ഭീമന്‍ കടല്‍പാലത്തില്‍ വാഹനമോടിത്തുടങ്ങി
ബെയ്ജിങ്: ലോകത്തെ ഏറ്റവും നീളമേറിയ കടല്‍പാലം ചൈനീസ് പ്രസിഡന്റ് ഷി ജിന്‍പിങ് നാടിനു സമര്‍പ്പിച്ചു. ചൈനയിലെ സ്വയംഭരണ പ്രദേശങ്ങളായ ഹോങ്കോങ്, മക്കാവു എന്നിവയെ ബന്ധിപ്പിക്കുന്ന ഭീമന്‍ കടല്‍പാലമാണു വര്‍ഷങ്ങളുടെ കാത്തിരിപ്പിനൊടുവില്‍ ഔദ്യോഗികമായി ഗതാഗതത്തിനു തുറന്നത്. 55 കി.മീറ്റര്‍ നീളമുള്ള ഹോങ്കോങ്ങിലെ ലന്താവു ദ്വീപില്‍നിന്നു തുടങ്ങി മക്കാവു, സുഹായി എന്നിവിടങ്ങളിലേക്കു രണ്ടായി പിരിഞ്ഞാണ് അവസാനിക്കുന്നത്. ലോകത്തെ തന്നെ പുതിയ മഹാത്ഭുതമായി പാലം വിശേഷിപ്പിക്കപ്പെട്ടുകഴിഞ്ഞിട്ടുണ്ട്.
ചൈനയാണ് പാലം നിര്‍മിച്ചത്. 20 ബില്യന്‍ ഡോളറാണ്(ഏകദേശം 14,70,96,00,00,000 രൂപ) പാലം നിര്‍മാണത്തിനു ചെലവായത്. നാല് ലക്ഷം ടണ്‍ സ്റ്റീല്‍ നിര്‍മാണത്തിന് ഉപയോഗിച്ചു. 60 ഈഫല്‍ ടവറുകള്‍ നിര്‍മാക്കാന്‍ പോന്നതാണ് ഇത്രയും സ്റ്റീല്‍. 2016ല്‍ നിര്‍മാണം പൂര്‍ത്തിയായി ഗതാഗതത്തിനു തുറന്നുകൊടുക്കേണ്ടതായിരുന്നു പാലം. എന്നാല്‍, സുരക്ഷാ പ്രശ്‌നങ്ങളെ തുടര്‍ന്ന് ഇതു നീളുകയായിരുന്നു. നിര്‍മാണത്തിന്റെ ഭാഗമായി 18 തൊഴിലാളികള്‍ക്കു ജീവന്‍ നഷ്ടമായിട്ടുണ്ട്.
ഇന്നലെ ചൈനീസ് നഗരമായ സുഹായില്‍ നടന്ന ചടങ്ങില്‍ ജിന്‍പിങ്ങിനു പുറമെ മക്കാവു, ഹോങ്കോങ് ഭരണാധികാരികളും പങ്കെടുത്തു. ഇന്നലെ നിയന്ത്രണത്തോടെ പാലം വഴി ബസ് സര്‍വിസും ആരംഭിച്ചിട്ടുണ്ട്.
2009 ഡിസംബറിലാണു നിര്‍മാണ പ്രവൃത്തികള്‍ക്കു തുടക്കമായത്. പാലത്തിനു താഴെ രണ്ടു കൃത്രിമ ദ്വീപുകള്‍ നിര്‍മിച്ചിട്ടുണ്ട്. അതിനു പുറമെ ഇതോടനുബന്ധിച്ച് കപ്പലുകള്‍ക്കു കടന്നുപോകാനായി ജലതുരങ്കങ്ങളും സ്ഥാപിച്ചു. 68 ദശലക്ഷം ജനങ്ങള്‍ അധിവസിക്കുന്ന മേഖലയിലൂടെയാണു പാലം കടന്നുപോകുന്നത്. പാലം തുറന്നതോടെ നേരത്തെ ഹോങ്കോങ്ങിനും സുഹായിക്കുമിടയിലുണ്ടായിരുന്ന നാലു മണിക്കൂര്‍ യാത്രാദൂരം 30 മിനിറ്റായി ചുരുങ്ങിയിട്ടുണ്ട്.
ലോകത്തിലെ ഏറ്റവും നീളമേറിയ ഹോങ്കോങ്-മക്കാവു കടല്‍പാലത്തിന്റെ രാത്രിദൃശ്യം. ഇന്നലെയാണ് ചൈനീസ് പ്രസിഡന്റ് ഷി ജിന്‍പിങ് പാലം ഗതാഗതത്തിനായി തുറന്നുകൊടുത്തത്
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."