HOME
DETAILS

ജില്ലാ സ്‌കൂള്‍ കായികമേള: ഐഡിയല്‍ എടപ്പാള്‍

  
backup
October 24 2018 | 07:10 AM

%e0%b4%9c%e0%b4%bf%e0%b4%b2%e0%b5%8d%e0%b4%b2%e0%b4%be-%e0%b4%b8%e0%b5%8d%e2%80%8c%e0%b4%95%e0%b5%82%e0%b4%b3%e0%b5%8d%e2%80%8d-%e0%b4%95%e0%b4%be%e0%b4%af%e0%b4%bf%e0%b4%95%e0%b4%ae%e0%b5%87-8

തേഞ്ഞിപ്പലം: ഐഡിയല്‍ കരുത്തില്‍ എതിരാളികളില്ലാതെ എടപ്പാള്‍ ഉപജില്ല. കഴിഞ്ഞ രണ്ട് ദിവസങ്ങളിലായി കാലിക്കറ്റ് യൂനിവേഴ്‌സിറ്റി സി.എച്ച് മുഹമ്മദ് കോയ സിന്തറ്റിക്‌സ് സ്റ്റേഡിയത്തില്‍ നടന്ന ജില്ലാ കായികോല്‍സവത്തില്‍ എതിരാളികളെ ബഹുദൂരം പിന്നിലാക്കിയാണ് എടപ്പാള്‍ ഉപജില്ല കീരീടം ചൂടിയത്. തുടര്‍ച്ചയായി പതിനൊന്നാം തവണയാണ് എടപ്പാള്‍ കിരീടത്തില്‍ മുത്തമിടുന്നത്.
52 സ്വര്‍ണവും 27 വെള്ളിയും 10 വെങ്കലവുമായി 351 പോയന്റ് നേടിയാണ് എടപ്പാള്‍ കിരീടം ചൂടിയത്.
രണ്ടാം സ്ഥാനത്തുള്ള കിഴിശ്ശേരി ഉപജില്ല നാല് സ്വര്‍ണവും എട്ട് വെള്ളിയും ആറ് വെങ്കലവുമായി 71 പോയന്റ് നേടി. അഞ്ച് സ്വര്‍ണവും എട്ട് വെള്ളിയും നാല് വെങ്കലവുമായി 59 പോയിന്റ് നേടിയ മങ്കട ഉപജില്ല മൂന്നാം സ്ഥാനത്തും നാല് സ്വര്‍ണവും ഏഴ് വെള്ളിയും ഏഴ് വെങ്കലവുമായി 54 പോയിന്റുള്ള തിരൂര്‍ ഉപജില്ല നാലാം സ്ഥാനത്തുമാണ്. ഏഴ് പോയന്റുള്ള പരപ്പനങ്ങാടി ഉപജില്ലയാണ് ഏറ്റവും പിറകില്‍.
17 ഉപജില്ലകളില്‍ നിന്നായി 3500ല്‍ പരം കായിക താരങ്ങള്‍ മത്സരിച്ച മേളയില്‍ 47 സ്വര്‍ണവും 20 വെള്ളിയും ആറ് വെങ്കലവുമായി 301 പോയിന്റോടെ ഐഡിയ കടശ്ശേരിയാണ് സ്‌കൂള്‍ തലത്തില്‍ ഒന്നാമത്. ഇത് തുടര്‍ച്ചയായി പത്താം തവണയാണ് ഐഡിയല്‍ സ്‌കൂള്‍ തലത്തില്‍ ഒന്നാം സ്ഥാനം നേടുന്നത്. കെ.എം.ജി.വി.എച്ച്.എസ്.സ് തവനൂര്‍ നാല് സ്വര്‍ണവും അഞ്ച് വെള്ളിയും ഒരു വെങ്കലവുമായി 36 പോയിന്റ് നേടി രണ്ടാം സ്ഥാനത്തെത്തി.
മൂന്ന് സ്വര്‍ണവും നാല് വെള്ളിയും മൂന്ന് വെങ്കലവുമായി 30 പോയിന്റ് നേടിയ സെന്റ് മേരീസ് എച്ച്.എസ്.എസ് പരിയാപുരം മൂന്നാം സ്ഥാനവും നേടി.
രണ്ട് ദിവസങ്ങളിലായി നടന്ന മീറ്റില്‍ മൊത്തം പതിനഞ്ച് റെക്കോര്‍ഡുകളാണ് തിരുത്തിക്കുറിക്കപ്പെട്ടത്.

 

സ്റ്റേഡിയത്തിന്റെ ഗെയിറ്റടച്ചിട്ടു; താരങ്ങളെ അകത്തേക്ക് വിട്ടില്ലതേഞ്ഞിപ്പലം: ജില്ല കായികമേളയുടെ രണ്ടാം ദിവസമായ ഇന്നലെ രാവിലെ മത്സരത്തിന് എത്തിയ താരങ്ങള്‍ക്ക് ഗെയിറ്റടിച്ചതിനാല്‍ അകത്തേക്ക് പ്രവേശിക്കാനായില്ല.
രാവിലെ താരങ്ങള്‍ എത്തിയപ്പോള്‍ സര്‍വകലാശാല അത്‌ലറ്റിക് കോച്ച് തടഞ്ഞെന്ന് കാണിച്ച് ഡി.ഡി.ഇ പി. കൃഷ്ണന്‍ സര്‍വകലാശാല വൈസ് ചാന്‍സ്‌ലര്‍ ഡോ. കെ. മുഹമ്മദ് ബഷീറിന് പരാതി നല്‍കി. ഒന്നാം ദിവസ മത്സരത്തിന് ശേഷം മൈതാനം ശുചീകരണം നടത്തിയില്ലെന്നും സിന്തറ്റിക് ട്രാക്കില്‍ ഉപയോഗിക്കാന്‍ പാടില്ലാത്ത സ്‌പൈക്ക് ഉപയോഗിച്ചിട്ടുണ്ടെന്നും പറഞ്ഞാണ് ഗെയിറ്റടച്ചത്. എന്നാല്‍ അത്‌ലറ്റിക് കോച്ച് പണം ആവശ്യപ്പെട്ടെന്നും ആരോപണം ഉയര്‍ന്നിട്ടുണ്ട്.
ഗെയിറ്റ് അടതച്ചതിനെ തുടര്‍ന്ന് അതിരാവിലെ നടക്കേണ്ട നടത്ത മത്സരമുള്‍പ്പെടെ മണിക്കൂറുകള്‍ വൈകിയാണ് ആരംഭിക്കാനായത്. കായിക മേള കമ്മിറ്റി 22,000 രൂപ കെട്ടി വെച്ചിട്ടാണ് ഗ്രൗണ്ട് അനുവദിച്ച് കിട്ടിയത്.
പ്രളയത്തെ തുടര്‍ന്ന് ചിലവ് ചുരുക്കല്‍ ഭാഗമായി ഒഫീഷ്യലുകളെ കുറച്ചതിനെതുടര്‍ന്നുളള നടപടിയാണെന്നും ഒരു കൂട്ടര്‍ വാദിക്കുന്നു.


ഇടതുകൈ ചതിച്ചില്ല; മുസാഫിറിന്റേത് ഗോള്‍ഡന്‍ ത്രോ


തേഞ്ഞിപ്പലം: സബ് ജൂനിയര്‍ ഡിസ്‌കസ് ത്രോ മത്സരത്തില്‍ എല്ലാവരും വലതു കൈ കൊണ്ട് ഡിസ്‌ക് എറിഞ്ഞപ്പോള്‍ താനൂര്‍ ഉപജില്ലയിലെ കുണ്ടൂര്‍ എം.എസ്.ഐ ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍നിന്നെത്തിയ എന്‍. മുസാഫര്‍ ഡിസ്‌കെടുത്തത് ഇടതു കൈയില്‍.
ത്രോയിങ് പിറ്റില്‍ മറ്റുള്ളവര്‍ക്കെല്ലാം അത്ഭുത കാഴ്ചയായിരുന്നു അത്. പങ്കെടുത്ത 35 വലംകൈയന്‍മാരേയും പിന്നിലാക്കി മുസാഫിര്‍ സ്വര്‍ണവും കൊയ്തു. 26.66 മീറ്ററാണ് മുസാഫിര്‍ ഡിസ്‌ക് പറത്തിയത്.
ഉപജില്ലാ മേളയില്‍ 29 മീറ്റര്‍ എറിഞ്ഞിരുന്നു. 200മീറ്റര്‍ ഓട്ടത്തില്‍ വെള്ളിയുണ്ട്. സ്‌കൂളിലെ കായികധ്യാപകന്‍ വി.പി സൈനുദ്ദീനാണ് ഈ സ്വര്‍ണം മുസാഫിര്‍ സമര്‍പ്പിക്കുന്നത്. പന്ത് കളിച്ചു നടക്കുന്നതിനിടെ സൈനുദ്ദീനാണ് ഈ താരത്തെ ത്രോയിങ് പിറ്റിലേക്ക് കൈപിടിച്ചു കൊണ്ടുവന്നത്.
തുടര്‍ന്ന് തിരൂരങ്ങാടി ഓറിയന്റല്‍ ഹൈസ്‌കൂളില്‍നിന്ന് ഇവിടേക്ക് മാറ്റി. പഠനച്ചെലവുകളെല്ലാം സൈനുദ്ദീന്‍ മാസ്റ്റര്‍ ഏറ്റെടുത്തു.

ഈ പാറ്റ്‌ന പയ്യന്‍ ഒരു സംഭവമാ!

തേഞ്ഞിപ്പലം: പങ്കെടുത്ത രണ്ട് ഇനങ്ങളില്‍ റെക്കോര്‍ഡ് നേട്ടത്തോടെ സ്വര്‍ണം കൊയ്ത് ബീഹാര്‍ പാറ്റ്‌ന സ്വദേശിയായ വിദ്യാര്‍ഥി പര്‍വീസ് ആലം. മഞ്ചേരി ഉപജില്ലയെ പ്രതിനിധീകരിച്ച് പി.എച്ച്.എസ്.എസ് പന്തല്ലൂരില്‍ നിന്നെത്തിയ പര്‍വീസ് രണ്ടു ദിവസങ്ങളിലായി 400 മീറ്റര്‍, 600 മീറ്റര്‍ ഓട്ടങ്ങളിലാണ് സ്വര്‍ണം നേടിയത്. രണ്ടിലും റെക്കോര്‍ഡ് സമയം കൊണ്ടാണ് ഓടിയെത്തിയത്. 600 മീറ്റര്‍ 1.32 മിനുറ്റ് കൊണ്ടും 400 മീറ്റര്‍ 56 സെക്കന്റിലുമാണ് ആലം പൂര്‍ത്തിയാക്കിയത്. എട്ട് വര്‍ഷം മുന്‍പ് തയ്യല്‍ ജോലിയുമായി പാണ്ടിക്കാട് എടയാറ്റൂരിത്തിയതാണ് ആലമിന്റെ ഉപ്പ മുഹമ്മദ് അമീനും ഉമ്മ സഹീനയും. ആലം ഒന്നാം ക്ലാസ് മുതല്‍ പന്തല്ലൂര്‍ സ്‌കൂളിലാണ് പഠിക്കുന്നത്.


പരിമിതികള്‍ക്കിടയിലും മിഹ്‌റാസ് സ്വര്‍ണം ചൂടി


തേഞ്ഞിപ്പലം: പരിമിതികള്‍ക്കിടയിലും തന്നിലെ കായികപ്രതിഭയെ വാര്‍ത്തെടുത്ത് മുന്നേറിയ പി.കെ മുഹമ്മദ് മിഹ്‌റാസിന് ജൂനിയര്‍ ബോയ്‌സ് 400 മീറ്ററില്‍ ലഭിച്ച സ്വര്‍ണം കഠിനാധ്വാനത്തിനും ആത്മവിശ്വാസത്തിനുമുള്ള അംഗീകാരം. കല്ലിങ്ങല്‍പറമ്പ് പി.കെ.എം.എസ്.എം.എച്ച്.എസ് സ്‌കൂളിലെ പ്ലസ് വണ്‍ വിദ്യാര്‍ഥിയായ മിഹ്‌റാസ് സ്‌കൂളിലെ പരിമിത സാഹചര്യങ്ങളെ അതിജീവിച്ചാണ് ജില്ലാ കായികോത്സവത്തില്‍ തുടര്‍ച്ചയായ രണ്ടാം വര്‍ഷവും സ്വര്‍ണം ചൂടിയത്.
നാട്ടുകാരനായ ഉബൈദിന്റെ പരിശീലന മികവും മിഹ്‌റാസിന് തുണയായി.
മമ്മുദു, ഖൈറുന്നീസ ദമ്പതികളുടെ മകനാണ്.

 

നടത്തത്തില്‍ മൂന്നാം തവണയും മുഹമ്മദ് റസല്‍തേഞ്ഞിപ്പലം: സീനിയര്‍ ആണ്‍കുട്ടികളുടെ അഞ്ച് കിലോമീറ്റര്‍ നടത്തത്തില്‍ താനൂര്‍ രായിരിമംഗലം എസ്.എം.എം.എച്ച്.എസ് സ്‌കൂളിലെ മുഹമ്മദ് റസല്‍ സ്വര്‍ണം നേടിയത് പരിശീലകനില്ലാതെ. കഴിഞ്ഞ മൂന്ന് വര്‍ഷമായി നടത്ത മത്സരത്തിലെ സ്വര്‍ണം ഈ പ്ലസ്ടു കാരന്റെ കുത്തകയാണ്. കഴിഞ്ഞ രണ്ട് വര്‍ഷങ്ങളിലും സംസ്ഥാനത്ത് ആദ്യ എട്ടുപേരില്‍ ഇടം നേടുകയും ചെയ്തു.
കണ്ണൂര്‍ സ്‌പോര്‍ട്‌സ് ഡിവിഷനിലെ ലിജോയാണ് മത്സരത്തിന് റസലിനെ സഹായിക്കുന്നത്. ഒരു സ്‌പോര്‍ട്‌സ് പരിശീലന ക്യാംപിലാണ് അദ്ദേഹത്തെ പരിചയപ്പെട്ടത്. ഫോണിലൂടെ ലിജോ നല്‍കുന്ന മാര്‍ഗ നിര്‍ദേശങ്ങള്‍ നടപ്പിലാക്കിയാണ് റസല്‍ സ്വര്‍ണം സ്വന്തമാക്കിയത്.
23 മിനുറ്റ് കൊണ്ടാണ് അഞ്ച് കിലോമീറ്റര്‍ ദൂരം നടന്നു പിന്നിട്ടത്.

 

അവര്‍ മടങ്ങി; മെഡലുകളില്ലാതെ


തേഞ്ഞിപ്പലം: ജില്ലാ സ്‌കൂള്‍ കായികോത്സവത്തില്‍ നേട്ടം കൊയ്തവര്‍ ഇത്തവണ മടങ്ങിയത് മെഡലുകളില്ലാതെ. പ്രളയക്കെടുതിയുടെ പശ്ചാത്തലത്തില്‍ ചെലവ് ചുരുക്കലിന്റെ ഭാഗമായിട്ടാണ് മെഡലുകളും ട്രോഫിയും ഒഴിവാക്കിയത്. എങ്കിലും സര്‍ട്ടിഫിക്കറ്റുകള്‍ നല്‍കിയിട്ടുണ്ട്.
സാധാരണ മൂന്ന് ദിവസങ്ങളില്‍ നടന്നിരുന്ന ജില്ലാ സ്‌കൂള്‍ കായികോത്സവം ഇത്തവണ രണ്ടു ദിവസത്തോടെ സമാപിച്ചു. ചെലവ് ചുരുക്കുന്നതിന്റെ ഭാഗമായി ഉദ്ഘാടന പരിപാടിയും സമാപനചടങ്ങും ഒഴിവാക്കിയാണ് കായികോത്സവം നടന്നത്. ചെലവ് ചുരുക്കലിന്റെ ഭാഗമായി തന്നെ ജില്ലാ മത്സരത്തില്‍ മൂന്നാം സ്ഥാനം ലഭിച്ചവര്‍ക്ക് സംസ്ഥാനതലത്തില്‍ മത്സരിക്കാന്‍ അവസരം നിഷേധിച്ചത് വിദ്യാര്‍ഥികളുടെ ഭാവിയെ അവതാളത്തിലാക്കും.
സംസ്ഥാനതലത്തില്‍ ആദ്യ എട്ടു സ്ഥാനങ്ങളില്‍ എത്തുന്നവര്‍ക്ക് ഗ്രേസ് മാര്‍ക്ക് ലഭിക്കാറുണ്ട്. ജില്ലകളില്‍നിന്ന് മൂന്നാം സ്ഥാനം നേടിയെത്തുന്നവരില്‍ പലരും സംസ്ഥാന തലത്തില്‍ ആദ്യ എട്ടില്‍ എത്താറുണ്ട്. ഇത് മൂലം വിദ്യാര്‍ഥികളുടെ തുടര്‍ പരിശീലനത്തിനും വിദ്യാഭ്യാസ പുരോഗതിക്കും അവസരമുണ്ടായിരുന്നു. ജില്ലകളിലെ മൂന്നാം സ്ഥാനക്കാരെ സംസ്ഥാന മീറ്റില്‍ മത്സരിപ്പിക്കേണ്ടതില്ലെന്ന തീരുമാനം സംസ്ഥാനത്തെ ആയിരക്കണക്കിന് വിദ്യാര്‍ഥികള്‍ക്കാണ് ഇത്തവണ അവസരം നിഷേധിക്കുന്നത്.Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."