മഴക്കുഴി നിര്‍മിച്ച് സെല്‍ഫിയെടുത്ത് എന്‍.എസ്.എസ്
കാട്ടാക്കട: പൂവച്ചല്‍ സര്‍ക്കാര്‍ വി.എച്ച് എസ് സ്‌കൂളിലെ നാഷനല്‍ സര്‍വിസ് സ്‌കീം യൂനിറ്റിന്റെയും കൃഷി ഭവന്റെയും പഞ്ചായത്തിന്റെയും സംയുക്താഭിമുഖ്യത്തില്‍ സ്‌കൂള്‍ പരിസരത്തും സമീപത്തെ സര്‍ക്കാര്‍ സ്ഥാപനങ്ങളിലും സ്വന്തം വീട്ടിലും ഓരോ മഴക്കുഴി നിര്‍മിക്കുകയും അതിനടുത്ത് നിന്ന് ഒരു സെല്‍ഫി എടുക്കുകയും ചെയ്തായിരുന്നു മഴക്കുഴി വിത്ത് സെല്‍ഫി എന്ന പ്രോഗ്രാം ആരംഭിച്ചത്.
പൂവച്ചല്‍ പഞ്ചായത്ത് വളപ്പിലെ മഴക്കുഴി നിര്‍മാണം പഞ്ചായത്ത് പ്രസിഡന്റ് കെ.രാമചന്ദ്രന്‍ മഴക്കുഴിയെടുത്ത് സമീപത്ത് നിന്ന് സെല്‍ഫി എടുത്ത് ഉദ്ഘാടനം ചെയ്തു.
എന്‍.എസ്എസ് ന്റെ ഈ വര്‍ഷത്തെ പ്രഖ്യാപിത ലക്ഷ്യമായ ഗ്രീന്‍ പ്രോട്ടോകാള്‍ എന്ന ആശയം മുന്‍ നിര്‍ത്തി കൊണ്ട് ഓരോ വോളന്റിയറും അഞ്ച് ഫലവൃക്ഷത്തൈകള്‍ വീതം ദത്തു ഗ്രാമത്തിലും സ്വന്തം വീടുകളിലുമായി നട്ടു.
സ്‌കൂള്‍ വളപ്പില്‍ വൃക്ഷത്തൈകള്‍ കൃഷി ഓഫിസര്‍ ബാലചന്ദ്രന്‍ നായര്‍ നട്ട് ഉദ്ഘാടനം ചെയ്തു. ഔഷധ സസ്യങ്ങള്‍ മറ്റ് കുട്ടികള്‍ക്ക് പരിചയപ്പെടുത്തുന്നതിനും അവയുടെ ഗുണങ്ങളെകുറിച്ച് ബോധവത്കരണം നടത്തുന്നതിനുമായി സ്‌കൂള്‍ പരിസരത്ത് ബയോഡൈവേഴ്‌സിറ്റി പാര്‍ക്കിന്റെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കുമെന്നും പ്രോഗ്രാം ഓഫിസര്‍ സമീര്‍ സിദ്ദീഖി പറഞ്ഞു.
സ്‌കൂള്‍ പി.ടി.എ പ്രസിഡന്റ് പൂവച്ചല്‍ സുധീര്‍ അധ്യക്ഷത വഹിച്ച യോഗത്തില്‍ വാര്‍ഡ് മെമ്പര്‍മാരായ വിജയദാസ്, രാജേശ്വരി പ്രിന്‍സിപ്പള്‍മാരായ സീമ സേവ്യര്‍, ആര്‍.ബിന്ദു, ഹെഡ്മിസ്ട്രസ് ജയന്തി ദേവി, കൃഷി അസിസ്റ്റന്റ് മുഹമ്മദ് നൗഷാദ് പേഴുംമൂട്, പ്രോഗ്രാം ഓഫിസര്‍ സി.വി അനില്‍ കുമാര്‍, സിജു കെ ബാനു, വിനോദ് മുണ്ടേല സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."