ജില്ലയിലെ ആദ്യത്തെ മാവേലി സ്റ്റോര്‍ അടച്ചു പൂട്ടുന്നു
കണ്ണൂര്‍: നഗരത്തിലെ ഏറ്റവും പഴക്കം ചെന്ന മാവേലി സ്റ്റോറുകളിലൊന്ന് അടച്ചു പൂട്ടാനുള്ള സ്‌പ്ലൈകോ അധികൃതരുടെ തീരുമാനം വിവാദമാകുന്നു. പഴയ പ്രഭാത് ടാക്കീസിനടുത്തുള്ള കെട്ടിടത്തില്‍ പ്രവര്‍ത്തിക്കുന്ന നമ്പര്‍ രണ്ട് മാവേലി സ്റ്റോറാണ് പൂട്ടുന്നത്. ഈ മാസം 10 വരെ മാത്രമേ ഇതു പ്രവര്‍ത്തിക്കുകയുള്ളൂവെന്നാണ് സപ്ലൈകോ അധികൃതരുടെ അറിയിപ്പ്. കെട്ടിടത്തിന്റെ വാടക സംബന്ധിച്ച തര്‍ക്കമാണ് മാവേലി സ്റ്റോര്‍ അടച്ചു പൂട്ടുന്നതിലേക്കെത്തിച്ചത്. മേയര്‍, കലക്ടര്‍, ജില്ലയിലെ മന്ത്രിമാര്‍ എന്നിവര്‍ക്ക് മാവേലി സ്റ്റോര്‍ നിലനിര്‍ത്താന്‍ നിവേദനം നല്‍കിയെങ്കിലും അവഗണിക്കുകയായിരുന്നു.
കെട്ടിട ഉടമ വാടക കൂട്ടണമെന്ന ആവശ്യം ഉന്നയിച്ചപ്പോള്‍ അതു പരിഹരിക്കുന്നതിന് അധികൃതര്‍ തയാറായില്ല. യാതൊരു ചര്‍ച്ചയും കെട്ടിട ഉടമയുമായി നടത്താതെ മാവേലി സ്റ്റോര്‍ പൂട്ടാന്‍ ഏകപക്ഷീയമായി തീരുമാനിക്കുകയായിരുന്നുവെന്നും ആരോപണമുണ്ട്. പ്രതിമാസം 30 ലക്ഷത്തിന്റെ കച്ചവടം നടക്കുന്ന സ്ഥാപനമാണിത്. സബ്‌സിഡി ആനുകൂല്യങ്ങളോടെ ഉപഭോക്താക്കള്‍ക്ക് നിത്യോപയോഗസാധനങ്ങള്‍ ലഭ്യമാക്കുന്ന ലാഭകരമായി മാത്രം പ്രവര്‍ത്തിക്കുന്ന മാവേലി സ്റ്റോറാണ് ഇത്തരത്തില്‍ അടച്ചു പൂട്ടുന്നത്. സപ്ലൈകോയുടെ മറ്റു പല സ്ഥാപനങ്ങളും നഷ്ടക്കണക്കുകള്‍ നിരത്തുമ്പോള്‍ നാളിതുവരെ ലാഭകരമായി മാത്രം പ്രവര്‍ത്തിച്ചിട്ടുള്ള കണ്ണൂരിലെ മാവേലി സ്റ്റോര്‍ അടച്ചു പൂട്ടാതിരിക്കാന്‍ ഭരണതലത്തില്‍ ഇടപെടലുകളുണ്ടാകണമെന്ന് ഡി.സി. സി പ്രസിഡന്റ് കെ സുരേന്ദ്രന്‍ ആവശ്യപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."