പാക് സര്‍ക്കാരില്‍ സ്വാധീനം സൈന്യത്തിനെന്ന് യു.എസ് റിപ്പോര്‍ട്ട്
വാഷിങ്ടന്‍ : പാക് സര്‍ക്കാരില്‍ സൈന്യത്തിന്റെ സ്വാധീനം തുടരുകയാണെന്ന് യു.എസ് കോണ്‍ഗ്രസ് സമിതി റിപ്പോര്‍ട്ട്. ജനാധിപത്യ സംവിധാനത്തിലൂടെ തെരഞ്ഞെടുക്കപ്പെട്ട സര്‍ക്കാര്‍ അധികാരത്തിലുണ്ടെങ്കിലും സര്‍ക്കാരിനെ നിയന്ത്രിക്കുന്നത് സൈന്യമാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. യഥാര്‍ഥത്തില്‍ ഇമ്രാന്‍ ഖാന്‍ കേവലം ഒരു മുഖം മാത്രമാണെന്നും അധികാരം പൂര്‍ണമായും സൈന്യത്തിന്റെ കൈകളിലാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
പാക് പ്രധാനമന്ത്രി ഇമ്രാന്‍ഖാനെ അധികാരത്തിലെത്തിച്ചതിന് പിന്നില്‍ സൈന്യത്തിന്റേയും നീതിന്യായ സംവിധാനത്തിന്റേയും ഇടപെടലുണ്ടായിട്ടുണ്ട്. ഇന്ത്യക്കെതിരേ പാകിസ്താന്‍ നിരന്തരം പ്രകോപനപരമായ പ്രസ്താവനകള്‍ ഇറക്കുന്ന സാഹചര്യത്തില്‍ കൂടിയാണ് പാക് രാഷ്ട്രീയത്തില്‍ സൈന്യത്തിന്റെ സ്വാധീനത ശക്തമാണെന്ന് വ്യക്തമാക്കുന്ന റിപ്പോര്‍ട്ട് പുറത്തുവരുന്നത്.
കോണ്‍ഗ്രഷണല്‍ റിസര്‍ച്ച് സര്‍വീസ് (സി.ആര്‍.എസ്) പുറത്തുവിട്ട 'പാകിസ്താന്‍ ഡൊമസ്റ്റിക് പൊളിറ്റിക്കല്‍ സെറ്റിങ്' എന്ന റിപ്പോര്‍ട്ടിലാണ് അവിടത്തെ രാഷ്ട്രീയ സ്ഥിതി വ്യക്തമാക്കുന്നത്. ഇമ്രാന്‍ ഖാന്‍ പാകിസ്താനിലെ പ്രധാനമന്ത്രിയായിരിക്കാം, എന്നാല്‍ വിദേശകാര്യത്തിലും ദേശീയ സുരക്ഷാ നയത്തിലും സൈന്യം ശക്തമായ സ്വാധീനം ചെലുത്തുകുയാണെന്ന് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.
പുതിയ പാകിസ്താന്‍ എന്നതായിരുന്നു ഇമ്രാന്‍ ഖാന്റെ ലക്ഷ്യം. യുവാക്കളും മധ്യവര്‍ഗ സമൂഹത്തിലെയും വോട്ടര്‍മാരായിരുന്നു അദ്ദേഹത്തിന്റെ ശക്തി. രാജ്യത്തെ അഴിമതി ഇല്ലാതാക്കാനും ക്ഷേമരാഷ്ട്രമെന്ന രീതിയില്‍ വിദ്യാഭ്യാസം, ആരോഗ്യം എന്നീ രംഗങ്ങളില്‍ പാകിസ്താനെ ഉയര്‍ത്തിക്കൊണ്ടുവരാനും അദ്ദേഹം ലക്ഷ്യം വച്ചിരുന്നെങ്കിലും കടുത്ത സാമ്പത്തിക പ്രതിസന്ധിക്ക് പുറമെ സൈനിക ഇടപടെലുകളും അദ്ദേഹത്തിന്റെ പ്രവര്‍ത്തനത്തിന് തടസമായതായും റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു.
ഇമ്രാന്‍ ഖാന്‍ ഒരു രാഷ്ട്രീയ അനുഭവപരിചയവുമില്ലാതെയാണ് പ്രധാനമന്ത്രി സ്ഥാനത്തെത്തിയത്. പാകിസ്താനില്‍ നടന്ന അവസാനത്തെ പൊതു തെരഞ്ഞെടുപ്പില്‍ സൈന്യവും നീതിന്യായ സംവിധാനവും അടങ്ങിയ കൂട്ടുകെട്ട് സ്വാധീനം ചെലുത്തിയതായി സംശയിക്കണം.
മുന്‍ പ്രധാനമന്ത്രി നവാസ് ഷെരീഫിനെ പുറത്താക്കാനും അദ്ദേഹത്തിന്റെ പാര്‍ട്ടിയായ പാകിസ്താന്‍ മുസ്‌ലിം ലീഗിനെ ക്ഷയിപ്പിക്കാനും ഈ കൂട്ടുകെട്ട് പ്രവര്‍ത്തിച്ചതായി സംശയിക്കുന്നുണ്ടെന്നും റിപ്പോര്‍ട്ട് പറയുന്നു. പൊതുതെരഞ്ഞെടുപ്പില്‍ വിജയിക്കാന്‍ ഇമ്രാന്‍ ഖാനും അദ്ദേഹത്തിന്റെ പാര്‍ട്ടിയായ തെഹ്‌രീക് ഇ ഇന്‍സാഫിനും സൈന്യത്തിന്റെ സഹായം ലഭിച്ചിരുന്നതായി സംശയമുണ്ട്. പൊതുജന ക്ഷേമവും മികച്ച വിദ്യാഭ്യാസവും നല്ല ആരോഗ്യപരിരക്ഷാ സംവിധാനങ്ങളുമുള്ള പുതിയ പാകിസ്താന്‍ എന്ന ദര്‍ശനം നടപ്പാക്കാന്‍ ഇമ്രാന്‍ ഖാന് കഴിഞ്ഞിട്ടില്ല. രാജ്യം കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുന്നതാണ് ഇതിന് കാരണം. നിരോധിച്ച സംഘടനകളുമായി ബന്ധമുള്ളതുകൊണ്ട് പാകിസ്താനില്‍ ഭീകരവാദം ശക്തിപ്പെടുകയാണെന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."