ഓടിച്ചയാള്‍ക്ക് ലൈസന്‍സില്ല; പാപ്പി വീണ്ടും പിടിയിലായി ഫോര്‍ട്ട്‌കൊച്ചി-വൈപ്പിന്‍ ബോട്ട് പൊലിസ് കസ്റ്റഡിയില്‍
മട്ടാഞ്ചേരി:ഫോര്‍ട്ട്‌കൊച്ചിവൈപ്പിന്‍ ഫെറിയില്‍ സര്‍വ്വീസ് നടത്തുന്ന പാപ്പിയെന്ന ബോട്ട് വീണ്ടും പൊലീസ് കസ്റ്റഡിയിലായി.നഗരസഭയുടെ അധീനതയിലുള്ള ബോട്ട് ഓടിക്കുന്നയാള്‍ക്ക് ലൈസന്‍സില്ലാത്തതിനെ തുടര്‍ന്നാണ് പാപ്പി വീണ്ടും പിടിയിലായത്.
ഇന്നലെ രാവിലെ പത്തരയോടെ ഫോര്‍ട്ട്‌കൊച്ചി കോസ്റ്റല്‍ പൊലീസ് എസ്.ഐ.രമേശന്റെ നേതൃത്വത്തില്‍ നടത്തിയ പരിശോധനയിലാണ് പാപ്പി ഓടിക്കുന്നയാള്‍ക്ക് ലൈസന്‍സില്ലായെന്ന് വ്യക്തമായത്.പരിശോധന സമയത്ത് ബോട്ടില്‍ മതിയായ സുരക്ഷാ സംവിധാനങ്ങളില്ലായെന്നും പൊലീസ് കണ്ടെത്തി.ഈ സമയം ബോട്ടിലുണ്ടായിരുന്ന യാത്രക്കാരെ അക്കരെയെത്തിച്ച ശേഷമാണ് പൊലീസ് ബോട്ട് കസ്റ്റഡിയിലെടുത്തത്.നേരത്തേ ഫോര്‍ട്ട്‌കൊച്ചി പൊലീസ് നടത്തിയ പരിശോധനയിലും ബോട്ട് ഓടിക്കുന്നയാള്‍ക്ക് ലൈസന്‍സില്ലായെന്ന് കണ്ടെത്തിയിരുന്നു.ഇതിനെ തുടര്‍ന്ന് അന്ന് ബോട്ട് ഓടിച്ചിരുന്നയാള്‍ക്കെതിരെ പൊലീസ് കേസെടുക്കുകയും ലൈസന്‍സുള്ളയാള്‍ എത്തിയ ശേഷം മാത്രം ബോട്ട് ഓടിക്കുവാന്‍ പാടുള്ളൂവെന്ന കര്‍ശന നിര്‍ദ്ദേശം നല്‍കുകയും ചെയ്തിരുന്നു.
അതിന് ശേഷം ലൈസന്‍സുള്ളയാള്‍ എത്തി ബോട്ട് എടുത്തെങ്കിലും വീണ്ടും ബോട്ട് ഓടിക്കുന്നതിന് ലൈസന്‍സില്ലാത്തയാളെ ഏല്‍പ്പിക്കുകയായിരുന്നു.ദിനം പ്രതി നൂറ് കണക്കിനാളുകളാണ് ബോട്ടില്‍ യാത്ര ചെയ്യുന്നത്.കപ്പല്‍ ചാല്‍ കൂടിയായ അഴിമുഖത്ത് ഏത് സമയത്തും അപകടം സംഭവിക്കാം.രണ്ട് വര്‍ഷം മുമ്പാണ് ഫോര്‍ട്ട്‌കൊച്ചിയില്‍ ബോട്ട് മുങ്ങി പതിനൊന്ന് പേര്‍ മരിച്ചത്.ഇതിന് ശേഷം ആലപ്പുഴ കൈനകരിയില്‍ നിന്ന് കാര്‍ഷിക ആവശ്യത്തിന് ഉപയോഗിക്കുന്ന ബോട്ട് രൂപമാറ്റം വരുത്തിയതാണ് ഇവിടെ എത്തിച്ചത്.ഈ ബോട്ട് ഓടിക്കുന്നത് ലൈസന്‍സുള്ളയാളാണോയെന്ന് പരിശോധിക്കാതെയാണ് നഗരസഭ ഇവിടെ സര്‍വ്വീസ് നടത്തുന്നത്.
ഇത് നഗരസഭയുടെ കടുത്ത അനാസ്ഥയാണ് വെളിപ്പെടുത്തുന്നത്.കോസ്റ്റല്‍ പൊലീസ് കസ്റ്റഡിയിലെടുത്ത ബോട്ടും ഓടിച്ചയാളേയും അനന്തര നടപടികള്‍ക്കായി ഹാര്‍ബര്‍ പൊലീസിന് കൈമാറി.
ബോട്ട് ഓടിച്ച ആലപ്പുഴ കപ്പപ്പുറം മാങ്കൊമ്പ് സ്വദേശി സിബി മാത്യൂസ്(48)നെതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്.ഇതിന് പുറമേ മതിയായ സുരക്ഷാ സംവിധാനങ്ങളില്ലാതെ ബോട്ടോടിച്ചതിന് മറ്റൊരു കേസും ഹാര്‍ബര്‍ പൊലിസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.നഗരസഭയുടെ അനാസ്ഥക്കെതിരെ പ്രതിഷേധം ശക്തമായിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."