പകുതി പൊലിസുകാരും വിശ്വസിക്കുന്നത് കുറ്റകൃത്യം മുസ്‌ലിംകളുടെ സഹജസ്വഭാവമായി
കേരളത്തിലെ 34 ശതമാനം പൊലിസുകാരും അങ്ങനെ തന്നെ വിശ്വസിക്കുന്നു
ന്യൂഡല്‍ഹി: മുസ്‌ലിംകളെക്കുറിച്ച് കടുത്ത തെറ്റിദ്ധാരണ വച്ചുപുലര്‍ത്തുന്നവരാണ് പൊലിസ് ഉദ്യോഗസ്ഥരില്‍ പകുതിയുമെന്ന് സര്‍വേ. കുറ്റകൃത്യങ്ങള്‍ മുസ്‌ലിംകളുടെ സഹജസ്വഭാവമായിട്ടാണ് രണ്ടിലൊന്ന് പൊലിസ് ഉദ്യോഗസ്ഥരും വിശ്വസിക്കുന്നതെന്നും '2019 സ്റ്റാറ്റസ് ഓഫ് പൊലിസിങ് ഇന്‍ ഇന്ത്യ റിപ്പോര്‍ട്ടി'ല്‍ വ്യക്തമാക്കുന്നു. കേരളത്തിലെ 34 ശതമാനം പൊലിസ് ഉദ്യോഗസ്ഥര്‍ക്കും ഈ തെറ്റിദ്ധാരണയുള്ളതായും സര്‍വേയില്‍ പറയുന്നു.
കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെടുന്നത് മുസ്‌ലിംകളുടെ സ്വഭാവമാണോ എന്ന ചോദ്യത്തിന് കേരളത്തിലെ നാലുശതമാനം പൊലിസ് ഉദ്യോഗസ്ഥര്‍ 'വളരെ ശരി' എന്നും 30 ശതമാനം പേര്‍ 'ഏറെക്കുറേ' എന്നും മറുപടി കൊടുത്തപ്പോള്‍ 15 ശതമാനം പേര്‍ 'അപൂര്‍വമായി' എന്നും 16 ശതമാനം പേര്‍ 'ഒരിക്കലും അല്ല' എന്നും പ്രതികരിച്ചു.
ഇക്കാര്യത്തില്‍ ഉത്തരാഖണ്ഡ് പൊലിസിലെ 60 ശതമാനവും ബിഹാര്‍ പൊലിസിലെ 48 ഉം ഛത്തിസ്ഗഡ്, മഹാരാഷ്ട്ര പൊലിസിലെ 53 ഉം അസം, മധ്യപ്രദേശ് പൊലിസിലെ 43 ഉം ഝാര്‍ഖണ്ഡ് പൊലിസിലെ 44ഉം ഗുജറാത്ത് പൊലിസ് 39 ഉം 'ഏറെക്കുറേ' എന്ന് പറഞ്ഞ് ആ അഭിപ്രായം ശരിവയ്ക്കുകയാണ് ചെയ്തത്. ഈ ചോദ്യത്തിന് കര്‍ണാടക പൊലിസിലെ 26 ശതമാനവും 'വളരെ ശരിയാണ് ' എന്ന മറുപടിയും നല്‍കി.
മുസ്‌ലിംകള്‍ അങ്ങനെയല്ലെന്ന് ഉത്തരാഖണ്ഡിലെ ഒരുശതമാനം പൊലിസുകാര്‍ മാത്രമാണ് അഭിപ്രയപ്പെട്ടത്. മുസ്‌ലിംകളെക്കുറിച്ച് തെറ്റിദ്ധാരണ കുറവുള്ളത് പഞ്ചാബ്, ഒഡിഷ, രാജസ്ഥാന്‍, തെലങ്കാന പൊലിസുകാര്‍ക്കാണ്. പഞ്ചാബിലെ 44ഉം ഹിമാചലിലെ 29ഉം തെലങ്കാനയിലെ 30ഉം ഒഡിഷയിലെ 36ഉം രാജസ്ഥാനിലെ 32ഉം പൊലിസുകാര്‍ മുസ്‌ലിംകളുടെ സഹജസ്വഭാവമാണ് കുറ്റകൃത്യങ്ങള്‍ എന്ന് അഭിപ്രായമില്ലാത്തവരാണ്.
കുറ്റകൃത്യം ദലിതുകളുടെ സഹജസ്വഭാവമാണോ എന്ന ചോദ്യത്തിന് വളരെ ശരിയാണ്' എന്ന് കേരളത്തിലെ ഒരു പൊലിസുകാരനും മറുപടി നല്‍കിയില്ലെന്നതും ശ്രദ്ധേയമാണ്. ദലിതുകള്‍ അങ്ങിനെയല്ലെന്ന് അഭിപ്രായപ്പെട്ട സംസ്ഥാനങ്ങളില്‍ കേരളം (36), ഹിമാചല്‍ (42), തെലങ്കാന, ബംഗാള്‍ (39 % വീതം), പഞ്ചാബ് (38), ഒഡിഷ (37), രാജസ്ഥാന്‍ (29) എന്നീ സംസ്ഥാനങ്ങളിലെ പൊലിസാണ് മുന്നില്‍.
പശുഹത്യ പോലുള്ള സംഭവങ്ങളില്‍ 'കുറ്റവാളി'കളെ ആള്‍ക്കൂട്ടം മര്‍ദിച്ചുകൊല്ലുന്നത് സ്വാഭാവികം ആണെന്നാണ് സര്‍വേയുടെ ഭാഗമായി അഭിമുഖം നടത്തിയ 35 ശതമാനം പൊലിസ് ഉദ്യോഗസ്ഥരും അഭിപ്രായപ്പെട്ടത്. ബലാത്സംഗം ചെയ്ത പ്രതികളെ ജനക്കൂട്ടം ശിക്ഷിക്കുന്നത് 43 ശതമാനം പേരും സ്വാഭാവികമായി കരുതുന്നു. ദലിത്, ആദിവാസി, മുസ്‌ലിംവിഭാഗങ്ങള്‍ക്ക് പൊലിസ് സേനയില്‍ മതിയായ പ്രാതിനിധ്യമില്ലെന്നും റിപ്പോര്‍ട്ട് എടുത്തുപറയുന്നു.
കേരളത്തില്‍ എസ്.സി, എസ്.ടി, ഒ.ബി.സി സംവരണത്തില്‍ 13 ശതമാനം ഒഴിഞ്ഞുകിടക്കുകയാണ്. സന്നദ്ധ സംഘടനയായ കോമണ്‍കോസും സെന്റര്‍ ഫോര്‍ ദി സ്റ്റഡി ഓഫ് ഡവലപിങ് സൊസൈറ്റീസും ചേര്‍ന്ന് തയാറാക്കിയ പൊലിസിന്റെ കാര്യക്ഷമതയും ജോലിയും സംബന്ധിച്ച റിപ്പോര്‍ട്ട് സുപ്രിംകോടതി റിട്ട. ജഡ്ജി ജസ്റ്റിസ് ജെ. ചെലമേശ്വര്‍ ഇന്നലെയാണ് പുറത്തിറക്കിയത്. 21 സംസ്ഥാനങ്ങളിലെ 12,000 പൊലിസ് ഉദ്യോഗസ്ഥരുമായി നേരിട്ടും അവരുടെ കുടുംബങ്ങളുമായും സംസാരിച്ചാണ് റിപ്പോര്‍ട്ട് തയാറാക്കിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."