പ്രളയം, നഷ്ടപരിഹാരം ഒരു മാസത്തിനകം നല്‍കണം; വടിയെടുത്ത് ഹൈക്കോടതി
ഈ വര്‍ഷവും പ്രളയവും ഉരുള്‍പൊട്ടലുമുണ്ടായതിനാലാണ് വൈകിയതെന്ന് സര്‍ക്കാര്‍
കൊച്ചി: കഴിഞ്ഞ വര്‍ഷത്തെ പ്രളയ ബാധിതര്‍ക്ക് ഒരു മാസത്തിനുള്ളില്‍ നഷ്ടപരിഹാരം നല്‍കണമെന്ന് സംസ്ഥാന സര്‍ക്കാരിനോട് ഹൈക്കോടതി. പ്രളയം കഴിഞ്ഞ് ഒരു വര്‍ഷമായിട്ടും ദുരിതാശ്വാസ ധനത്തിന് അര്‍ഹതയുണ്ടെന്ന് സര്‍ക്കാര്‍ കണ്ടെത്തിയ പലര്‍ക്കും ഇതുവരെ നഷ്ടപരിഹാരത്തുകയായി യാതൊന്നും ലഭിച്ചിട്ടില്ലെന്നും കോടതി വിലയിരുത്തി.
ഇത്തരം കുടുംബങ്ങള്‍ക്ക് ഒരു മാസത്തിനകം ധനസഹായം നല്‍കണമെന്ന കര്‍ശന നിര്‍ദേശമാണ് ഹൈക്കോടതി ഇടക്കാല ഉത്തരവിലൂടെ നല്‍കിയത്. പ്രളയദുരിതാശ്വാസവും നഷ്ടപരിഹാരവും വൈകുന്നുവെന്ന ഹരജിക്കാരുടെ വാദം പരിഗണിച്ചാണ് കോടതി നിര്‍ദേശമുണ്ടായത്.
പുതിയ അപേക്ഷകളുടെ വിശദാംശങ്ങള്‍ ഒന്നരമാസത്തിനകം വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിക്കണമെന്നും കോടതി ഉത്തരവിട്ടു. 2018ലെ പ്രളയവും പുനരധിവാസവും കൈകാര്യം ചെയ്യുന്നതില്‍ സര്‍ക്കാര്‍ സംവിധാനങ്ങള്‍ക്ക് പോരായ്മകള്‍ സംഭവിച്ചെന്ന് ചൂണ്ടിക്കാട്ടി കോടതിയിലുള്ള പതിനഞ്ചോളം ഹരജികള്‍ പരിഗണിച്ചപ്പോഴായിരുന്നു ഹൈക്കോടതിയുടെ നിര്‍ണായക ഇടപെടല്‍.
പ്രളയത്തില്‍ ധനസഹായം ആവശ്യപ്പെട്ട് ലഭിച്ച അപ്പീല്‍ അപേക്ഷകളില്‍ സര്‍ക്കാര്‍ ഇതുവരെ സ്വീകരിച്ച നടപടികളുടെ വിശദാംശങ്ങളെല്ലാം വെബ്‌സൈറ്റില്‍ വേഗത്തില്‍ പരസ്യപ്പെടുത്തണമെന്നും നേരത്തെ കോടതി നിര്‍ദേശിച്ചിരുന്നു. ഇതില്‍ എന്ത് നടപടിയുണ്ടായെന്ന് ഹൈക്കോടതി ആരാഞ്ഞു. എന്നാല്‍ കേരളത്തില്‍ ഈ വര്‍ഷവും പ്രളയവും ഉരുള്‍പൊട്ടലുമുണ്ടായതിനാല്‍ ഉദ്യോഗസ്ഥര്‍ക്ക് ഇതില്‍ ഇടപെടാനായില്ലെന്നായിരുന്നു സര്‍ക്കാരിന്റെ മറുപടി. അതിനാല്‍ ലിസ്റ്റ് വെബ്‌സൈറ്റില്‍ പ്രസിദ്ധപ്പെടുത്താന്‍ സാവകാശം വേണമെന്ന് സര്‍ക്കാര്‍ കോടതിയില്‍ ആവശ്യപ്പെട്ടു. ഒന്നര മാസത്തിനകം ഈ ലിസ്റ്റ് പ്രസിദ്ധപ്പെടുത്താന്‍ ഹൈക്കോടതി നിര്‍ദേശിച്ചു.
ഇതിനിടെ പ്രളയത്തില്‍ എല്ലാം നഷ്ടമായ ഗ്രാമീണമേഖലയിലുള്ളവര്‍ക്ക് അപ്പീല്‍ അടക്കം നല്‍കുന്നതിന് നിയമ സഹായം ലഭ്യമാക്കാന്‍ ഒരു സമിതിയെ നിയോഗിക്കണമെന്ന് ഹൈക്കോടതി നിയോഗിച്ച അമിക്കസ്‌ക്യൂറി കോടതിയില്‍ അറിയിച്ചു.
ഈ ആവശ്യം പരിഗണിച്ച കോടതി അടുത്തമാസം 30ന് കെല്‍സ സെക്രട്ടറിയോട് നേരിട്ട് ഹാജരാകാനും നിര്‍ദേശിച്ചിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."