നരേന്ദ്രമോദി ഭരണത്തില്‍ കര്‍ഷകരും രാജ്യദ്രോഹികളോ
നരേന്ദ്രമോദി സര്‍ക്കാരിന്റെ ഭരണത്തിന്‍കീഴില്‍ ഇന്ത്യയിലെ ന്യൂനപക്ഷങ്ങള്‍ക്കുനേരെ നടത്തിക്കൊണ്ടിരിക്കുന്ന വിവിധതരത്തിലുള്ള ആക്രമണങ്ങള്‍ കര്‍ഷകരിലേക്കും വ്യാപിച്ചിരിക്കുകയാണ്. കാര്‍ഷികോല്‍പന്നങ്ങള്‍ക്കു ന്യായവില കിട്ടണമെന്നും കാര്‍ഷിക കടം എഴുതിത്തള്ളണമെന്നും ആവശ്യപ്പെട്ട് കഴിഞ്ഞ ചൊവ്വാഴ്ച മധ്യപ്രദേശില്‍ കര്‍ഷകര്‍ നടത്തിയ പ്രതിഷേധറാലിക്കു നേരെ പൊലിസ് നടത്തിയ വെടിവയ്പില്‍ ആറുപേരാണ് മരിച്ചുവീണത്.
നിരവധി പേര്‍ ഗുരുതരമായ പരിക്കുകളോടെ ആശുപത്രികളിലുമാണ്. വരള്‍ച്ചയെ തുടര്‍ന്ന് പ്രതിസന്ധിയിലായ കാര്‍ഷികമേഖലയ്ക്ക് അടിയന്തര ധനസഹായം എത്തിക്കുക, കാര്‍ഷികോല്‍പന്നങ്ങള്‍ക്ക് ന്യായമായ വില ലഭ്യമാക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് മന്ദസൂര്‍ ജില്ലയില്‍ കര്‍ഷകര്‍ പ്രതിഷേധറാലി നടത്തിയത്. ഇതിനുനേരെയാണ് യാതൊരു മുന്നറിയിപ്പും നല്‍കാതെ സുപ്രിംകോടതിയുടെ മാര്‍ഗനിര്‍ദേശം പോലും ലംഘിച്ച് പൊലിസ് നിഷ്‌കരുണം വെടിവച്ചത്. കര്‍ഷകരോട് ശത്രുതാ മനോഭാവത്തോടെയാണ് ബി.ജെ.പി സര്‍ക്കാര്‍ അധികാരത്തില്‍ വന്നതുമുതല്‍ പെരുമാറുന്നത്. രാജ്യത്തെ മുഴുവന്‍ കര്‍ഷകരും ബാങ്കുകളില്‍ നിന്നെടുത്ത കാര്‍ഷിക ലോണിനേക്കാളും എത്രയോ അധികം കോടികളാണ് വിജയ് മല്യ ബാങ്കുകളില്‍നിന്നു തട്ടിച്ചു ലണ്ടനില്‍ സസുഖം വാഴുന്നത്. കോടികള്‍ ബാങ്കിലേക്ക് തിരിച്ചടക്കാനുള്ള ഗൗതം അദാനിക്ക് ഒരു നോട്ടിസ് പോലും അയക്കുന്നില്ല. കര്‍ഷകരുടെ കടം എഴുതിത്തള്ളുകയാണെങ്കില്‍ രാജ്യം പണപ്പെരുപ്പത്തിലേക്ക് വീഴുമെന്ന വിചിത്രമായ വാദമാണ് ബി.ജെ.പി സര്‍ക്കാരിന്റെ നോമിനിയായ റിസര്‍വ് ബാങ്ക് ചെയര്‍മാന്‍ ഊര്‍ജിത് പട്ടേലിന്റെ കണ്ടുപിടിത്തം. കോര്‍പറേറ്റുകള്‍ക്ക് പൊതുമേഖലാ ബാങ്കുകള്‍ തീറെഴുതിക്കൊടുത്ത ബി.ജെ.പി സര്‍ക്കാര്‍ വരള്‍ച്ച മൂലം കെടുതി അനുഭവിക്കുന്ന, ഇന്ത്യയെ തീറ്റിപ്പോറ്റുന്ന കര്‍ഷകരുടെ കാര്‍ഷിക കടങ്ങള്‍ എഴുതിത്തള്ളാന്‍ തയ്യാറല്ല. കോര്‍പറേറ്റുകള്‍ക്കുവേണ്ടി മാത്രമാണ് ഈ സര്‍ക്കാര്‍ നിലകൊള്ളുന്നതെന്ന് കന്നുകാലിച്ചന്തകളില്‍ കാലികളെ കശാപ്പിനായി വില്‍ക്കുന്നത് നിരോധിച്ചതിലൂടെയും വ്യക്തമാണ്. കന്നുകാലി ചന്തകള്‍ക്ക് വിലക്ക് വീണതോടെ ആയിരക്കണക്കിന് കര്‍ഷകരാണ് പട്ടിണിയിലേക്ക് വീഴുന്നത്. കറവ വറ്റിയ കാലികളെ വില്‍ക്കാനോ പുതിയ കാലികളെ വാങ്ങി പാലുല്‍പാദിപ്പിക്കാനോ അവര്‍ക്ക് കഴിയുന്നില്ല. എന്നാല്‍, ഈ രംഗത്തെ കോര്‍പറേറ്റുകളെ ഇതൊട്ട് ബാധിക്കുന്നുമില്ല.
ഇത്തരം സംഭവങ്ങളില്‍ നിന്നുതന്നെ ബി.ജെ.പി സര്‍ക്കാര്‍ രാജ്യത്തെ സാധാരണക്കാര്‍ക്കും കര്‍ഷകര്‍ക്കും അപ്രാപ്യമാണ് എന്ന സന്ദേശമാണ് നല്‍കുന്നത്. കാലാവസ്ഥാ വ്യതിയാനം മൂലം കൃഷി നശിച്ച കര്‍ഷകരുടെ ആത്മഹത്യകള്‍ പെരുകിക്കൊണ്ടിരിക്കുന്ന രാജ്യമായി ഇന്ത്യ മാറിക്കൊണ്ടിരിക്കുന്നു. രാജ്യത്ത് ഏറ്റവും കൂടുതല്‍ കര്‍ഷകര്‍ ആത്മഹത്യ ചെയ്തുകൊണ്ടിരിക്കുന്ന സംസ്ഥാനമാണ് ബി.ജെ.പി നേതാവ് ശിവരാജ് സിങ് ചൗഹാന്‍ മുഖ്യമന്ത്രിയായി ഭരിക്കുന്ന മധ്യപ്രദേശ്. ആറു പേരുടെ മരണത്തിനിടയാക്കിയ സംഭവത്തെ കുറിച്ച് അന്വേഷിക്കാന്‍ ജുഡീഷ്യല്‍ അന്വേഷണമെന്ന പ്രഹസനത്തിന് സര്‍ക്കാര്‍ ഉത്തരവിട്ടിട്ടുണ്ടെങ്കിലും കര്‍ഷകരുടെ ആവശ്യങ്ങള്‍ അനുഭാവപൂര്‍വം പരിഗണിക്കാന്‍ ഇതുവരെ സന്നദ്ധമായിട്ടില്ല.
ബി.ജെ.പി സര്‍ക്കാര്‍ കര്‍ഷകരുമായി തുറന്ന യുദ്ധത്തിനാണ് ഒരുങ്ങിയിരിക്കുന്നതെന്ന രാഹുല്‍ ഗാന്ധിയുടെ നിരീക്ഷണം അര്‍ഥവത്താണ്. സീതാറാം യെച്ചൂരിയെ ന്യൂഡല്‍ഹി എ.കെ.ജി സെന്ററില്‍ ആക്രമിച്ചതിന്റെ പിന്നില്‍ ഗൂഢാലോചനയുണ്ടെന്ന് ആരോപിച്ച ബി.ജെ.പി സര്‍ക്കാര്‍ കര്‍ഷകരെ പൊലിസ് വെടിവച്ചതിലും കോണ്‍ഗ്രസിന്റെ ഗൂഢാലോചനയുണ്ടെന്ന ബാലിശമായ വാദം ഉയര്‍ത്തിയിരിക്കുകയാണ്. യാഥാര്‍ഥ്യത്തില്‍നിന്നുള്ള ഒളിച്ചോട്ടം മാത്രമല്ല ഇത്, ആടിനെ പട്ടിയാക്കുന്നതും കൂടിയാണ്. ആര്‍.എസ്.എസുകാരായ ഹിന്ദുസേനാ പ്രവര്‍ത്തകരെ രക്ഷിക്കാനുള്ള തന്ത്രത്തിന്റെ ഭാഗവും. അക്രമികള്‍ക്കെതിരേ നിസാര വകുപ്പ് ചുമത്തി കേസെടുത്ത് ജാമ്യം നല്‍കി വിട്ടതില്‍ നിന്നുതന്നെ ഇത് മനസ്സിലാക്കാം.
കാര്‍ഷിക ലോണ്‍ എഴുതിത്തള്ളണമെന്നാവശ്യപ്പെട്ട് ഒരാഴ്ചയായി കര്‍ഷകര്‍ പ്രതിഷേധത്തിലാണ്. കര്‍ഷകരുടെ ആവശ്യങ്ങള്‍ക്കു നേരെ സര്‍ക്കാര്‍ മുഖം തിരിച്ചുനില്‍ക്കുകയുമാണ്. വെടിവയ്പിനെ തുടര്‍ന്ന് മരിച്ചവരുടെ ആശ്രിതര്‍ക്ക് നഷ്ടപരിഹാരം നല്‍കുന്നതില്‍ മാത്രം പ്രശ്‌നം അവസാനിക്കുന്നില്ല. മുന്‍ ബിഹാര്‍ മുഖ്യമന്ത്രി ലാലു പ്രസാദ് യാദവ് പറഞ്ഞതുപോലെ ഈ സര്‍ക്കാരിന്റെ കീഴില്‍ ന്യൂനപക്ഷങ്ങള്‍ക്കും ദലിതുകള്‍ക്കും ഇപ്പോഴിതാ കര്‍ഷകര്‍ക്കും രക്ഷയില്ലാതായിരിക്കുകയാണ്. 14 വര്‍ഷമായി മധ്യപ്രദേശ് ബി.ജെ.പിയാണ് ഭരിക്കുന്നത്. എന്നിട്ടും കര്‍ഷകരുടെ ന്യായമായ ഒരു ആവശ്യത്തിനുപോലും സര്‍ക്കാര്‍ അനുകൂല നിലപാട് സ്വീകരിച്ചിട്ടില്ല.
മധ്യപ്രദേശില്‍ കഴിഞ്ഞ ചൊവ്വാഴ്ച ആരംഭിച്ച കര്‍ഷകപ്രക്ഷോഭം വൈകാതെ രാജ്യമൊട്ടാകെ പടരുമെന്നതിന്റെ സൂചനകളിപ്പോള്‍ തന്നെ വന്നുകഴിഞ്ഞു. പ്രക്ഷോഭത്തിന്റെ അലയൊലികള്‍ ബി.ജെ.പി ഭരിക്കുന്ന രാജസ്ഥാനിലേക്കും ഗുജറാത്തിലേക്കും നീളുന്നത് അതിന്റെ ഭാഗമാണ്. കോര്‍പറേറ്റുകളെ അകമഴിഞ്ഞു സഹായിച്ചുകൊണ്ടിരിക്കുന്ന ബി.ജെ.പി സര്‍ക്കാര്‍ കര്‍ഷകരുടെയും തൊഴിലാളികളുടെയും പ്രതിഷേധാഗ്നിയില്‍ എരിഞ്ഞൊടുങ്ങുക തന്നെ ചെയ്യും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."