HOME
DETAILS

കാടിറങ്ങുന്ന കലി കണ്ണീരണിയിക്കുന്നത് ആദിവാസി കുടുംബങ്ങളെ

  
backup
June 09 2017 | 23:06 PM

%e0%b4%95%e0%b4%be%e0%b4%9f%e0%b4%bf%e0%b4%b1%e0%b4%99%e0%b5%8d%e0%b4%99%e0%b5%81%e0%b4%a8%e0%b5%8d%e0%b4%a8-%e0%b4%95%e0%b4%b2%e0%b4%bf-%e0%b4%95%e0%b4%a3%e0%b5%8d%e0%b4%a3%e0%b5%80%e0%b4%b0%e0%b4%a3

തൊടുപുഴ: കലിയിളകിയ കാട്ടുകൊമ്പന്മാര്‍ കാടിറങ്ങി നാട്ടില്‍ നാശം വിതയ്ക്കുമ്പോള്‍ മരണം മുന്നില്‍ കണ്ട് ഉറക്കമില്ലാത്ത ഒരുജനതയുടെ വര്‍ഷങ്ങളായുള്ള ദുരിത ജീവിതം ആരും കാണുന്നില്ല. കാട്ടാനയുടെ താണ്ഡവ വിളയാട്ടത്തില്‍ മക്കളെ നഷ്ടപ്പെട്ട അമ്മമാരും, അച്ഛനെ നഷ്ടപ്പെട്ട കുരുന്നുകളും, ഭര്‍ത്താവിനെ നഷ്ടപ്പെട്ട  സ്ത്രീകളും  നിരവധിയാണ് ചിന്നക്കനാല്‍ സിങ്കുകണ്ടം മുന്നൂറ്റിയൊന്ന് കോളനിയില്‍. ആദിവാസികളായ ജനവിഭാഗങ്ങള്‍ക്ക് ഭൂമി പതിച്ചുനല്‍കി പാര്‍പ്പിച്ചതാണ് സിങ്കുകണ്ടം മുന്നൂറ്റിയൊന്ന് കോളനിയും പന്തടിക്കളം കോളനിയും.
കാട്ടാനയുടെ ആവാസ കേന്ദ്രമായ ഇവിടെ കാടിന്റെ മക്കളെ കബിളിപ്പിച്ച് കുടിയിരുത്തികയായിരുന്നു . വീടുകള്‍ വച്ച് താമസം തുടങ്ങിയ അന്നുമുല്‍ ഇവരുടെ ദുരിത ജീവിതത്തിന്റെ ആരംഭം കുറിച്ചു.  ആനത്താരകളില്‍ ആള്‍ത്താമസം തുടങ്ങിയതോടെ ഇവ കൂട്ടത്തോടെ നാട്ടിലേയ്ക്ക് ഇറങ്ങുകയും ചെയ്തു. കോളനികളില്‍ കാട്ടാനകൂട്ടം നാശം വിതച്ച് കൃഷികള്‍ നശിപ്പിക്കുവാന്‍ തുടങ്ങിയതോടെ ആനയും ആളുകളും തമ്മിലുള്ള ശത്രുതയും ആരംഭിച്ചു. കാട്ടാന ജനവാസ മേഖലയിലേയ്ക്ക് ഇറങ്ങാതിരിതക്കുന്നതിന് വേണ്ടി അധികൃതര്‍ ഒരുവിധ നടപടികളും ഒരിക്കലും സ്വീകരിച്ചിട്ടില്ല എന്നുതന്നെ പറായാം. ആനയെ പാട്ടകൊട്ടിയും കല്ലെറിഞ്ഞും പടക്കം പൊട്ടിച്ചും വിരട്ടിയോടിയ്ക്കുവാന്‍ തുടങ്ങിയതോടെ ആനപ്പകയും തുടങ്ങി. പിന്നീട് തുടരെ, തുടരെ കോളനികളിലേയ്ക്ക് ഇറങ്ങുന്ന കാട്ടാനക്കൂട്ടം വീടുകള്‍ ഇടിച്ച് നിരത്തിയും കൃഷികള്‍ നശിപ്പിച്ചും മനുഷ്യ ജീവനുകള്‍ ചവിട്ടിമെതിച്ചും താണ്ഡവ നൃത്തം തുടര്‍ന്നു. കുട്ടികളെ തനിച്ചാക്കി കൂലിപ്പണിയ്ക്ക് പോകുവാന്‍ കഴിയാത്ത അവസ്ഥ. പുറത്ത് പോയവര്‍ തിരിച്ച് വീട്ടിലെത്തുന്നത് വരെ സ്ത്രീകള്‍ ഉള്ളുരുകി പ്രാര്‍ത്ഥനയോടെ കാത്തിരിക്കും പ്രീയപ്പെട്ടവര്‍ക്കായി. പലപ്പോഴും ആ പ്രാര്‍ത്ഥനകള്‍ കേള്‍ക്കാതെ പോകുന്നുണ്ട് അതുകൊണ്ട് തന്നെ കഴിഞ്ഞ പത്തുവര്‍ഷത്തിനുള്ളില്‍ കാട്ടാനയുടെ അക്രമണത്തില്‍ അമ്പതിലധികം ആളുകളാണ് കൊല്ലപ്പെട്ടിട്ടുള്ളത്. നൂറിലധികം വീടുകള്‍ ഇടിച്ച് നിരത്തിയിട്ടുണ്ട്. ഓരോ വര്‍ഷവും പട്ടിണിയില്‍ നിന്നും കരകയറുന്നതിന് വേണ്ടി മുണ്ടുമുറുക്കിയുടുത്ത് നട്ടുണ്ടാക്കുന്ന കൃഷി ദേഹണ്ണങ്ങള്‍ കാട്ടുകൊമ്പന്മാര്‍ ചവിട്ടി മെതിയ്ക്കുകയാണ് ചെയ്യുന്നത്.
കാടിന്റെ മക്കളെ നാടിന്റെ മക്കളാക്കി മാറ്റിയെടുക്കുന്നതിന് വേണ്ടി വീടുവച്ച് നല്‍കി സര്‍ക്കാര്‍ കുടിയിരുത്തിയത് ആനത്താവളത്തിന് നടുവിലാണ് . ഇവരെ ഇവിടെ നിന്നും മാറ്റി പാര്‍പ്പിയ്ക്കുന്നതിന് സര്‍ക്കാര്‍ തന്നെ വേണ്ടത് ചെയ്തില്ലെങ്കില്‍ കാട്ടാനയുടെ കാല്‍ചുവട്ടില്‍ ഇവരുടെ ജീവിതം അവസാനിക്കുമെന്നതിന് സംശയമില്ല.

Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."