സാമ്പത്തിക തകര്‍ച്ച മൂടിവയ്ക്കാന്‍ കേന്ദ്രം വര്‍ഗീയത മറയാക്കുന്നു: കുഞ്ഞാലിക്കുട്ടി
.
സ്വന്തം ലേഖകന്‍
കോഴിക്കോട്: രാജ്യത്തെ സാമ്പത്തിക തകര്‍ച്ച മൂടിവയ്ക്കാന്‍ വര്‍ഗീയതയും വിഭാഗീയതയും ഉപയോഗിച്ച് കേന്ദ്രസര്‍ക്കാര്‍ ജനങ്ങളുടെ കണ്ണില്‍പ്പൊടിയിടുകയാണെന്ന് മുസ്‌ലിം ലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി എം.പി. ന്യൂനപക്ഷ, പിന്നാക്ക വിരുദ്ധമായ നിയമങ്ങള്‍ പാസാക്കി രാജ്യപൈതൃകത്തെ തന്നെ തകര്‍ക്കാനാണ് മോദി സര്‍ക്കാര്‍ ശ്രമിക്കുന്നത്. ഇതിനെതിരേ ജനങ്ങളെ ബോധവല്‍ക്കരിക്കുന്നതിനും മതേതരത്വം ഉറപ്പുവരുത്തുന്നതിനും 'ഭയരഹിത ഇന്ത്യ, എല്ലാവര്‍ക്കുമുള്ള ഇന്ത്യ' എന്ന മുദ്രാവാക്യമുയര്‍ത്തി ദേശവ്യാപക കാംപയിന്‍ സംഘടിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു. കോഴിക്കോട് ലീഗ് ഹൗസില്‍ നടന്ന മുസ്‌ലിംലീഗ് ദേശീയ രാഷ്ട്രീയ ഉപദേശകസമിതി യോഗത്തിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
മതേതര കക്ഷികളുടെ സഹകരണത്തോടെയുള്ള കാംപയിനിന്റെ ഭാഗമായി സംസ്ഥാന തലസ്ഥാനങ്ങളില്‍ സെമിനാറുകളും ഡല്‍ഹിയില്‍ പ്രതീകാത്മക ധര്‍ണയും നടത്തും. തെരഞ്ഞെടുപ്പുകള്‍ ആസന്നമായ പശ്ചിമബംഗാള്‍, ജാര്‍ഖണ്ഡ്, മഹാരാഷ്ട്ര തുടങ്ങിയ സംസ്ഥാനങ്ങളില്‍ മതേതരകക്ഷികളുമായി മുസ്‌ലിം ലീഗ് സഖ്യമുണ്ടാക്കും. ഓരോ സംസ്ഥാനങ്ങളിലും മതേതര താല്‍പര്യങ്ങള്‍ സംരക്ഷിക്കാനുതകുന്ന വിധത്തിലായിരിക്കും സഖ്യങ്ങളുണ്ടാക്കുക.
പ്രധാനമന്ത്രി നരേന്ദ്ര മോദി നല്ലത് ചെയ്താല്‍ അദ്ദേഹത്തെ പ്രശംസിക്കണമെന്ന കോണ്‍ഗ്രസ് നേതാവ് ശശി തരൂര്‍ എം.പിയുടെ പ്രസ്താവനയെക്കുറിച്ച് പ്രതികരിക്കാന്‍ കുഞ്ഞാലിക്കുട്ടി വിസമ്മതിച്ചു. മതേതരത്വത്തില്‍ ഉറച്ചുനില്‍ക്കുന്ന കോണ്‍ഗ്രസ് ഒരിക്കലും മോദിയെ സ്തുതിക്കുമെന്ന് കരുതുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കോണ്‍ഗ്രസിന്റെ ആഭ്യന്തര കാര്യമാണിത്. ഇതില്‍ ഇടപെടാന്‍ ലീഗ് ആഗ്രഹിക്കുന്നില്ല. ബി.ജെ.പിക്ക് പകരംനില്‍ക്കാന്‍ കഴിയുക ഇന്ത്യന്‍ നാഷനല്‍ കോണ്‍ഗ്രസിന് മാത്രമാണെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.
അടിയന്തരാവസ്ഥ കാലത്തേക്കാളും വലിയ അരക്ഷിതാവസ്ഥയാണ് കശ്മിരില്‍ വീട്ടുതടങ്കലിലായ രാഷ്ട്രീയപ്പാര്‍ട്ടി നേതാക്കളും അവിടുത്തെ ജനതയും അനുഭവിക്കുന്നതെന്ന് അഖിലേന്ത്യാ സെക്രട്ടറി ഇ.ടി മുഹമ്മദ് ബഷീര്‍ എം.പി അഭിപ്രായപ്പെട്ടു. പെട്ടെന്ന് തീരുമാനിച്ച യാത്രയായതിനാലാണ് കശ്മിര്‍ സന്ദര്‍ശനത്തില്‍ പങ്കെടുക്കാതിരുന്നത്. ആ സമയത്ത് ഡല്‍ഹിയില്‍ ഉണ്ടായിരുന്ന പ്രതിപക്ഷ നേതാക്കളാണ് യാത്രയില്‍ പങ്കെടുത്തത്. സമീപകാലത്തായി കേന്ദ്രസര്‍ക്കാര്‍ കൊണ്ടുവന്ന ബില്ലുകള്‍ ഇന്ത്യയെ ഏതുവിധത്തിലാണ് കൊണ്ടുപോകാന്‍ ഉദ്ദേശിക്കുന്നതെന്ന് വ്യക്തമാണെന്നും അദ്ദേഹം പറഞ്ഞു.
മുസ്‌ലിം ലീഗ് സംസ്ഥാന അധ്യക്ഷന്‍ പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍, ദേശീയ പ്രസിഡന്റ് കെ.എം ഖാദര്‍ മൊയ്തീന്‍, ദേശീയ ജനറല്‍ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി എം.പി, ദേശീയ സെക്രട്ടറി ഇ.ടി മുഹമ്മദ് ബഷീര്‍ എം.പി, ട്രഷറര്‍ പി.വി അബ്ദുല്‍ വഹാബ് എം.പി, സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.പി.എ മജീദ്, എം.പി അബ്ദുസ്സമദ് സമദാനി, നൂര്‍ബിന റഷീദ്, സി.കെ സുബൈര്‍ തുടങ്ങിയവരും വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."