തരൂരിന്റെ മോദി സേവ, പിണറായിയുടെ തുഷാര്‍ സേവ
എന്‍പിയാര്‍
ദേശീയതലത്തില്‍ കോണ്‍ഗ്രസ് നേതാക്കള്‍ക്ക് ഇപ്പോള്‍ വിശേഷിച്ച് ജോലിയൊന്നുമില്ല. അതുകൊണ്ടു മിണ്ടാതിരുന്നാല്‍ പോരെ എന്നു ചോദിക്കരുത്. മിണ്ടാതിരുന്നാല്‍ തീരെ ഔട് ഓഫ് സൈറ്റ് ആകും. പിന്നെ അവരെക്കുറിച്ചും ആരും മിണ്ടില്ല. മിണ്ടാതിരിക്കുന്നു എന്നു കരുതുന്നതും സത്യമല്ല. അവര്‍ നിരന്തരം നരേന്ദ്രമോദിയെയും കേന്ദ്രഭരണത്തെയും വിമര്‍ശിക്കുന്നില്ലേ ഉണ്ട്, പക്ഷേ...
ശശി തരൂര്‍ ആണ് അതിന്റെ സത്യം കണ്ടുപിടിച്ചത്. പറഞ്ഞതു തന്നെ പറഞ്ഞോണ്ടിരുന്നാല്‍ ആരും മൈന്‍ഡ് ചെയ്യില്ല. മോദിയെ എപ്പോഴും കുറ്റം പറഞ്ഞോണ്ടിരുന്നാല്‍ ഇവര്‍ക്ക് ഇതേ പണിയുള്ളൂ എന്നേ ജനം കരുതൂ. അതുകൊണ്ട് ഇടയ്ക്ക് ഒരു ചേഞ്ചിനു വേണ്ടി മോദിയെ പ്രശംസിക്കുകയും വേണം. അപ്പോഴേ വിമര്‍ശനത്തിനും വില കിട്ടൂ ഇതാണ് അദ്ദേഹം ട്വിറ്ററില്‍ തട്ടിവിട്ടത്.
ആറു വര്‍ഷമായി താനിതു പറയുന്നുണ്ടെന്നാണ് അദ്ദേഹം പറയുന്നത്. എന്തോ നമ്മളൊന്നും കേട്ടില്ല. എന്തായാലും ഇത്തവണ കേട്ടു. നമ്മള്‍ മാത്രമല്ല, കോണ്‍ഗ്രസ് നേതാക്കളും കേട്ടു. വേറെയും രണ്ടു മിടുക്കന്മാര്‍ മോദി സ്തുതിയുമായി പാഞ്ഞുവന്നു. ജയരാമന്‍ രമേശനും അഭിഷേക് മനു സിങ്‌വിയും. കോണ്‍ഗ്രസിന്റെ രണ്ട് വക്കീലന്മാരാണ്. സിങ്‌വി കോടതിയിലും വാദിക്കും പുറത്തും വാദിക്കും. ജയരാമന്‍ പുറത്തേ വാദിക്കാറുള്ളൂ. മുന്തിയ ഇക്കണോമിസ്റ്റ് ആയിരുന്നു. ഇപ്പോള്‍ അതൊഴിച്ചെല്ലാറ്റിലും കൈവയ്ക്കും.
എന്തായാലും സംഗതി ഹിറ്റായിട്ടുണ്ട്. പ്രളയം കഴിഞ്ഞ് ഈച്ചയെ ആട്ടിയിരിക്കുന്ന കേരള ചാനലുകള്‍ക്കു പോലും കോണ്‍ഗ്രസ് വിവാദം ചര്‍ച്ചാവിഷയമായി. ഇതില്‍പരം ചിന്തിപ്പിക്കുകയും ഇടയ്ക്ക് ചിരിപ്പിക്കുകയും ചെയ്യുന്ന വിഷയമാണ്. മോദിയെ എപ്പോഴും വിമര്‍ശിക്കണമോ അതല്ല പുട്ടിനു നാളികേരം പോലെ ഇടയ്ക്ക് സുഖിപ്പിക്കണമോ എന്നതു പോലൊരു കിടിലന്‍ വിഷയം അടുത്തൊന്നും വേറെ കൈയില്‍ കിട്ടിയിട്ടില്ലല്ലോ. കോണ്‍ഗ്രസ് ഇപ്പോഴും ജീവനോടെ ഉണ്ട് എന്നെങ്കിലും ജനങ്ങളെ ബോധ്യപ്പെടുത്താന്‍ കഴിഞ്ഞത് വലിയ നേട്ടമാണ്.
വിഷയം പൊട്ടിമുളച്ചിട്ട് ഒരാഴ്ചയിലേറെയായി എങ്കിലും ചില കേരള നേതാക്കളുടെ തലയില്‍ വെയിലടിച്ചത് ഇത്തിരി വൈകിയാണ്. കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി പൊതുവെ ശകലം വികാരജീവിയാണെങ്കിലും തരൂരിന്റെ കാര്യത്തില്‍ അല്‍പം തണുപ്പിച്ചാണ് സംസാരിച്ചത്. പകരം കെ. മുരളീധരന്‍ കത്തിക്കാളി. മോദിയെ സ്തുതിക്കേണ്ടവര്‍ ബി.ജെ.പിയില്‍ പോയാല്‍ മതി, കോണ്‍ഗ്രസിന്റെ ക്രഡിറ്റില്‍ വേണ്ട എന്നാണ് അദ്ദേഹത്തിന്റെ കര്‍ശനമായ താക്കീത്. താത്വിക വിഷയത്തില്‍ പൊതുവെ ഇടപെടുന്ന ആളല്ല മുരളി. ശശിയാണെങ്കില്‍ തന്നെപ്പോലെ തിരുവനന്തപുരത്ത് അഭയം തേടിയ ഒരു അന്യസംസ്ഥാന -അന്യമണ്ഡല കോണ്‍ഗ്രസ് തൊഴിലാളിയുമാണ്. ഇത്രയും കാലം നല്ല ഐക്യത്തിലായിരുന്നു പോക്ക്. വടകരയില്‍ മത്സരിക്കണമെന്നു പറഞ്ഞപ്പോള്‍ അതു ശശിയണ്ണനു ബുദ്ധിമുട്ടാകുമോ എന്നായിരുന്നു മുരളിയുടെ ആദ്യശങ്ക. പിന്നെ വഴങ്ങി. ഇനിയിപ്പം അതൊന്നും നോക്കുന്നില്ല.
എന്തൊക്കെ പറഞ്ഞാലും, തരൂരിന്റെ സങ്കടം ഈ കോണ്‍ഗ്രസുകാര്‍ക്ക് മനസ്സിലാവില്ല. സംഘ്പരിവാര്‍ മേഞ്ഞുനടക്കുന്ന സമയത്ത് കോണ്‍ഗ്രസുകാര്‍ക്ക് പറയാന്‍ നാലു താത്ത്വിക ഡയലോഗുകള്‍ സംഭാവന ചെയ്ത ആളാണ് തരൂര്‍. എവിടെച്ചെന്നും നാലു തത്ത്വശാസ്ത്രം കടുകട്ടി ഇംഗ്ലീഷില്‍ തട്ടാന്‍ കഴിയുന്ന ബുദ്ധിജീവി ആരുണ്ട് കോണ്‍ഗ്രസില്‍. നെഹ്‌റുവിനു ശേഷം തരൂരേ ഉണ്ടായിട്ടുള്ളൂ എന്നാണ് തരൂരെങ്കിലും ഉറച്ചുവിശ്വസിക്കുന്നത്. സംഘ്പരിവാര്‍ തത്ത്വശാസ്ത്രത്തെ തുറന്നുകാട്ടാനും വേറെ ആര്‍ക്കും അത്ര കഴിഞ്ഞിട്ടുമില്ല. ലേശം മോദി ഭക്തി പ്രകടിപ്പിച്ചിരുന്നുവെങ്കിലും ഏതെങ്കിലും സംസ്ഥാനത്തുനിന്ന് രാജ്യസഭാംഗവും പിന്നെ വിദേശകാര്യ മന്ത്രിസ്ഥാനവും കിട്ടുമായിരുന്നല്ലോ.
മുല്ലപ്പള്ളിക്കും മുരളിക്കുമൊക്കെ എന്തും പറയാം. കഴുത്തില്‍ ഒരു സ്ത്രീപീഡനകൊലക്കേസ് തൂങ്ങിക്കിടക്കുന്ന ആളുടെ മനപ്രയാസം അവര്‍ക്ക് മനസ്സിലാവില്ല. മോദിക്കും ബി.ജെ.പി യജമാനന്മാര്‍ക്കും തെല്ല് സഹതാപം തോന്നിയാല്‍ രക്ഷപ്പെടുന്ന കേസാണ് തരൂരിന്റേത്. കേസില്‍നിന്ന് ഊരിക്കിട്ടിയ ശേഷം മോദി വിമര്‍ശനത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കാമല്ലോ...
****
പാര്‍ട്ടിഭ്രാന്ത്, പരകക്ഷിദ്രോഹം, എടുത്താല്‍ പൊന്താത്ത അഹംഭാവം, ക്രൂരകൊലപാതകങ്ങള്‍ തുടങ്ങിയ ദുസ്സ്വഭാവങ്ങളാണ് സി.പി.എമ്മിനു ശാപമായത് എന്ന് തെരഞ്ഞെടുപ്പാനന്തരം നടന്ന ജാതകപരിശോധനകളില്‍ കണ്ടെത്തിയിരുന്നല്ലോ. ആകപ്പാടെ എന്താണ് സംഭവിച്ചതെന്നു പിണറായി സഖാവിനു ബോധ്യപ്പെട്ടിട്ടുണ്ട്. വിഷയത്തില്‍ പൊളിറ്റ് ബ്യൂറോതല തീരുമാനമൊന്നും ഉണ്ടായിട്ടില്ലെങ്കിലും പോകേണ്ട വഴി ഏതെന്നു കണ്ടറിഞ്ഞ് രണ്ടടി ആ ദിശയില്‍ മുന്നോട്ടു വച്ചിരിക്കുന്നു.
ആരെങ്കിലും പരസഹായം കിട്ടാതെ എവിടെയെങ്കിലും റോഡരുകിലോ ജയിലിലോ കിടപ്പുണ്ടോ എന്നാണ് ആദ്യനടപടി എന്ന നിലയില്‍ അന്വേഷിച്ചത്. കേരളത്തില്‍ ഇപ്പോള്‍ അത്തരം അലവലാതികള്‍ ഒന്നും ഇല്ലല്ലോ. പെട്ടന്നാണ്, നമ്മുടെ നാട്ടുകാരനായ ഒരു പിന്നാക്ക സമുദായ രക്ഷകന്‍ ഏതോ ദുഷ്ടന്റെ ക്രൂരതയ്ക്ക് ഇരയായി ഗള്‍ഫ് ജയിലില്‍ കിടക്കുന്നുണ്ട് എന്ന വിവരം ലഭിച്ചത്. പേരൊന്നും ചോദിച്ചില്ല. വേണ്ടതു ചെയ്യാന്‍ ഉടന്‍ ഓഫിസിനു നിര്‍ദേശം നല്‍കി. ഓഫിസില്‍ ഇത്തരം കാര്യങ്ങള്‍ക്ക് പ്രധാനമന്ത്രിക്കും വിദേശകാര്യ മന്ത്രിമാര്‍ക്കും മറ്റും ഉടനുടന്‍ സന്ദേശമയക്കാനുള്ള ഫോറങ്ങള്‍ ഉണ്ട്. പേരു ചേര്‍ത്ത് അയച്ചാല്‍ മതി. ഒപ്പെല്ലാം മുഖ്യമന്ത്രി നേരത്തെ തന്നെ ഇട്ടുവെയ്ക്കും. അതുപോലൊന്ന് ഇപ്പറഞ്ഞ കക്ഷിയുടെ കാര്യത്തിലും അയച്ചുകൊടുത്തു. വേറൊന്നും സംഭവിച്ചിട്ടില്ല. മുഖ്യമന്ത്രി കത്തയച്ചതുകൊണ്ടൊന്നും ലോകത്തൊരു ജയിലില്‍നിന്നും ആരെയും മോചിപ്പിക്കില്ല എന്നറിയില്ലേ പിന്നെയെന്തിനു വെറുതെ വിമര്‍ശിക്കുന്നു.
നടേ പറഞ്ഞ യോഗ്യന്‍ എന്‍.ഡി.എ എന്ന ദുഷ്ടപ്രസ്ഥാനത്തിന്റെ കേരളത്തലവന്‍ ആണെന്നു വിവരം കിട്ടാഞ്ഞിട്ടല്ല. കേസൊരു കള്ളച്ചെക്കു കേസാണെന്നും കേട്ടറിവുണ്ട്. സാരമില്ല. ഒരു കുറ്റവും ചെയ്യാത്ത, മഹാത്മാഗാന്ധിയുടെ തത്സ്വരൂപങ്ങള്‍ക്കു വേണ്ടിയേ ശുപാര്‍ശക്കത്ത് അയക്കൂ എന്നു തീരുമാനിക്കാന്‍ പറ്റില്ലല്ലോ. അത്തരക്കാരുണ്ടോ ജയിലില്‍ കിടക്കുന്നു. അറ്റ്‌ലസ് രാമചന്ദ്രന്‍ അതിദയനീയമായ നിലയില്‍ അവിടെ ജയിലില്‍ കിടന്നിട്ടും തിരിഞ്ഞു നോക്കിയില്ലല്ലോ എന്നു ചിലര്‍ ചോദിക്കുന്നുണ്ട്. ശരിയാണ്, അന്നു പക്ഷേ ഞങ്ങള്‍ തെരഞ്ഞെടുപ്പു തോറ്റു ആത്മപരിശോധനയൊന്നും തുടങ്ങിയിരുന്നില്ലല്ലോ.
ഇനി ആരു വിദേശത്തു ജയിലില്‍ കിടക്കുന്നുണ്ടെങ്കിലും ആ വിവരം ഒരു എസ്.എം.എസ് ആയി അറിയിച്ചാല്‍ മതി. ഉടന്‍ ശുപാര്‍ശക്കത്ത് പ്രധാനമന്ത്രിക്കയക്കുന്നതായിരിക്കും. പാര്‍ട്ടിഭേദം, കുറ്റത്തിന്റെ ഗൗരവം എന്നിവ പ്രശ്‌നമല്ല. വിദേശക്കുറ്റങ്ങളിലേ ഇടപെടൂ. ലോക്കല്‍ കേസുകള്‍ നിലവിലെ അവസ്ഥ തന്നെ തുടരും. അറസ്റ്റ് ചെയ്യാനുള്ള ഉത്തരവും വിട്ടയക്കാനുള്ള ശുപാര്‍ശയും ഒരാള്‍തന്നെ ഒപ്പിടുന്നതിന് എന്തോ ഭരണഘടനാതടസ്സമുണ്ട്. അതു പാടില്ല.
മുനവാക്ക്
പി. ചിദംബരത്തിന് ഇത് തിരിച്ചടികളുടെ കാലം, പത്രവാര്‍ത്ത: കുറേക്കാലം അടിച്ചുമാറ്റിയല്ലോ, ഇനി ഇത്തിരി തിരിച്ചടി ആവട്ടെ.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."