ്ദം ഉണ്ടായിരിക്കുന്നത്. എന്നാല്‍ മാണിസി.കാപ്പന്‍ ഏതാണ്ട് സ്ഥാനാര്‍ഥിയായെന്ന നിലയിലാണിപ്പോഴുള്ളത്. അത്തരം ആത്മവിശ്വാസത്തിലാണ് മാണിസി. കാപ്പനും.
കേരള കോണ്‍ഗ്രസിന് വ്യക്തമായ മേല്‍ക്കൈ ഉള്ള മണ്ഡലത്തില്‍ പാര്‍ട്ടിക്കുള്ളില്‍ രൂപപ്പെട്ട ഭിന്നത ലക്ഷ്യം വച്ചാണ് എല്‍.ഡി.എഫ് കരുക്കള്‍ നീക്കുന്നതിനിടെയാണ് ഇത്തരമൊരു പൊട്ടിത്തെറി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."