ശനിദശ മാറാതെ പേര്യ-തലശേരി റോഡ്
മാനന്തവാടി: വടക്കെ വയനാട്ടിലെ സുപ്രധാന റോഡുകളിലൊന്നായ തലശേരി ബാവലി റോഡിലെ തകര്‍ന്നു കിടക്കുന്ന ഏഴുകിലോമീറ്ററോളം ഭാഗം നവീകരണ പ്രവൃത്തികള്‍ വീണ്ടും കരാറുകാരന്‍ ഉപേക്ഷിച്ചതോടെ നാട്ടുകാര്‍ പ്രക്ഷോഭവുമായി രംഗത്ത്. നേരത്തെ നാട്ടുകാര്‍ നടത്തിയ പ്രക്ഷോഭത്തെ തുടര്‍ന്ന് അധികൃതര്‍ നല്‍കിയ ഉറപ്പ് പാലിക്കാത്തതിനെ തുടര്‍ന്നാണ് ഇന്ന് മുതല്‍ പ്രത്യക്ഷ സമരം തുടങ്ങാന്‍ ഇന്നലെ നാട്ടുകാര്‍ ചേര്‍ന്നു രൂപീകരിച്ച വരയാല്‍ നാട്ടുക്കൂട്ടം കൂട്ടായ്മ തീരുമാനിച്ചത്.
രാവിലെ എട്ടിന് മനുഷ്യചങ്ങല തീര്‍ക്കും. 11 മണിക്ക് ശേഷവും അധികൃതരോ ജനപ്രതിനിധികളോ ഇടപെടാത്ത പക്ഷം സ്ത്രീകളും കുട്ടികളും ഉള്‍പ്പെടെയുള്ള നാട്ടുകാര്‍ റോഡ് ഉപരോധിക്കാനുമാണ് തീരുമാനിച്ചത്. മുവ്വായിരത്തോളം പേര്‍ ഒപ്പിട്ട നിവേദനം മാനന്തവാടി സബ്കലക്ടര്‍ക്ക് നല്‍കിയിട്ടുണ്ട്. നാല് വര്‍ഷം മുമ്പ് കരാര്‍ നടപടികള്‍ പൂര്‍ത്തിയാക്കിയ റോഡിലെ ഏഴുകിലോമീറ്റര്‍ ദൂരമാണ് ഇപ്പോള്‍ തകര്‍ന്ന അവസ്ഥയിലുള്ളത്. പേര്യ 37 മുതല്‍ 42 വരെയുള്ള ഭാഗവും 43ല്‍ 600 മീറ്റര്‍ ദൂരം റോഡും പിലാക്കാവില്‍ 200 മീറ്റര്‍ റോഡുമാണ് നവീകരണം അവശേഷിക്കുന്നത്. കരാറുകാരന്റെ അനാസ്ഥയില്‍ പ്രതിഷേധിച്ച് ഓഗസ്റ്റ് 10 മുതല്‍ ആലാറ്റില്‍ യൂത്ത് വിങ് ബോയ്‌സ് ടൗണില്‍ നിരാഹാര സമരം നടത്തിയിരുന്നു. കോണ്‍ഗ്രസിന്റെ പിന്തുണയും സമരത്തിനുണ്ടായിരുന്നു.
സി.പി.എമ്മിന്റെ നേതൃത്വത്തിലും ഉപരോധസമരം നടത്തിയിരുന്നു. തുടര്‍ന്ന് ഓഗസ്റ്റ് 14 ന് സമരക്കാരുമായി മാനന്തവാടി തഹസില്‍ദാര്‍, പൊതുമരാമത് വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ ചര്‍ച്ച നടത്തിയ ശേഷമാണ് റോഡ് പണി രണ്ട് മാസത്തിനകം പൂര്‍ത്തിയാക്കുമെന്ന് ഉറപ്പ് നല്‍കിയത്. തുടര്‍ന്ന് സമരം പിന്‍വലിക്കുകയും ചെയ്തു.
എന്നാല്‍ ഒരാഴ്ചയോളം നല്ലനിലയില്‍ പണി നടന്നെങ്കിലും വീണ്ടും കരാറുകാരന്‍ അലംബാവം കാട്ടുകയായിരുന്നു. നിലവില്‍ യാതൊരു പ്രവൃത്തികളും റോഡില്‍ നടത്താത്തതിനെ തുടര്‍ന്നാണ് നാട്ടുകാര്‍ വീണ്ടും സമരവുമായി രംഗത്തെത്തിയത്. നേരത്തെയുള്ള എസ്റ്റിമേറ്റ് പുതുക്കി നല്‍കാത്തതാണ് കരാറുകാരന്റെ അനാസ്ഥക്ക് പിന്നിലെന്നാണ് സൂചന.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."