ജോസഫ് പാലം വലിക്കുമോ? പാലായില്‍ ആശയക്കുഴപ്പം തുടരുന്നു
എം.ഷഹീര്‍
കോട്ടയം: പാലാ ഉപതെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ഥിനിര്‍ണയത്തിലെ ആശയക്കുഴപ്പത്തില്‍ നട്ടംതിരിഞ്ഞ് യു.ഡി.എഫും കേരള കോണ്‍ഗ്രസ് ജോസ് കെ. മാണി വിഭാഗവും. കേരള കോണ്‍ഗ്രസിന്റെ തെരഞ്ഞെടുപ്പ് ചിഹ്നമായ രണ്ടില അനുവദിക്കാനുള്ള അധികാരം തനിക്കാണെന്ന് വാദിക്കുന്ന പി.ജെ ജോസഫ് സ്ഥാനാര്‍ഥിയെ സംബന്ധിച്ച് ഉപാധികള്‍ വച്ചതോടെയാണ് ചര്‍ച്ചകള്‍ വഴിമുട്ടിയത്.
ഇന്നലെ ഇരുവിഭാഗം നേതാക്കളുമായി യു.ഡി.എഫ് കണ്‍വീനര്‍ ബെന്നി ബഹനാനും തിരുവഞ്ചൂര്‍ രാധാകൃഷ്ണനും നടത്തിയ ചര്‍ച്ചയില്‍ കാര്യമായ ഫലമുണ്ടായില്ല. ഇതോടെ പി.ജെ ജോസഫ് ഉയര്‍ത്തുന്ന വെല്ലുവിളികള്‍ പാലായിലെ യു.ഡി.എഫിന്റെ സാധ്യത ഇല്ലാതാക്കുമെന്ന് ജോസ് കെ. മാണി വിഭാഗം യു.ഡി.എഫ് നേതൃത്വത്തെ അറിയിച്ചു.
ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പിലുണ്ടായത് പാലായിലും ആവര്‍ത്തിക്കുമെന്ന ആശങ്ക ജോസ് കെ. മാണി വിഭാഗം യു. ഡി.എഫ് ഉപസമിതിയെ അറിയിച്ചു. ഈ സാഹചര്യത്തില്‍ യു.ഡി.എഫ് നേതാക്കളായ ഉമ്മന്‍ചാണ്ടി, പി.കെ കുഞ്ഞാലിക്കുട്ടി, രമേശ് ചെന്നിത്തല, മുല്ലപ്പള്ളി രാമചന്ദ്രന്‍ എന്നിവര്‍ അനുനയ ചര്‍ച്ചകള്‍ക്കായി ഇന്ന് കോട്ടയത്ത് എത്തും. ജോസ് കെ.മാണി, പി.ജെ ജോസഫ് എന്നിവരുമായി ആശയവിനിമയം നടത്തി സ്ഥാനാര്‍ഥിപ്രഖ്യാപനം എത്രയുംപെട്ടെന്ന് നടത്തുകയാണ് നേതാക്കളുടെ ലക്ഷ്യം.
പ്രഖ്യാപനം ഇന്ന് വൈകിട്ടോടെ ഉണ്ടായേക്കുമെന്നാണ് ജോസ് കെ. മാണി പറയുന്നത്. ഇടതുമുന്നണി സ്ഥാനാര്‍ഥി പത്രിക സമര്‍പ്പിക്കുകയും പ്രചാരണത്തില്‍ ബഹുദൂരം മുന്നോട്ടുപോകുകയും ചെയ്ത സാഹചര്യത്തിലാണ് യു.ഡി.എഫിന്റെ തലമുതിര്‍ന്ന നേതാക്കള്‍ തന്നെ ചര്‍ച്ചകള്‍ക്കായി കോട്ടയത്തെത്തുന്നത്.
ജോസ് കെ.മാണിയെയും ഭാര്യ നിഷ ജോസ് കെ.മാണിയെയും മത്സരിപ്പിക്കാനുള്ള നീക്കത്തെ തടയിട്ട് പാര്‍ട്ടിയില്‍ തന്റെ അധികാരം സ്ഥാപിച്ചെടുക്കുകയാണ് പി.ജെ ജോസഫിന്റെ ലക്ഷ്യം. പാര്‍ട്ടിയില്‍ തന്റെ നേതൃത്വം ജോസ് കെ.മാണിയെ കൊണ്ട് അംഗീകരിപ്പിക്കുകയെന്ന ലക്ഷ്യവും ജോസഫിനുണ്ട്. സ്ഥാനാര്‍ഥിനിര്‍ണയത്തില്‍ തന്റെ ഉപാധികള്‍ക്ക് ജോസ് കെ.മാണി വഴങ്ങിയാല്‍ നിലവില്‍ കോടതിയിലുള്ള കേസുകളിലും തങ്ങള്‍ക്ക് സഹായകമാകുമെന്ന് ജോസഫ് വിഭാഗം കരുതുന്നു. അതിനാല്‍ പി.ജെ ജോസഫിന്റെ ഉപാധികള്‍ അംഗീകരിക്കുന്നത് ശരിയാകില്ലെന്ന നിലപാട് ജോസ് കെ. മാണി പക്ഷത്തെ ചില നേതാക്കള്‍ക്കുണ്ട്.
പാലാ മണ്ഡലത്തിലെ പ്രമുഖ സമുദായ- സഭാ നേതാക്കളെ യു.ഡി.എഫ് സംസ്ഥാന നേതൃത്വം നേരില്‍ കാണണമെന്നും കമ്മ്യൂണിസ്റ്റ് വിരുദ്ധതയിലൂന്നിയുള്ള പ്രചാരണങ്ങള്‍ക്ക് മുന്‍തൂക്കം നല്‍കണമെന്നും ജോസ് കെ.മാണി വിഭാഗം യു.ഡി.എഫ് ഉപസമിതിയില്‍ ആവശ്യപ്പെട്ടു. നിഷയുടെ സ്ഥാനാര്‍ഥിത്വം അംഗീകരിക്കില്ലെന്ന ജോസഫിന്റെ പിടിവാശി പ്രചാരണത്തെ തകിടംമറിച്ചുവെന്നും അവര്‍ ഉപസമിതിയെ അറിയിച്ചു. സ്ഥാനാര്‍ഥിനിര്‍ണയം ഇന്ന് ഉച്ചയോടെ പൂര്‍ത്തിയാക്കുമെന്നും ചിഹ്നത്തിന്റെ കാര്യത്തിലടക്കം ശുഭകരമായ വാര്‍ത്തയുണ്ടാകുമെന്നും ജോസ് കെ. മാണി വ്യക്തമാക്കി.
രണ്ടില ചിഹ്നത്തില്‍ തന്നെ സ്ഥാനാര്‍ഥി മത്സരിക്കണമെന്നാണ് യു.ഡി.എഫ് ആഗ്രഹിക്കുന്നതെന്ന് യു.ഡി.എഫ് കണ്‍വീനര്‍ ബെന്നി ബഹനാനും കോട്ടയത്ത് പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."