ഗുരുവായൂരില്‍ രോഗ പ്രതിരോധ നടപടികള്‍ ശക്തമാക്കാന്‍ തീരുമാനം
ചാവക്കാട്: ഗുരുവായൂര്‍ നിയോജകമണ്ഡലത്തില്‍ മഴക്കാല രോഗ പ്രതിരോധ നടപടികള്‍ ശക്തമാക്കാന്‍ തീരുമാനം. മഴക്കാല രോഗ പ്രതിരോധ പ്രവര്‍ത്തനങ്ങളെക്കുറിച്ച് ചര്‍ച്ച കെ.വി അബ്ദുല്‍ ഖാദര്‍ എം.എല്‍.എ വിളിച്ചു ചേര്‍ത്ത ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥരുടെയും ജനപ്രതിനിധികളുടെയും യോഗത്തിലാണീ തീരുമാനം.
ദേശീയപാത, പൊതുമരാമത്ത് തുടങ്ങിയ വകുപ്പുകള്‍ക്ക് കീഴിലുള്ള റോഡുകളുടെ കാനകളും അരികും ശുചീകരിക്കാത്തതിനെതിരെ യോഗത്തില്‍ പങ്കെടുത്ത ജനപ്രതിനിധികള്‍ വ്യാപകമായി പരാതി ഉന്നയയിച്ചു.എല്ലാ വര്‍ഷവും ദേശീയപാത, പൊതുമരാമത്ത് റോഡുകളുടെ കാനകളും അരികും വൃത്തിയാക്കിയിരുന്നതായി ജനപ്രതിനിധികള്‍ ചൂണ്ടിക്കാട്ടി. ഈ വര്‍ഷം മഴക്കാലം തുടങ്ങിയിട്ടും വകുപ്പ് അധികൃതര്‍ ശുചീകരണ നടപടി സ്വീകരിക്കാത്തതില്‍ ജനപ്രതിനിധികള്‍ എം.എല്‍.എ.യെ പ്രതിഷേധം അറിയിച്ചു.
ഇതരസംസ്ഥാന തൊഴിലാളികള്‍ താമസിക്കുന്ന ഇടങ്ങളില്‍ ആരോഗ്യവകുപ്പ് അധികൃതര്‍ കൂടുതല്‍ ശ്രദ്ധ പതിപ്പിക്കേണ്ടതുണ്ടെന്ന് ചാവക്കാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഉമ്മര്‍ മുക്കണ്ടത്ത് പറഞ്ഞു. ഗുരുവായൂര്‍ നഗരസഭ ട്രഞ്ചിങ് ഗ്രൗണ്ടില്‍ മഴ പെയ്ത് ചെളി നിറഞ്ഞതിനാല്‍ മാലിന്യവുമായെത്തുന്ന വണ്ടികള്‍ താഴുന്നത് പ്രതിസന്ധിയുണ്ടാക്കുന്നതായി നഗരസഭ ആരോഗ്യ സ്ഥിരം സമിതി അധ്യക്ഷ എം. രതി പറഞ്ഞു. ട്രഞ്ചിങ് ഗ്രൗണ്ടില്‍ വണ്ടി താഴാതിരിക്കാന്‍ ക്വാറി മണ്ണിടാന്‍ എം.എല്‍.എ. നടപടി സ്വീകരിക്കണമെന്നും അവര്‍ ആവശ്യപ്പെട്ടു.
ഒരുമനയൂര്‍ പഞ്ചായത്ത് ഫെറി റോഡില്‍ വെള്ളത്തില്‍ കിടക്കുന്ന പൈപ്പുകള്‍ മാറ്റാന്‍ നടപടി വേണമെന്ന് വൈസ് പ്രസിഡന്റ് അഷിത കുണ്ടിയത്ത് ആവശ്യപ്പെട്ടു. കഴിഞ്ഞ വര്‍ഷം പകര്‍ച്ചവ്യാധികള്‍ റിപ്പോര്‍ട്ട് ചെയ്ത പ്രദേശമാണിതെന്നും വൈസ് പ്രസിഡന്റ് ചൂണ്ടിക്കാട്ടി.
മഴക്കാല രോഗങ്ങള്‍ തടയുന്നതിനായി ഇതുവരെ ചെയ്ത പ്രവര്‍ത്തനങ്ങള്‍ അതത് തദ്ദേശ സ്ഥാപനങ്ങളില്‍ നിന്നുള്ള ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥര്‍ യോഗത്തില്‍ വിശദീകരിച്ചു.
ഗുരുവായൂര്‍, ചാവക്കാട് നഗര സഭകളിലും മണ്ഡല പരിധിയിലെ പഞ്ചായത്തുകളിലും പ്രതിരോധ ബോധവല്‍ക്കരണ പരിപാടികള്‍ സജീവമായി ഇതിനകം നടന്നുകഴിഞ്ഞു. കൊതുകു വളരാനിടയുള്ള സ്ഥലങ്ങളില്‍ ഫോഗിംഗ് ഉള്‍പ്പെടെ നടത്തുന്നുണ്ടെന്ന് യോഗത്തില്‍ ഉദ്യോഗസ്ഥര്‍ അറിയിച്ചു.
പരിസര ശുചീകരണത്തെ സംബന്ധിച്ച ബോധവല്‍ക്കരണത്തിന്റെ ഭാഗമായി വീടുകളില്‍ നോട്ടീസ് വിതരണം നടന്നു. പ്രാഥമികാരോഗ്യ കേന്ദ്രങ്ങളില്‍ ആവശ്യത്തിന് മരുന്നുകള്‍ എത്തിച്ചിട്ടുണ്ടെന്ന് ഡി.എം.ഒ സുവിത വ്യക്തമാക്കി.
അത്യാവശ്യ സന്ദര്‍ഭങ്ങളില്‍ എന്‍.ആര്‍.എം.എച്ച്.എം ഡോക്ടര്‍മാരുടെയും പാരാ മെഡിക്കല്‍ ജീവനക്കാരുടെയും അധിക സേവനം ലഭ്യമാക്കാമെന്നും അവരറിയിച്ചു.വയറിളക്കം അനുഭവപ്പെട്ടാല്‍ നല്‍കുന്നതിനുള്ള ഒ.ആര്‍.എസ് എല്ലാ സബ്‌സെന്ററുകളിലും ആശ പ്രവര്‍ത്തകരുടെ വീടുകളിലും സ്‌റ്റോക്ക് ചെയ്തിട്ടുണ്ട്.
പനി പ്രതിരോധിക്കുന്നതിന് ആയുര്‍വ്വേദ, ഹോമിയോ വിഭാഗങ്ങളും സജ്ജമാണെന്ന് യോഗത്തെ അറിയിച്ചു. ചാവക്കാട് ഗവ.റെസ്റ്റ് ഹൗസില്‍ നടന്ന യോഗത്തില്‍ കെ.വി അബ്ദുള്‍ ഖാദര്‍ എം.എല്‍.എ അധ്യക്ഷനായി.
ചാവക്കാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഉമര്‍ മുക്കണ്ടത്ത്, പുന്നയൂര്‍ക്കുളം പഞ്ചായത്ത് പ്രസിഡന്റ് എ.ഡി ധനീപ്, പുന്നയൂര്‍ പഞ്ചായത്ത് പ്രസിഡന്റ് നഫിസക്കുട്ടി വലിയകത്ത്, കടപ്പുറം പഞ്ചായത്ത് പ്രസിഡന്റ് പി.എം മുജീബ്, ഒരുമനയൂര്‍ പഞ്ചായത്ത് പ്രസിഡന്റ് കെ.ജെ ചാക്കോ, വടക്കേകാട് പഞ്ചായത്ത് വൈസ് പ്രസിഡണ്ട് എന്‍. എം.കെ നബീല്‍, ഗുരുവായൂര്‍ നഗര സഭാ ആരോഗ്യ സ്ഥിരം സമിതി അധ്യക്ഷ എം രതി, ചാവക്കാട് നഗര സഭാ ആരോഗ്യ സ്ഥിരം സമിതി അധ്യക്ഷന്‍ ഏ.എ മഹേന്ദ്രന്‍, ഏങ്ങണ്ടിയൂര്‍ പഞ്ചായത്ത് ആരോഗ്യ സ്ഥിരം സമിതി അധ്യക്ഷ, ഇന്ദിര, അഷറഫ് പാവൂരയില്‍ എന്നിവര്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."