തായ്ലന്റ് ഷോട്കോഴ്സ് ഓപ്പണ്‍ നീന്തല്‍ക്കുളത്തില്‍ ഇന്ത്യയുടെ നവരത്നമായി സാജന് പ്രകാശ്
തിരുവനന്തപുരം: സര്‍ക്കാര്‍ അവഗണന തുടരുമ്പോഴും രാജ്യാന്തര വേദിയില്‍ കേരളത്തിന്റെ അഭിമാനം വാനോളമുയര്‍ത്തി നീന്തല്‍ താരം സാജന് പ്രകാശിന്റെ പോരാട്ടം. തായ്ലന്റ് ഷോട്കോഴ്സ് ഓപ്പണ്‍ നീന്തല്‍ ചാംപ്യന്‍ഷിപ്പില്‍ ഒന്‍പത് മെഡലുകള്‍ നേടിയാണ് സാജന് പ്രകാശ് ഇന്ത്യയുടെ അഭിമാന താരമായി മാറിയത്. ബാങ്കോക്കിലെ അസംപ്ഷന്‍ യൂനിവേഴ്സിറ്റിയില്‍ 21 മുതല്‍ 23 വരെ നടന്ന ചാംപ്യന്‍ഷിപ്പിലാണ് നാല് സ്വര്‍ണവും നാല് വെള്ളിയും ഒരു വെങ്കലവും ഉള്‍പ്പടെ സാജന് പ്രകാശ് നീന്തിയെടുത്തത്. 100 മീറ്റര്‍ ബട്ടര്‍ഫ്ളൈ, 400 മീറ്റര്‍ ഫ്രീ സ്റ്റൈല്‍, 100, 200 മെഡ്ലേ ഇനങ്ങളിലാണ് സാജന് സ്വര്‍ണം നേടിയത്. 50 മീറ്റര്‍ ബട്ടര്‍ഫ്ളൈ, 50, 200 ഫ്രീസ്റ്റൈല്‍, 50 മീറ്റര്‍ ബാക്ക് സ്ട്രോക്ക് ഇനങ്ങളില്‍ വെള്ളിയും 100 മീറ്റര്‍ ഫ്രീസ്റ്റൈലില്‍ വെങ്കലവും നീന്തിയെടുത്തു. ദേശീയ അക്വാട്ടിക് ചാംപ്യന്‍ഷിപ്പില്‍ അഞ്ച് ദേശീയ റെക്കോഡുകളുമായി അഞ്ച് സ്വര്‍ണ മെഡലുകള്‍ കേരളത്തിന് സമ്മാനിച്ചിരുന്നു സാജന് പ്രകാശ്. കേരള ആംഡ് പൊലിസില്‍ ഇന്‍സ്പെക്ടറായ സാജന് പ്രകാശിന് ശമ്പളം ലഭിച്ചിട്ട് 22 മാസമായി. ശമ്പളം നല്‍കാനായി അനുമതി തേടിയുള്ള ഫയല്‍ ധനവകുപ്പിന്റെ ചുവപ്പുനാടയില്‍ കുരുങ്ങി സെക്രട്ടേറിയറ്റിലെ ഫ്രീസറിലാണിപ്പോഴും. ആഭ്യന്തരവകുപ്പ് വഴി ധനവകുപ്പിലേക്ക് പോയ ഫയല്‍ സെക്ഷന്‍ മൂന്നിലാണ് കുരുങ്ങിക്കിടക്കുന്നത്. ചുവപ്പുനാടയുടെ കുരുക്കഴിക്കാന്‍ മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി എം.വി ജയരാജന് നേരിട്ട് ഇടപെടല്‍ നടത്തിയെങ്കിലും ഫയല്‍ ധനവകുപ്പില്‍ നിന്നു ചലിച്ചിട്ടില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."