കൊടകര കുഴൽപ്പണക്കേസിൽ വീണ്ടും അന്വേഷണം നടത്താൻ സംസ്ഥാന സര്‍ക്കാര്‍
തിരുവനന്തപുരം:കൊടകര കുഴൽപ്പണക്കേസിൽ വീണ്ടും അന്വേഷണം നടത്താൻ സംസ്ഥാന സര്‍ക്കാര്‍ തീരുമാനം. ഉപതെരഞ്ഞെടുപ്പ് കാലത്ത് ബിജെപിയെ കനത്ത പ്രതിരോധത്തിലാക്കിയ കൊടകര കുഴൽപ്പണക്കേസാണ് പുനരന്വേഷണം നടത്താനായാണ് സംസ്ഥാന സര്‍ക്കാര്‍ നീക്കം. കേസിൽ അടിയന്തര നടപടി സ്വീകരിക്കാൻ മുഖ്യമന്ത്രി ഡിജിപിക്ക് നിര്‍ദേശം നൽകി. കേസിൽ പുനരന്വേഷണം വേണമെന്ന സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റിന്‍റെ നിര്‍ദ്ദേശത്തിന് തൊട്ട് പിന്നാലെയാണ് ഈ നടപടി. കൊടകര കുഴൽപ്പണ കേസിസെ പുതിയ വെളിപ്പെടുത്തൽ തന്നെ എകെജി സെന്‍റര്‍ കേന്ദ്രീകരിച്ചുണ്ടാക്കിയ തിരക്കഥയാണെന്നാണ് ബിജെപിയുടെ വിശദീകരണം .
ആരൊക്കെ തമ്മിലാണ് ഡീലെന്ന് ചര്‍ച്ച ചെയ്യുന്ന ഉപതെരഞ്ഞെടുപ്പ് കാലത്ത് ബിജെപിക്കെതിരെ വീണുകിട്ടിയ ആയുധം പരമാവധി പ്രയോജനപ്പെടുത്തുകയാണ് സര്‍ക്കാരും സിപിഎമ്മും. ഒരു തവണ തുടരന്വേഷണം നടത്തി കുറ്റപത്രം സമര്‍പ്പിച്ച കേസ് വീണ്ടും അന്വേഷിക്കാനാണ് തീരുമാനം. സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റിന്‍റെ നിര്‍ദ്ദേശം വന്നതിന് പിന്നാലെ മുഖ്യമന്ത്രി ഡിജിപിയുമായി കൂടിക്കാഴ്ച നടത്തി. പുതിയ വെളിപ്പെടുത്തലിന്‍റെ അടിസ്ഥാനത്തിൽ അടിയന്തരമായ തുടര്‍ നടപടി ഉണ്ടാവും. തുടരന്വേഷണം വേണോ പുനരന്വേഷണം വേണോ എന്ന കാര്യത്തിൽ നിയമപരമായ സാധ്യതകൾ കൂടി കണക്കിലെടുക്കും.
കൊടകര ദേശീയ പാതയില്‍ വച്ച് കാറില്‍ കൊണ്ടുപോകുകയായിരുന്ന മൂന്നരക്കോടി രൂപ ക്രിമിനല്‍ സംഘം തട്ടിയെടുത്തതുമായി ബന്ധപ്പെട്ടതാണ് കേസ്. ഇത് ബിജെപി തെരഞ്ഞെടുപ്പ് ഫണ്ടാണെന്നായിരുന്നു ഉയർന്ന ആരോപണം. 2021 ഏപ്രിൽ ഏഴിനാണ് കൊടകര പൊലിസ് കേസ് രജിസ്റ്റർ ചെയ്തത്. തുടർന്ന് നടന്ന അന്വേഷണത്തിന്റെ അടിസ്ഥാനത്തിൽ 22 പേരെ പ്രതികളാക്കി 2021 ജൂലൈ 23ന് കോടതിയിൽ കുറ്റപത്രം സമർപ്പിച്ചിരുന്നു. പിന്നീട് ഒരാൾ കൂടി അറസ്റ്റിലായതിന്റെ അടിസ്ഥാനത്തിൽ 2022 നവംബർ 15ന് അധികമായി ഒരു കുറ്റപത്രം കൂടി സമർപ്പിച്ചു. തൃശ്ശൂർ റെയ്ഞ്ച് ഡി ഐ ജിയുടെ നേതൃത്വത്തിൽ തൃശൂർ പൊലിസ് അസിസ്റ്റൻ്റ് കമ്മീഷണർ അന്വേഷണ ഉദ്യോഗസ്ഥനായി രൂപീകരിച്ച പ്രത്യേക അന്വേഷണസംഘം 2021 മെയ് 10നാണ് ചുമതല ഏറ്റെടുത്തത്. സംഭവത്തിൽ 1,58,48,801 രൂപയാണ് വീണ്ടെടുത്തത്. 56,64,710 രൂപ മറ്റുള്ളവർക്ക് കൈമാറിയതായും കണ്ടെത്തിയിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."