വയലില്‍ കക്കൂസ് മാലിന്യം തള്ളി
കുന്ദമംഗലം: കുറ്റിക്കാട്ടൂരില്‍ പാതയോരത്ത് വയലിലെ ജലസ്രോതസ്സില്‍ കക്കൂസ് മാലിന്യം തള്ളി. കുറ്റിക്കാട്ടൂര്‍-കുന്ദമംഗലം എം.എല്‍.എ റോഡില്‍ പള്ളത്ത് താഴത്താണ് ഇന്നലെ പുലര്‍ച്ചെ കക്കൂസ് മാനില്യം തള്ളിയത്. രാവിലെ ഇതുവഴി നടന്നുപോകുകയായിരുന്നന്ന വിദ്യാര്‍ഥികള്‍ ഉള്‍പ്പെടെയുള്ളവര്‍ രൂക്ഷമായ ദുര്‍ഗന്ധം അനുഭവപ്പെട്ടപ്പോഴാണ് സംഭവം ശ്രദ്ധയില്‍പെട്ടത്. സമീപത്തെ സി.സി.ടി.വി കാമറകള്‍ പരിശോധിച്ചപ്പോള്‍ ടാങ്കര്‍ ലോറിയിലാണ് മാലിന്യം കൊണ്ടുവന്നുതള്ളിയതെന്ന് തിരിച്ചറിഞ്ഞു. മാവൂര്‍-കോഴിക്കോട് റൂട്ടില്‍ ചെറൂപ്പയിലും ഊര്‍ക്കടവിലും മറ്റുമായി ഈയിടെ പലപ്പോഴായി മാലിന്യം തള്ളുന്നത് പതിവാണ്. കുറ്റിക്കാട്ടൂര്‍ എം.എല്‍.എ റോഡില്‍ ഇതിന് മുമ്പും പ്ലാസ്റ്റിക്-ഖരമാലിന്യങ്ങള്‍ തള്ളിയിരുന്നു. പള്ളത്ത് താഴത്ത് ഇന്നലെ തള്ളിയ മാലിന്യം വയലിലെ ജലസ്രോതസ്സില്‍ കെട്ടിക്കിടക്കുകയാണ്. മലിന ജലം കിനിഞ്ഞിറങ്ങി വീടുകളിലെ കിണറുകള്‍ മലിനമാകുമെന്ന ആശങ്കയിലാണ് പരിസരവാസികള്‍. വാര്‍ഡ് മെമ്പര്‍ കെ.പി കോയ, 16ാം വാര്‍ഡ് മെമ്പര്‍ ഷമീന വെള്ളക്കാട്ട്, വയലോരം റസിഡന്‍സ് അസോസിയേഷന്‍ പ്രതിനിധികളായ ടി.പി സുബൈര്‍, ടി.എം.സി അബൂബക്കര്‍, എന്‍. നജീബ് എന്നിവരുടെ നേതൃത്വത്തില്‍ ഇവിടെ ബ്ലീച്ചിംങ് പൗഡര്‍ വിതറി. സ്ഥലം ഉടമ നല്‍കിയ പരാതിയെ തുടര്‍ന്ന് മെഡിക്കല്‍ കോളജ് പൊലിസ് എസ്.ഐയുടെ നേതൃത്വത്തിലുള്ള സംഘം സ്ഥലം സന്ദര്‍ശിക്കുകയും അന്വേഷണം ആരംഭിക്കുകയും ചെയ്തു. കക്കൂസ് മാലിന്യങ്ങള്‍ ശാസ്ത്രീയമായി ശുചീകരിക്കാന്‍ സംവിധാനമില്ലാതെ നഗരപ്രദേശങ്ങളിലെ സെപ്റ്റിക് ടാങ്കുകള്‍ വൃത്തിയാക്കാന്‍ കരാറെടുക്കുന്ന സംഘത്തെ പൊലിസ് പിടികൂടി നിയമത്തിന്റെ മുന്നില്‍കൊണ്ടുവരണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."